നോട്ട് നിരോധനം മറികടക്കാന്‍ ഹൗസ്‌ബോട്ടുകള്‍ ഹൈടെക്ക് ആക്കുന്നു

നോട്ട് നിരോധനം മൂലം വിനോദസഞ്ചാര മേഖലക്കുണ്ടായ മാന്ദ്യം മറികടക്കാന്‍ ഹൗസ് ബോട്ടുകള്‍ ഹൈടെക് ആകുന്നു. ജില്ലാ ഭരണകൂടവും അങ്കമാലി കേന്ദ്രമായുള്ള ഐ.ടി സ്റ്റാര്‍ട്ട് അപ്പും ചേര്‍ന്നാണ് ഹൗസ്‌ബോട്ട് ടൂറിസം മേഖലയെ ഡിജിറ്റലും ക്യാഷ്‌ലെസ്സുമാക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത്.

ഹൗസ് ബോട്ട് ഓപ്പറേറ്റര്‍മാര്‍ക്കെന്ന പോലെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്കിത് ഏറെ പ്രയോജനകരമാകുമെന്ന വിലയിരുത്തലിലാണ് സംസ്ഥാന ടൂറിസം വകുപ്പ്. ഹൗസ്‌ബോട്ട് മേഖലയില്‍ ഏറ്റവുമധികം തിരക്കനുഭവപ്പെടുന്ന ക്രിസ്തുമസ്, പുതുവര്‍ഷ സീസണ്‍ ലക്ഷ്യമാക്കി അടുത്ത ആഴ്ച തന്നെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ്് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ നീക്കം. വിനോദസഞ്ചാരികള്‍ക്ക് മൊബൈല്‍ ഫോണ്‍ മുഖേന അവരുടെ താല്‍പര്യത്തിനും ബജറ്റിനും അനുസരിച്ചുള്ള ഹൗസ്‌ബോട്ട് തിരഞ്ഞെടുക്കാനും ബില്ലുകള്‍ അടക്കാനും സാധിക്കുമെന്നതാണിതിന്റെ പ്രത്യേകത. ഇതിന്റെ ഭാഗമായി എല്ലാ ഹൗസ്‌ബോട്ടുകളിലും ജി.പി.എസ് സംവിധാനവും ഏര്‍പ്പെടുത്തും. ിതോടെ ടൂറിസം വകുപ്പിനും ജില്ലാ ഭരണകൂടത്തിനും ഓരോ ഹൗസ്‌ബോട്ടും ഏത് പ്രദേശത്താണുള്ളതെന്ന് കൃത്യമായി അറിയാന്‍ കഴിയും. രാത്രികാല സവാരി നിരോധനമുള്ള ഘട്ടങ്ങളില്‍ നിരോധനം മറികടന്ന് കായല്‍മധ്യത്തില്‍ നങ്കൂരമിടുന്ന ഹൗസ് ബോട്ടുകളെ പിടികൂടാനും ജി.പി.എസ് സംവിധാനം നിലവില്‍ വരുന്നതോടെ സാധിക്കും.

അങ്കമാലി കെ.എസ്.ഐ.ഡി.സി കാമ്പസിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ വെഹിക്കിള്‍ സേഫ്റ്റി ട്രിപ്പ്(വെഹിക്കിള്‍ എസ്.ടി) ആണ് പുതിയ മൊബൈല്‍ ആപ് വികസിപ്പിച്ചെടുത്തത്. ചേര്‍ത്തല പള്ളിപ്പുറം ഇന്‍ഫോപാര്‍ക്കിന്റെ സാങ്കേതിക പിന്തുണയോടെയാണ് ജില്ലാ ഭരണകൂടം ഈ സംവിധാനം പ്രവര്‍ത്തിപ്പിക്കുക. ഗൂഗിള്‍ പ്ലേയില്‍ നിന്ന് ‘വെഹിക്കിള്‍ എസ്.ടി’ എന്നആപ് ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി സി.ഇ.ഒ ആല്‍വിന്‍ ജോര്‍ജ് പറഞ്ഞു.

ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്ലിക്കേഷനിലെ ഹൗസ്‌ബോട്ട് വിഭാഗത്തില്‍ പ്രവേശിച്ചാല്‍ തങ്ങളുടെ താല്‍പര്യത്തിനനുസരിച്ച ഹൗസ് ബോട്ടുകളുടെ വിവരങ്ങള്‍ വിനോദസഞ്ചാരികള്‍ക്ക് കാണാന്‍ കഴിയും. വിവിധതരം ഹൗസ്‌ബോട്ടുകള്‍, അവയിലെ സൗകര്യങ്ങള്‍, നിരക്കുകള്‍, ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ ഇ-മെയില്‍ വിലാസങ്ങള്‍ തുടങ്ങിയവയും ലഭിക്കും. വിനോദസഞ്ചാരികള്‍ തങ്ങളുടെ ആവശ്യങ്ങളും യാത്രാ തീയതിയും ഹൗസ്‌ബോട്ട് ഓപ്പറേറ്റര്‍മാരെ അറിയിക്കുകയും അവരുടെ സേവന സൗകര്യങ്ങളെക്കുറിച്ച് ചോദിച്ചറിയാനും മൊബൈല്‍ ആപ്പ് വഴി സാധിക്കും. മറ്റആരുടെയും സഹായം കൂടാതെ തങ്ങള്‍ ബുക്ക് ചെയ്ത ഹൗസ് ബോട്ടില്‍ എത്തിപ്പെടുന്നതിനുള്ള ലൊക്കേഷന്‍ അടക്കം ഓപ്പറേറ്റര്‍മാര്‍ കൈമാറുന്നതോടെ ഇടനിലക്കാരുടെ ചൂഷണത്തില്‍ നിന്ന് രക്ഷനേടാനും മൊബൈല്‍ ആപ്ലിക്കേഷന്‍ സഹായിക്കുമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ എം. നവീന്‍ദേവ് പറഞ്ഞു.

ഹൗസ്‌ബോട്ട് യാത്രക്കിടെ ഇതില്‍ സ്ഥാപിച്ചിട്ടുള്ള മോണിട്ടറിലൂടെ തങ്ങള്‍ യാത്ര ചെയ്യുന്ന പ്രദേശത്തെക്കുറിച്ചുള്ള വിവരങ്ങളും റൂട്ടും മറ്റും കൃത്യമായി അറിയാന്‍ കഴിയും. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് വ്യാപാര സ്ഥാപനങ്ങളുടെയും മറ്റും പരസ്യങ്ങളും ഇതിലൂടെ പ്രദര്‍ശിപ്പിക്കും. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന ഈ സാങ്കേതിക വിദ്യ ലഭ്യമാകുന്നതിന് ഹൗസ്‌ബോട്ട് ഓപ്പറേറ്റര്‍ 24,000 രൂപയാണ് ചെലവഴിക്കേണ്ടത്. പദ്ധതിയുടെ ഭാഗമായി സൈ്വപ്പ് മെഷീന്‍, ജി.പി.എസ്, എല്‍.ഇ.ഡി മോണിറ്റര്‍ എന്നിവ കമ്പനി നേരിട്ടു തന്നെ ഹൗസ്‌ബോട്ടുകളില്‍ സ്ഥാപിച്ചു നല്‍കും. ക്യാഷ്‌ലെസ്, ഡിജിറ്റല്‍ ക്യാഷ് സംവിധാനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും നോട്ട് നിരോധനം മൂലമുണ്ടായിട്ടുള്ള പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനുമുള്ള ഹൈടെക് സംവിധാനം സ്വാഗതം ചെയ്യുന്നതായി ഹൗസ് ബോട്ടുടമകളും പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ