ഐഫോണിന് ഇനി വിലകുറയും; ബാംഗ്ളൂരിൽ നിര്‍മ്മാണ യൂണിറ്റ് തുടങ്ങും

 

ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ബാംഗ്ളൂരിൽ  ഫാക്റ്ററി ആരംഭിക്കുന്നു. അധികം വൈകാതെ  ഇന്ത്യന്‍ ഉപഭോക്താക്കൾക്ക് ആവശ്യമുള്ള ഐഫോണുകൾ  ഇവിടെ നിന്ന് പുറത്തിറങ്ങും . ആപ്പിളിനു വേണ്ടി തായ്‌വാനിൽ നിന്നുമുള്ള നിർമ്മാതാക്കളായ വിസ്ട്രണ്‍ ആണ് ബാംഗ്ളൂരിലെ പീനിയയില്‍  നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കുന്നത്. അടുത്ത വർഷം  പകുതിയോടെ ഫാക്റ്ററി  പ്രവര്‍ത്തിച്ച് തുടങ്ങുമെന്നാണ്  പ്രതീക്ഷിക്കുന്നത് .

ഇന്ത്യയില്‍ നിര്‍മ്മാണ യൂണിറ്റ് തുടങ്ങുന്നതോടെ ഐഫോണിന്  നിലവിലുള്ള 12.5 ശതമാനം ഇറക്കുമതി  തീരുവ ഒഴിവാകും . നിർമ്മാതാക്കൾ ഇതുവഴി  ഉണ്ടാകുന്ന വൻ ലാഭം ഒഴിവാക്കി അത് ഉപഭോകാതാക്കൾക്ക് കൈമാറാൻ തയാറായാൽ  ഐഫോണ്‍ ഇന്ത്യന്‍ വിപണിയില്‍  കുറഞ്ഞ വിലയ്ക്ക് എത്തും.

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായി മഹാരാഷ്ട്രയില്‍ നിര്‍മ്മാണ യൂണിറ്റ് ആരംഭിക്കാന്‍ തായ്‌വാനിലെ ഫോക്‌സ്‌കോണ്‍ കമ്പനിയുമായി നേരത്തെ ആപ്പിള്‍ കരാര്‍ ഉണ്ടാക്കിയിരുന്നു. പിന്നീട് സാങ്കേതിക കാരണങ്ങളാൽ  ആ പദ്ധതി ഉപേക്ഷിക്കുകയിരുന്നു.

ബാംഗ്ളൂരിലെ ആപ്പിളിന്റെ രണ്ടാമത്തെ വലിയ പദ്ധതിയാണിത്. ആപ്പിള്‍ ടിവിയ്ക്കും ആപ്പിള്‍ വാച്ചിനുമുള്ള ആപ്പ്/ ഒഎസ് നിര്‍മ്മാണം  ബാംഗ്ളൂരിൽ ആരംഭിക്കുമെന്ന് നേരത്തെ തന്നെ കമ്പനി  പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ സോഫ്റ്റ് വെയർ ഡെവലപ്പര്‍മാര്‍ക്ക് കൂടുതല്‍  അവസരങ്ങൾ  നല്‍കുന്ന ഈ സംവിധാനം ഉടൻ പ്രവര്‍ത്തനം ആരംഭിക്കും. ആപ്പിള്‍ ഇന്ത്യന്‍ വിപണിയെ അതീവ പ്രാധാന്യത്തോടെയാണ് കാണുന്നത് .ലോക വിപണിയിൽ ആപ്പിൾ ഫോണുകളുടെ വിൽപ്പന കുറഞ്ഞപ്പോൾ ഇന്ത്യയിൽ കുതിച്ച് കയറുകയായിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ