ഇന്ത്യയുടെ 58 ശതമാനം സമ്പത്തും ഒരു ശതമാനം ധനികരുടെ കൈയിലെന്ന് പഠനം

ലോകത്തെ ദരിദ്രജനവിഭാഗങ്ങളില്‍ അമ്പത് ശതമാനം പേരുടെ കൈവശമുള്ളതിന് സമാനമാണ് എട്ട് കോടീശ്വരന്മാരുടെ ആസ്തി

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 58 ലക്ഷം കുട്ടികള്‍ തൊഴിലാളികള്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്നു

ഇന്ത്യയിലെ 58 ശതമാനം സമ്പത്തും രാജ്യത്തെ ഒരു ശതമാനം മാത്രം വരുന്ന സമ്പന്നരുടെ കൈവശമാണെന്ന് ഓക്സ്ഫാം എന്ന സന്നദ്ധ സംഘടന പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. അന്താരാഷ്ട്ര ശരാശരിയെക്കാള്‍ കൂടുതലാണിത്. അന്താരാഷ്ട്രതലത്തില്‍ അമ്പത് ശതമാനം സമ്പത്താണ് ഒരു ശതമാനം പേരുടെ കൈവശമുള്ളത്. രാജ്യത്തെ 70 ശതമാനം ജനങ്ങളുടെ കൈവശമുള്ള സമ്പത്തിന് സമാനമാണ് 57 ശതകോടീശ്വരന്മാരുടെ കൈവശമുള്ളത്. 84 ശതകോടീശ്വരന്മാരാണ് രാജ്യത്തുള്ളതെന്നും ഇവരുടെ ആകെ ആസ്തി 248 ബില്ല്യണ്‍ ഡോളര്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്ത 20 വര്‍ഷത്തില്‍ 500 പേര്‍ അടുത്ത തലമുറയിലേക്ക് കൈമാറുന്ന സമ്പത്ത് ഇന്ത്യയിലെ ജിഡിപിയെക്കാള്‍ കൂടുതലായിരിക്കുമെന്നും പഠനത്തിലുണ്ട്. ലോകത്തെ ദരിദ്രജനവിഭാഗങ്ങളില്‍ അമ്പത് ശതമാനം പേരുടെ കൈവശമുള്ളതിന് സമാനമാണ് എട്ട് കോടീശ്വരന്മാരുടെ ആസ്തി. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനുള്ളില്‍ പത്ത് ശതമാനം ദരിദ്രരുടെ വരുമാനത്തില്‍ 15 ശതമാനം ഇടിവുണ്ടെന്നും രിപ്പോര്‍ട്ടിലുണ്ട്. അതേസമയം ഇക്കാലയളവില്‍ ഇന്ത്യ, ചൈന, ഇന്തോനേഷ്യ, ലാവോസ്, ബംഗ്ലാദേസ്, ശ്രീലങ്ക എന്നീ രാജ്യങ്ങളില്‍ പത്ത് ശതമാനം സമ്പന്നരുടെ വരുമാനത്തില്‍ 15 ശതമാനം വര്‍ദ്ധനവുണ്ടായെന്നും പഠനം വ്യക്തമാക്കുന്നു. ഇന്ത്യയിലെ പ്രധാനപ്പെട്ട ഐടി കമ്പനിയുടെ സിഇഒയ്ക്ക് അവിടുത്തെ ശരാശരി തൊഴിലാളിയെക്കാള്‍ 416 മടങ്ങ് ശമ്പളമാണ് ലഭിക്കുന്നത്. രാജ്യത്തെ തുണിമില്ലുകളില്‍ ജോലി ചെയ്യാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാകുന്നു.

ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്കനുസരിച്ച് 58 ലക്ഷം കുട്ടികള്‍ തൊഴിലാളികള്‍ ഇന്ത്യയില്‍ തൊഴിലെടുക്കുന്നുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇന്ത്യയിലെ തൊഴിലിടങ്ങളില്‍ വേതനത്തിന്റെ കാര്യത്തിലെ സ്ത്രീ പുരുഷ അന്തരം കൂടുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരേ ജോലിയ്ക്ക് പുരുഷനെക്കാള്‍ 30 ശതമാനത്തിലേറെ കുറവ് വേതനമാണ് സ്ത്രീകള്‍ക്ക് ലഭിക്കുന്നത്. രാജ്യത്തെ 60 ശതമാനം സ്ത്രീകളും കുറഞ്ഞ വേതനമാണ് ലഭിക്കുന്നത്. ഉയന്ന വരുമാനം ലഭിക്കുന്ന സ്ത്രീകള്‍ 15 ശതമാനം മാത്രമാണ്. രാജ്യത്തെ സ്ത്രീകളില്‍ നാല്‍പത് ശതമാനത്തിലേറെ ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. ഇവരില്‍ ഭൂരിഭാഗവും കൃഷിയുമായി ബന്ധപ്പെട്ടാണ് ഉപജീവനം നടത്തുന്നത്.

എന്നാല്‍ ഇവര്‍ കൃഷിക്കാരായി പരിഗണിക്കപ്പെടാതിരിക്കുന്നവരും സ്വന്തമായി ഭൂമിയുടെ അവകാശം ഇല്ലാത്തവരുമാണ്. സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഫലം ഇവരില്‍ മിക്കവര്‍ക്കും ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കല്‍ക്കരി ഉപയോഗിച്ചുള്ള താപവൈദ്യുത നിലയങ്ങള്‍ കാരണമുള്ള വായുമലിനീകരണത്തെ തുടര്‍ന്ന് ഒരുലക്ഷം ഗര്‍ഭസ്ഥ ശിശുമരണമാണ് വര്‍ഷം രാജ്യത്ത് സംഭവിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്കുള്ള ടാക്സ് ഇളവുകള്‍ ഇല്ലാതാക്കണമെന്ന് ഓക്സ്ഫാം നിര്‍ദ്ദേശിക്കുന്നു. ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ കൂടുതല്‍ നിക്ഷേപത്തിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ഓക്സ്ഫാമിന്റെ റിപ്പോര്‍ട്ടിലുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ