അമ്മ മരിച്ചതറിയാതെ മൃതദേഹത്തില്‍ നിന്ന് മുലപ്പാല്‍ കുടിക്കുന്ന പിഞ്ചുകുഞ്ഞിന്റെ ദൃശ്യം ഹൃദയഭേദകമായി (video)

റെയില്‍വേ ട്രാക്കില്‍ വീണ് അമ്മ മരിച്ചത് അറിയാതെ അവന്‍ അമ്മിഞ്ഞ നുണയാന്‍ ശ്രമിക്കുകയായിരുന്നു. തന്റെ കുഞ്ഞിനായി പാല്‍ ചുരത്തിക്കൊണ്ട് അവള്‍ മരിച്ചു. തന്റെ അവസാന നിമിഷത്തിലും അവന് വിശക്കാതിരിക്കാന്‍ ബിസ്‌കറ്റ് നല്‍കി. അമ്മയെ മരണം കവര്‍ന്നിട്ടും മുലകുടിക്കുന്നതിനുള്ള ആ കുഞ്ഞിന്റെ ശ്രമം കാഴ്ചക്കാരെ കണ്ണീരിലാഴ്ത്തി. അവനെ പിടിച്ചു മാറ്റിയപ്പോള്‍ അമ്മയുടെ ചൂടില്‍ നിന്ന് അടര്‍ത്തിമാറ്റിയ സങ്കടത്തില്‍ അവന്‍ ബഹളം വെച്ചു.

മധ്യപ്രദേശിന്റെ തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 250കിലോമീറ്റര്‍ അകലെ ദാമോഹിലാണ് സംഭവം. റെയില്‍വേ ട്രാക്കില്‍ ബുധനാഴ്ച പുലര്‍ച്ചെയോടെയാണ് അമ്മയെയും കുഞ്ഞിനെയും കണ്ടെത്തിയത്. ഒരു വയസുള്ള കുഞ്ഞ് അമ്മയുടെ മാറിടത്തില്‍ പറ്റിച്ചേര്‍ന്ന് കിടന്ന് കരയുകയും അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കൈയിലുള്ള ബിസ്‌കറ്റും അവന്‍ നുണയുന്നുണ്ടായിരുന്നു.

mother-died

സ്ത്രീയും കുഞ്ഞും ട്രെയിനില്‍ നിന്ന് വീണതോ ഇവരെ ട്രെയിന്‍ ഇടിച്ചതോ ആകാമെന്ന് പൊലീസ് പറഞ്ഞു. അവര്‍ കുട്ടിയെ മാറോട് ചേര്‍ത്തു പിടിച്ചതിനാലാകാം അവന് പരിക്കേല്‍ക്കാതിരുന്നത്. റെയില്‍വേ ട്രാക്കില്‍ പരിക്കേറ്റു കിടകകുമ്പോഴും അവര്‍ക്ക് ബോധമുണ്ടായിരുന്നിരിക്കണം. അതിനാലാണ് കുഞ്ഞിനെ മുലയൂട്ടാനും ബിസ്‌കറ്റ് നല്‍കി വിശപ്പ് മാറ്റാനും അവര്‍ ശ്രമിച്ചത്.

നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. അപ്പോഴേക്കും സ്ത്രീ മരിച്ചിരുന്നു. പിന്നീട് പൊലീസ് എത്തി ഇരുവയെും ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിലെ പരിശോധനക്ക് ശേഷം കുട്ടിയെ ചില്‍ഡ്രന്‍സ് ഹോമിലേക്ക് മറ്റി.

സ്ത്രീയുടെ സമീപത്തു നിന്ന് ലഭിച്ച പഴ്‌സ് അല്ലാതെ മരിച്ച സ്ത്രീയെ തിരിച്ചറിയാന്‍ പോലീസ് ശ്രമിച്ചെങ്കിലും സൂചനകള്‍ ഒന്നും ലഭിച്ചിട്ടില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു. ബന്ധുക്കളെക്കുറിച്ച് വിവരമില്ലാത്തതിനാല്‍ നോട്ടീസ് പ്രസിദ്ധീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധീര്‍ വിദ്യാര്‍ത്ഥി അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ