ജേക്കബ് തോമസ് പിണറായിയുടെ തൊഴുത്തിൽ കെട്ടിയ പശുവെന്ന് നിയമസഭയിൽ പ്രതിപക്ഷം

സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും  ഐഎഎസ്- ഐപിഎസ് തമ്മിലടികാരണം  ഒന്നും നടല്ലെന്നും പ്രതിപക്ഷാരോപണം 

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണെന്ന് നിയമസഭയില്‍ പ്രതിപക്ഷം ആരോപിച്ചു.കോടതി വിധിയെ ചോദ്യം ചെയ്ത് വിജിലന്‍സ് ആസ്ഥാനത്ത് നോട്ടീസ് പതിച്ച ഡയറക്ടറെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം വിമർശിച്ചു

സംസ്ഥാനത്ത് ഭരണസ്തംഭനമാണെന്നും ഐഎഎസ്- ഐപിഎസ് തമ്മിലടികാരണം ഒന്നും നടല്ലെന്നും കാണിച്ച് വിഡി സതീശന്‍ എം എല്‍ എ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി. ഈ അടിയന്തര പ്രമേയത്തിലാണ് വിജിലന്‍സിനെതിരെ രൂക്ഷവിമര്‍ശനമുയർന്നത്.ഐ.എ.എസ്-ഐ.പി.എസ് തര്‍ക്കം കാരണം നിയമസഭയിലെ ഫയലുകള്‍ നീങ്ങുന്നില്ലെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഏജന്റുമാരെ വെച്ച് കോടതിയില്‍ കേസ് നല്‍കുന്നെന്നും ഉദ്യോഗസ്ഥര്‍ക്ക് പരസ്പര വിശ്വാസമില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ഐഎഎസ്- ഐപിഎസ് ചേരിപ്പോരില്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെയാണ് സഭയിൽ പ്രതിപക്ഷ വിർശനങ്ങളേറെയും ഉയ‌ർന്നത് . വിജിലന്‍സ് കൂട്ടിലടച്ച തത്തയല്ലെന്നും പകരം മുഖ്യമന്ത്രിയുടെ വീട്ടിലെ തൊഴുത്തില്‍ കെട്ടിയ പശുവാണ്. യജമാനനെ ഒഴിച്ച് ആരെ കണ്ടാലും കൊമ്പുകുലുക്കി വരികയാണെന്നും വിഡി സതീശന്‍ ആരോപിച്ചു. ഭസ്മാസുരന് വരം കൊടുത്തപോലെയാണ് ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ട്ർ സ്ഥാനത്ത് നിയമിച്ച പിണറായിയുടെ അവസ്ഥയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.

എന്നാല്‍ സംസ്ഥാനത്ത് ഭരണ സ്തംഭനമില്ലെന്ന് പ്രതിപക്ഷ ആരോപണത്തിന് മറുപടി പറയമേ മുഖ്യമന്ത്രി അറിയിച്ചു.കഴിവുള്ള ഉദ്യോഗസ്ഥരെ സംരക്ഷിക്കും. ഉദ്യോഗസ്ഥര്‍ക്കിടിയില്‍ പ്രശ്‌നങ്ങളുണ്ടെങ്കിലും അത് ഗുരുതരമല്ല. ഒമ്പത് മാസത്തിനുള്ളില്‍ 18000 ഫയലുകള്‍ നോക്കി തീര്‍ത്തു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇങ്ങനെയായിരുന്നില്ല.
അതിന് മാറ്റം വരുത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്രം നല്‍കും. അനാവശ്യമായ ആരോപണം ഉന്നയിച്ച് പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ