ജസ്റ്റിസ് കര്‍ണന് ആറുമാസം തടവ്

കോടതി അലക്ഷ്യക്കേസില്‍ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കര്‍ണന് ആറുമാസം ശിക്ഷ വിധിച്ചു. സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ജെ എസ് കേഹറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ബെഞ്ചാണ് ശിക്ഷ വിധിച്ചത്. ജസ്റ്റിസ് കര്‍ണനെ ഉടന്‍ ജയിലിലടയ്ക്കണമെന്നും സുപ്രിംകോടതി ഉത്തരവിട്ടു. കൂടാതെ കര്‍ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് കോടതി വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇതാദ്യമായാണ് ഒരു സിറ്റിംഗ് ജഡ്ജിയെ തടവുശിക്ഷയ്ക്ക് വിധിക്കുന്നത്.

ജസ്റ്റിസ് കര്‍ണന്‍ എല്ലാ സീമകളും ലംഘിച്ചതായി വിധി പറഞ്ഞ ചീഫ് ജസ്റ്റിസ് ജെ എസ് കേഹര്‍ അഭിപ്രായപ്പെട്ടു. കേസ് പരിഗണിച്ചപ്പോള്‍ ജസ്റ്റിസ് കര്‍ണന്റെ മാനസിക നില ശരിയല്ലെന്ന് അമിക്കസ് ക്യൂറി കെ.കെ വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. കര്‍ണനെ ശിക്ഷിച്ചതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അമിക്കസ് ക്യൂറിയുടെ അഭിപ്രായങ്ങള്‍ തള്ളിയ കോടതി കര്‍ണന് യാതൊരു ഇളവും നല്‍കാനാവില്ലെന്ന് വിലയിരുത്തി. കര്‍ണന് ശിക്ഷ നല്‍കണമെന്ന് ബഞ്ചിലെ ഏഴംഗങ്ങളും ഒരുപോലെ അഭിപ്രായപ്പെടുകയായിരുന്നു.

നേരത്തെ കര്‍ണന്റെ ജുഡീഷ്യല്‍ അധികാരങ്ങള്‍ സുപ്രിംകോടതി എടുത്തുകളഞ്ഞിരുന്നു. കര്‍ണന് യാതൊരു ഫയലുകളും രേഖകളും നല്‍കരുതെന്നും കൊല്‍ക്കത്ത ഹൈക്കോടതിയ്ക്ക് നിര്‍ദേശം നല്‍കിരുന്നു. ജസ്റ്റിസ് കര്‍ണന്റെ മാനസിക നില പരിശോധിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

ഇന്നലെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കുന്ന ജസ്റ്റിസ് ജെഎസ് കെഹാര്‍ ഉള്‍പ്പെടെ 7 ജഡ്ജിമാര്‍ക്ക് ജസ്റ്റിസ് കര്‍ണന്‍ ഇന്നലെ 7 വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചിരുന്നു. പട്ടികജാതി പട്ടിക വര്‍ഗ പട്ടികയില്‍ പെട്ടവരെ പീഡിപ്പിക്കുന്നവര്‍ക്ക് എതിരായ വകുപ്പുകള്‍ ചുമത്തിയായിരുന്നു ശിക്ഷ വിധിച്ചത്.

തനിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്ത ഈ ജഡ്ജിമാര്‍ ന്യായാധിപന്‍ എന്ന പദവിയെ പരിഗണിക്കാതിരിക്കുകയും, താനൊരു ദളിതനാണെന്ന കാര്യം അവഗണിക്കുകയും ചെയ്‌തെന്ന് വിധിയില്‍ കര്‍ണന്‍ പറയുന്നു. ചീഫ് ജസ്റ്റിസും സംഘവും തനിക്കെതിരായി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം വിധിയില്‍ കുറിച്ചു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് ഉള്‍പ്പെടെ ഏഴ് ജഡ്ജിമാര്‍ക്ക് യാത്രനിരോധനം ഏര്‍പ്പെടുത്തി ജസ്റ്റിസ് കര്‍ണന്‍ നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ കേസ് കഴിയുന്നതു വരെ ഇവരുടെ വിദേശ യാത്രയ്ക്ക് വിലക്കേര്‍പ്പെടുക്കണമെന്ന് ദില്ലിയിലെ എയര്‍ കണ്‍ട്രോള്‍ അതോറിറ്റിക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കിയിരുന്നു.

സുപ്രീംകോടതി ജഡ്ജിമാരെ പരസ്യമായി വിമര്‍ശിച്ചതിന്റെ പേരിലാണ് കര്‍ണ്ണനെതിരെ കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ചത്. സുപ്രീം കോടതി ജഡ്ജിമാരും, വിരമിച്ച ജഡ്ജിമാരും അഴിമതിക്കാരാണെന്ന് ആരോപിച്ച്  ജസ്റ്റിസ് കര്‍ണന്‍ പ്രധാനമന്ത്രിക്കും രാഷ്ട്രീയ നേതാക്കള്‍ക്കും കത്തയച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. സംഭവത്തില്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്ന് സുപ്രിം കോടതിയെ അറിയിച്ച ജസ്റ്റിസ് കര്‍ണന്‍,  ജഡ്ജിമാര്‍ക്കെതിരെയുള്ള അഴിമതി ആരോപണത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെടുകയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ