ജിഷ്ണു കോപ്പിയടിച്ചെന്ന മാനേജ്‌മെന്റ് വാദം പൊളിഞ്ഞു; അങ്ങനെ ഒരു റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്ന് പരീക്ഷാ കണ്‍ട്രോളര്‍ 

 തൃശൂര്‍, നെഹ്റു കോളജിലെ വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് പരീക്ഷക്കിടെ കോപ്പിയടിച്ചെന്ന മാനേജ്മെന്റിന്റെ വാദം പൊളിയുന്നു. ജിഷ്ണു കോപ്പിയടിച്ചത് സംബന്ധിച്ച് യൂണിവേഴ്സിറ്റിയില്‍ റിപ്പോര്‍ട്ടൊന്നും ലഭിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വകലാശാലയിലെ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഷാബു പറഞ്ഞു.

പരീക്ഷയ്ക്കിടെ ജിഷ്ണു കോപ്പിയടിച്ചെന്നും ഇതേത്തുടര്‍ന്നാണ് പ്രവീണ്‍ എന്ന അധ്യാപകനും പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥനും ചേര്‍ന്ന് വൈസ്പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിച്ച് ഉപദേശിച്ചെന്നുമായിരുന്നു കോളജ് അധികൃതരുടെ വിശദീകരണം. എന്നാല്‍ വൈസ്പ്രിന്‍സിപ്പലിന്റെ മുറിയിലെത്തിച്ച ജിഷ്ണുവിനെ മുന്‍മന്ത്രി കെ.പി വിശ്വാനാഥന്റെ മകനും പിആര്‍ഒയുമായ സഞ്ജിത്ത് മര്‍ദ്ദിക്കുകയായിരുന്നെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ജിഷ്ണുവിന്റെ മൃതദേഹത്തിലും മര്‍ദ്ദനത്തിന്റെ പാടുകളുണ്ടായിരുന്നു. മര്‍ദ്ദനത്തിലും പരസ്യമായി അധിക്ഷേപിച്ചതിലും മനംനൊന്ത് ജിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നത്. ഇതില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് വിദ്യാര്‍ഥി സംഘടനകളും ആവശ്യപ്പെടുന്നത്.

ഇതും കലാലയമോ…..?

പാമ്പാടി നെഹ്റു കാളേജില്‍ വിദ്യാര്‍്ഥികള്‍ക്കെതിരെ നിരന്തരമായ പീഡനങ്ങള്‍ നടക്കുന്നുണ്ട് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് നടന്നാല്‍ നൊട്ടോറിയല്‍സ് ലിസ്റ്റില്‍പെടുത്തും. ഷേവ് ചെയ്യാത്തതിന് പിഴയീടാക്കുന്നു,പരീക്ഷ എഴുതാന്‍ അനുവദിക്കാതിരിക്കുന്നു. ഇങ്ങനെ കേട്ടു കേള്‍വി പോലും ഇല്ലാത്ത ശിക്ഷാ നടപടികള്‍ക്കാണ് നെഹറുകോളേജിലെ വിദ്യാര്‍ഥികള്‍ അനുഭവിച്ചത്. കോളേജിലെ ഇടിമുറി വെറും ആരോപണമല്ല. പലര്‍ക്കും അതൊരു അനുഭവമാണ്. കോളേജ് പിആര്‍ഒയും മുന്‍ മന്ത്രി കെപി വിശ്വനാഥന്റെ മകനുമായ സഞ്ജിത്തിന്റെ മുറിയെയാണ് ഇടിമുറി എന്ന് വിദ്യാര്‍ഥികള്‍ വിളിക്കുന്നത്. നിസ്സാരകാര്യങ്ങള്‍ക്ക് പോലും ഇവിട എത്തിച്ച കുട്ടികളെ മര്‍ദ്ധിക്കാറാണ് പതിവ്. പക്ഷേ ആര്‍ക്കും പരസ്യമായി ഇത് പറയാന്‍ ധൈര്യമില്ല.

സീനിയേഴ്സ് ജൂനിയേഴ്സ് പ്രശ്നങ്ങളെ പരിഹരിക്കുന്നത് മാനേജ്മെന്റ് ഗുണ്ടകളെ ഉപയോഗിച്ചാണ്. ഇതിന് കാരണക്കാരായ വിദ്യാര്‍ഥികളെ മര്‍ദ്ദിച്ച് അവശരാക്കിയാണ് ഭൂരിഭാഗം പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുക. മാനേജിങ്ങ് ട്രസ്റ്റിയുടെ കാര്‍ വന്നപ്പോള്‍ എഴുന്നേറ്റ് ബഹുമാനിക്കാതിരുന്നാലും മര്‍ദ്ദനം തന്നെയാണ് ശിക്ഷ. ഇതിനായി പി.കൃഷ്ണകുമാറിന്റെ ഗുണ്ടാസംഘം കോളേജില്‍ എപ്പോഴും സജ്ജമാണ്. കോളേജിലെ വിദ്യാര്‍ഥി ആത്മഹത്യ ചെയ്യുന്നത് ആദ്യ സംഭവമല്ല. മുമ്പ് കോളേജ് അധികൃതരുടെ പീഡനം മൂലം ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ ഉന്നത ബന്ധം ഉപയോഗിച്ച് അന്നത് ഒതുക്കി തീര്‍ക്കാന്‍ കഴിഞ്ഞു. ജിഷ്ണുവിനെ കോപ്പിയടി ആരോപിച്ച് പിടിച്ച അധ്യാപകന്‍ ലഹരി മരുന്നുകള്‍ക്കടിമയാണെന്നും വിദ്യാര്‍ഥികള്‍ ആരോപിക്കുന്നുണ്ട്.

പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ വിലസുന്ന നഗ്‌നമനുഷ്യന്‍…..

കോളേജ് ഹോസ്റ്റല്‍ ഒരു സുരക്ഷിതത്വം ഇല്ലാതെയാണ് പെണ്‍കുട്ടികളെ പാര്‍പ്പിച്ചിരിക്കുന്നത്. രാത്രി സമയങ്ങളില്‍ പോലും പരിശോധനയ്ക്കായി മാനേജ്മെന്റിലെ പുരുഷന്‍മാര്‍ ഹോസ്റ്റലിലെത്തും. ഹോസ്റ്റല്‍ മുറികളിലെല്ലാം കുട്ടികളെ വാച്ച് ചെയ്യാന്‍ സുക്ഷിരങ്ങളുണ്ട്. രാത്രി പല സമയങ്ങളിലും വാര്‍ഡന്‍ എത്തി ഇതിലൂടെ നോക്കുന്നുണ്ട്. മൊബൈല്‍ ഉപയോഗിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനാണ് എന്നാണ് വിശദീകരണം. പലപ്പോഴും പരിശോധനയ്ക്കെത്തുന്ന പുരുഷന്‍മാരും ഈ ഹോളുകളിലൂടെ മുറികളില്‍ ഒളിഞ്ഞു നോക്കുന്നു. ഇതുകാരണം വസ്ത്രം മാറാന്‍ പോലും ഭയക്കുകയാണ് വിദ്യാര്‍ഥിനികള്‍. ഫോണ്‍ ഉപയോഗിക്കുന്നു വെന്ന് സംശയം തോന്നിയാല്‍ പരസ്യമായി വസ്ത്രമഴിച്ച് പരിശോധിക്കുകയാണ് വാര്‍ഡന്റെ രീതി.

ഇതിനെല്ലാം പുറമേയാണ് ഹോസ്റ്റലിന്റെ പരിസരത്തുള്ള ഷോമാന്റെ ശല്യം. എല്ലാ ദിവസം ഹോസ്റ്റല്‍ പരിസരത്ത് നഗ്‌നനായി ഷോമാന്‍ എത്തുന്നുണ്ട്. ചില ദിവസങ്ങളില്‍ അത് ഒരു കൂട്ടം പേരാകും. ഇതിനെതിരെ മാനേജ്മെന്റിന് പരാതി നല്‍കിയാല്‍ വിദ്യാര്‍ഥിനികള്‍ വിളിച്ചിട്ട് വന്നരാകും എന്നാണ് മറുപടി ലഭിക്കുക. വലിയ ചുറ്റുമതിലുള്ള ക്യാമ്പസില്‍ സെക്യൂരിറ്റി ജീവനക്കാരറിയാതെ ആര്‍ക്കും പ്രവേശിക്കാനാകില്ല. അപ്പോള്‍ ഈ ഷോമാന്‍മാര്‍ എങ്ങനെ എത്തുന്നുവെന്നത് ദുരൂഹമാണ്.

ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ എല്ലാം മര്‍ദ്ധനത്തില്‍ അവസാനിക്കാറാണ് പതിവ്. ഭക്ഷണകാര്യത്തില്‍ പരാതി പരഞ്ഞാല്‍ പിന്നെ പഴകിയ ഭക്ഷണം മാത്രമേ നല്‍കാറുള്ളൂ. ഹോസ്റ്റലില്‍ എത്താന്‍ വൈകിയാല്‍ അന്ന് മുഴുവന്‍ പുറത്ത് നില്‍ക്കേണ്ടി വരും. എന്തേലും എതിരഭിപ്രായം പറഞ്ഞാല്‍ പിന്നെ മര്‍ദ്ധനമായി. പിആര്‍ഒയായ ഇടിവീരന്റെ നിയന്ത്രണത്തിലാണ് ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നത്. രക്ഷിതാക്കള്‍ക്കു പോലും മാനേജ്മെന്റിനോട് ഇത്കൊണ്ട് പരാതി പറയാന്‍ ഭയമാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ