മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള അവാർഡ് : തട്ടിപ്പ് മുക്കാന്‍ ശ്രമം

മികച്ച ചലച്ചിത്ര ഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡു ലഭിച്ച സിനിമ മുതൽ സിനിമ വരെ എന്ന പുസ്തകം പുരസ്കാരത്തിനു സമർപ്പിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചാണെന്ന് ആരോപണം. ഇക്കാര്യം തെളിവു സഹിതം പുറത്തുകൊണ്ടുവന്നിട്ടും പരസ്യമായ നിയമലംഘനം കണ്ടില്ലെന്നു നടിച്ച് ചലച്ചിത്ര അക്കാദമി. ഉട്ടോപ്യന്‍ ന്യായവാദങ്ങള്‍ കൊണ്ട് ചെയ്ത തെറ്റിനെ ന്യായീകരിച്ച് ലേഖകരായ ഡോ.അജു കെ. നാരായണനും ചെറി ജേക്കബും. ഏതായാലും നഗ്നമായ നിയമലംഘനം മുഖ്യമന്ത്രിയുടെയും സാംസ്‌കാരികമന്ത്രിയുടെയും ശ്രദ്ധയില്‍ക്കൊണ്ടുവരികയും ഔപചാരികമായിത്തന്നെ പരാതിപ്പെടുകയും ചെയ്തതിട്ടും നടപടിയുണ്ടായില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടു നീങ്ങാനുള്ള തീരുമാനത്തിലാണ് തിരുവനന്തപുരം ഡിസിസി അംഗവും പൊതുപ്രവര്‍ത്തകനുമായ ആക്കുളം സതീഷ്. പ്രഥമദൃഷ്ട്യാ തന്നെ ചട്ടലംഘനം വ്യക്തമായ കേസാണെന്നിരിക്കെ കോടതിയിലെത്തിയാല്‍ ഇക്കുറി സംസ്ഥാന അവാര്‍ഡ് ദാനം തന്നെ അവതാളത്തിലാവാനാണു സാധ്യത.

സംസ്ഥാന അവാര്‍ഡു ലഭിച്ച  സിനിമ മുതല്‍ സിനിമ വരെ എന്ന പുസ്തകം പുരസ്‌കാരത്തിനു സമര്‍പ്പിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് ആരോപണം. ഡോ. അജു കെ നാരായണന്‍, ചെറി ജേക്കബ് കെ എന്നിവര്‍ ചേര്‍ന്നെഴുതി, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘം പുറത്തിറങ്ങിയ ഈ പുസ്തകത്തില്‍  അഞ്ചുവര്‍ഷം മുമ്പ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം തന്നെ പ്രസിദ്ധീകരിച്ച പലവകസംസ്‌കാര പഠനങ്ങള്‍ എന്ന പുസ്തകത്തിലെ ഇതേ ഗ്രന്ഥകാരന്മാരുടെ അഞ്ചു ലേഖനങ്ങള്‍ ഉള്‍പ്പെടുന്നുവെന്നായിരുന്നു ആരോപണം. ചലച്ചിത്ര അക്കാദമി നിയമാവലിയനുസരിച്ച് വിജ്ഞാപനത്തില്‍ വ്യക്തമാക്കിയ കലണ്ടര്‍ വര്‍ഷം പ്രസിദ്ധീകരിച്ച പുസ്തകവും ലേഖനവും മാത്രമേ അവാര്‍ഡിനു അയയ്ക്കാവൂ. സംഗ്രഹം, സമാഹാരം എന്നിവ പുസ്തകമായി പരിഗണിക്കുന്നതല്ല. മറ്റു പുസ്തകങ്ങളില്‍ നിന്നു പകര്‍ത്തിയതും പുനഃപ്രസിദ്ധീകരണങ്ങളും എഡിറ്റ് ചെയ്തവയും പരിഗണിക്കപ്പെടുന്നതല്ല.

ഈ വ്യവസ്ഥകളെല്ലാം സിനിമ മുതല്‍ സിനിമ വരെ കാറ്റില്‍ പറത്തുന്നുവെന്നാണ് ആരോപണം.
2012ല്‍ പ്രസിദ്ധീകരിക്കപ്പെട്ട പലവകസംസ്‌കാര പഠനങ്ങള്‍ എന്ന പുസ്തകത്തിലെ അഞ്ച് ലേഖനങ്ങള്‍ അവാര്‍ഡ് ലഭിച്ച പുസ്തകത്തിലും അതുപോലെയുണ്ട്.
സിനിമയിലെ നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങള്‍, നഗരവൃക്ഷത്തിലെ കുയില്‍: പരസ്യജിംഗിളിലെ വംശീയ സംഗീതങ്ങള്‍, കണ്ണകിയുടെ ചിലമ്പൊലികള്‍ ഒരു പുരാവൃത്തത്തിന്റെ സ്ഥലകാലസഞ്ചാരങ്ങള്‍, സിനിമയിലെ അടുക്കളയും തീന്‍മേശയുംചില ഭക്ഷണദൃശ്യവിചാരങ്ങള്‍, വെള്ളിത്തിരയിലെ കള്ള് ഃബോളിവൂഡ്, മോളീവുഡ് കാഴ്ചകളും വിചാരങ്ങളും എന്നിവയാണ് ആ ലേഖനങ്ങള്‍. ഇവയടക്കം 11 ലേഖനങ്ങളാണ് പുതിയ പുസ്തകത്തലുള്ളത്. അതായത് മൂന്നിലൊന്നും പുനഃപ്രസിദ്ധീകരിച്ചവ.

ഇതില്‍ നിറങ്ങളുടെ സൗന്ദര്യ രാഷ്ട്രീയങ്ങള്‍ എന്ന ലേഖനം 2012ല്‍ മികച്ച ലേഖനത്തിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടിയിട്ടുള്ളതുമാണ്. ആ വര്‍ഷം അവാര്‍ഡ് കിട്ടിയ ലേഖനം തന്നെ ഇത്തവണ അവാര്‍ഡിനു സമര്‍പ്പിച്ച പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയത് കരുതിക്കൂട്ടിയുള്ള വഞ്ചനയാണെന്നും ആക്കുളം സുരേഷിന്റെ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, തങ്ങളുടെ രചനകള്‍ അവാര്‍ഡ് നിയമാവലിയും നിബന്ധനകളും പാലിക്കുന്നുണ്ടന്നു കാണിച്ച് മുദ്രപത്രത്തില്‍ എഴുതിയ സത്യവാങ്മൂലവും അപേക്ഷകര്‍ സമര്‍പ്പിക്കേണ്ടതുണ്ട്്. ഇത്രയേറെ ലേഖനങ്ങള്‍ പുനര്‍പ്രകാശിപ്പിച്ചുകൊണ്ടുള്ള പുസ്തകത്തോടൊപ്പം അജുവും ചെറിയും സമര്‍പ്പിച്ച സത്യവാങ്മൂലം വ്യാജമാണെന്നും പരാതിയിലുണ്ട്.

കരുതിക്കൂട്ടിയുള്ള തെറ്റിദ്ധരിപ്പിക്കലാണത്.കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകരും അധ്യാപകരുമെന്ന നിലയ്ക്ക് ഇവരുടെ ഈ ചെയ്തികള്‍ അക്കാദമിക ഗവേഷണരംഗത്തിനു തന്നെ മാനക്കേടുണ്ടാക്കുന്നതാണെന്നും സുരേഷ് ചൂണ്ടിക്കാട്ടുന്നു.

ചലച്ചിത്രഗ്രന്ഥത്തിനുള്ള അവാര്‍ഡ് ഇത്രയേറെ വിവാദമാവുകയും ഡിജിറ്റല്‍ മാധ്യമങ്ങളും പത്രങ്ങളും ചാനലുകളും മറ്റും വാര്‍ത്ത ഏറ്റെടുക്കുകയും ചെയ്തിട്ടും ചലച്ചിത്ര അക്കാദമിയും ബുദ്ധിജീവിസമൂഹവും വാര്‍ത്ത കണ്ടിട്ടും കാണാത്ത നിലപാടിലാണ്. കാരണം മുമ്പും ഇത്തരത്തില്‍ മാനദണ്ഡം പാലിക്കാത്ത പു്‌സ്തകങ്ങള്‍ക്ക് അവാര്‍ഡ് കൊടുക്കുകയും നേടുകയും ചെയ്തിട്ടുള്ളവരാണ് പലരും. സമാഹാരത്തിന് അവാര്‍ഡ് കൊടുക്കാനാവില്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെ, മാനദണ്ഡം പാലിക്കുന്ന മറ്റു മികച്ച കൃതികള്‍ കിട്ടിയിട്ടില്ലെന്ന കാരണം പറഞ്ഞ് സമാഹാരത്തിന് അവാര്‍ഡ് നല്‍കിവന്നിട്ടുണ്ട്.അതുകൊണ്ടു തന്നെ ഇക്കാര്യം പുറത്തു വരുന്നതിലും പൊതുചര്‍ച്ചയാവുന്നതിലും ബുദ്ധിജീവിസമൂഹത്തിന് വലിയ താല്പര്യവുമില്ല. എന്നാല്‍ പൊതു ഖജനാവില്‍ നിന്നുള്ള പണം കൊടുക്കുന്ന ഒരവാര്‍ഡ് ഇങ്ങനെ ബോധപൂര്‍വമുള്ള വഞ്ചനയിലൂടെ കരസ്ഥമാക്കുന്നതിന്റെ നൈതികതയെയാണ് സുരേഷ് ചോദ്യം ചെയ്യുന്നത്.

തങ്ങളുടെ പുസ്തകം അവാര്‍ഡ് നിയമാവലി ലംഘിച്ചിട്ടില്ലെന്നും ലേഖനങ്ങള്‍ മറ്റൊരാളുടെ പുസ്തകത്തില്‍ നിന്നല്ല പുനഃപ്രസിദ്ധീകരിച്ചത് എന്നതുകൊണ്ടും സ്വയം എഡിറ്റ് ചെയ്തതുകൊണ്ടും സ്വന്തം പുസ്തകത്തിലാണ് ഉള്‍പ്പെടുത്തിയത് എന്നതുകൊണ്ടും ഇത് ചട്ടവിരുദ്ധമാവില്ലെന്നാണ് അവരുടെ വാദം. എന്നാല്‍ മുമ്പെഴുതിയ സ്വന്തം പുസ്തകത്തില്‍ നിന്നു തന്നെയുള്ള ലേഖനങ്ങളുള്‍പ്പെടുത്താമെന്നോ ഭേദഗതി ചെയതുള്‍പ്പെടുത്താമെന്നോ നിയമാവലിയില്‍ പറയാത്തിടത്തോളം അവരുടെ വാദം അസാധുവാകുമെന്നാണ് വിമര്‍ശരുടെ അഭിപ്രായം. പോരാത്തതിന് ഒരിക്കല്‍ ഒരു വിഭാഗത്തില്‍ അവാര്‍ഡ് നേടിയ ലേഖനം വീണ്ടുമുള്‍പ്പെടുത്തുന്നതിന്റെ ശരികേടും ചോദ്യം ചെയ്യപ്പെടുന്നു. നോവലോ മറ്റോ പോലെ സിനിമയുടെ കാര്യത്തില്‍ ഒറ്റ പുസ്തകമായി കൃതികള്‍ സാധ്യമാണോ എന്നൊരു വിചിത്രമായ ന്യായവും സാഹിത്യത്തില്‍ ഡോക്ടറല്‍ ബിരുദക്കാരായ ലേഖകര്‍ മുന്നോട്ടുവയ്ക്കുന്നു. നാളിതുവരെ അവാര്‍ഡ് നേടിയ ചലച്ചിത്രഗ്രന്ഥങ്ങളില്‍ മധു ഇറവങ്കര, വിജയകൃഷ്ണന്‍, രാജകൃഷ്ണന്‍, ഷണ്മുഖദാസ്, മങ്കട രവിവര്‍മ തുടങ്ങിയവവരുടെയെല്ലാം പുസ്തകങ്ങള്‍ പുസ്തകങ്ങളായിത്തന്നെ എഴുതപ്പെട്ടതാണെന്ന വസ്തുതപോലും അജു കെ നാരായണനും ചെറി ജേക്കബിനും അറിയില്ലെന്ന് അവരുടെ ന്യായീകരണം തെളിയിക്കുന്നു.
സംസ്ഥാന അവാര്‍ഡ് നിയമാവലി, വിവാദത്തിലുള്‍പ്പെട്ട പുസ്തകങ്ങളുടെ ഉള്ളടക്കം തുടങ്ങിയവയുടെ പകര്‍പ്പുസഹിതമാണ് ഈ അവാര്‍ഡ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുരേഷ് സാംസ്‌കാരികവകുപ്പു മന്ത്രി എ.കെ.ബാലന് നേരിട്ടു പരാതിപ്പെട്ടിട്ടുളളത്. മുഖ്യമന്ത്രി, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ എന്നിവര്‍ക്കും വെവ്വേറെ പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ