നടിയെ തട്ടിക്കൊണ്ടുപോകല്‍: സംശയങ്ങള്‍ പ്രമുഖ നടനിലേക്ക്

ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര മീറ്റിംഗ് ആലുവ പോലീസ് ക്ലബില്‍ നടക്കുന്നു

സിനിമാ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാന്‍ പോലീസ്

പ്രമുഖ നടനാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്ന് കൈതപ്രവും പി.സി. ജോര്‍ജ്ജും

ഒരു പ്രമുഖ നടന് ബന്ധമുള്ളതായി അറിഞ്ഞുവെന്ന് കൈതപ്രം

കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്ത ക്വട്ടേഷന്‍ സംഘത്തിന് പിന്നില്‍ മലയാളത്തിലെ ഒരു പ്രമുഖ നടനാണെന്ന് അറിഞ്ഞുവെന്ന് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.എത്ര ഉന്നതാനായാലും ഇതിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിലേക്ക് കൊണ്ടുവരണമെന്നും അദ്ദേഹം കൊച്ചിയില്‍ ആവശ്യപ്പെട്ടു.

ഇതേ ആരോപണവുമായി പി.സി.ജോര്‍ജ്ജ് എം.എല്‍.എയും രംഗത്തെത്തിയിട്ടുണ്ട്. നടിയെ ആക്രമിച്ചതിന് പിന്നില്‍ മലയാള സിനിമയിലെ ഒരു പ്രമുഖ നടന് പങ്കുണ്ടെന്നും തന്നെ ആക്രമിച്ചതിന് പിന്നില്‍ ക്വട്ടേഷന്‍ സംഘമാണെന്ന് നടി തന്നെ പറഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നടിയെ ചോദ്യം ചെയ്യണമെന്നും ജോര്‍ജ്ജ് ആവശ്യപ്പെട്ടു. ആക്രമിച്ചത് ആരാണെന്ന് നടിക്ക് തന്നെ അറിയാം. ഒരു പ്രമുഖ നടനുമായി ബന്ധപ്പെട്ടുണ്ടായ കാര്യമാണ് ഇത്. ആ സംഭവത്തില്‍ ആക്രമിക്കപ്പെട്ട ഈ നടിയുടെ പങ്കാളിത്തവുമുണ്ടെന്നാണ് അറിയുന്നത്. അതാണ് നടന്റെ കുടുംബം തകര്‍ത്തതെന്നും ജോര്‍ജ്ജ് ആരോപിച്ചു.

സിനിമയില്‍ ഗുണ്ടാ സാന്നിദ്ധ്യമുണ്ടെന്ന് കെ.ബി. ഗണേഷ് കുമാര്‍ എം.എല്‍.എയും ആരോപിച്ചിരുന്നു. സിനിമയില്‍ ശക്തരാകാന്‍ ചിലര്‍ ഗുണ്ടകളെ ഉപയോഗിക്കുന്നു. ഇവര്‍ക്ക് വസ്തു ഇടപാടുകാരുമായും ബന്ധമുണ്ട്. പുറത്തുപറയാന്‍ പറ്റാത്ത പല കാര്യങ്ങളുമുണ്ടെന്നും എല്ലാം മുഖ്യമന്ത്രിയെ ധരിപ്പിക്കുമെന്നും ഗണേഷ് കുമാര്‍ കൊല്ലത്ത് പറഞ്ഞു.

ആരോപണങ്ങള്‍ ശക്തമായതോടെ സിനിമ മേഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കുകയാണ് പോലീസ്. സിനിമാ മേഖലയിലുള്ള ചിലരെ ചോദ്യം ചെയ്യാനായി പോലീസ് തയ്യാറെടുക്കുകയാണ്. പള്‍സര്‍ സുനിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സിനിമാ മേഖലയിലുള്ളവരിലേക്കും അന്വേഷണം നീളുന്നത്.

സംഭവം നടന്ന ദിവസത്തെ ചില കോളുകള്‍ സംശയാസ്പദമാണെന്ന് പോലീസ് പറയുന്നു. നടി നില്‍കിയ മൊഴിയില്‍ ഇത് ഒരാള്‍ക്ക് വേണ്ടിയുള്ള ക്വട്ടേഷനാണ്, സഹകരിക്കണമെന്ന് സുനി പറഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സുനിയുടെ ഫോണ്‍ പോലീസ് വിശദമായി പരിശോധിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ