മുഖ്യമന്ത്രിയും കോടിയേരിയും തമ്മിലുള്ള ഭിന്നത രൂക്ഷമായി

രാഷ്ട്രീയ സംഘര്‍ഷം മുതല്‍ മാധ്യമങ്ങള്‍ക്ക് നേരെയുള്ള ആക്രോശം വരെ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം സംസ്ഥാന സെക്രട്ടറിയും തമ്മിലുള്ള ഭിന്നത മറനീക്കി പുറത്തേക്ക് വരുന്നു. സംസ്ഥാനത്ത് കഴിഞ്ഞദിവസങ്ങളില്‍ നടന്ന സി.പി.എം ബി.ജെ.പി സംഘര്‍ഷവും തുടര്‍ന്നുണ്ടായ കൊലപാതകവും സര്‍ക്കാരിനെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്. സര്‍ക്കാരിന്റെ മുഖംരക്ഷിക്കാന്‍ അക്രമത്തില്‍ പങ്കാളികളായവരെ അറസ്റ്റ് ചെയ്തുവെങ്കിലും പാര്‍ട്ടിക്കാരെ അകാരണമായി ക്രൂശിച്ചുവെന്നാണ് സാധാരണ അണികളില്‍ ഉയരുന്ന വികാരം. കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ഉണ്ടായ മുഖ്യമന്ത്രിയുടെ പെരുമാറ്റം അനാവശ്യമായിരുന്നെന്ന് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാടിന് പിന്നാലെയാണ് ഇരുവരും തമ്മില്‍ ഭിന്നത രൂക്ഷമായത്.

മുഖ്യമന്ത്രിയുടെ പെരുമാറ്റം സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വം അതൃപ്തി അറിയിക്കുകയും ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയോട് വിവരങ്ങള്‍ ആരായുകയും ചെയ്തു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്തെ രാഷ്ട്രീയ അതിക്രമങ്ങളില്‍ അതൃപ്തി മുഖ്യമന്ത്രി പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചത്. സി.പി.എം-ബി.ജെ.പി സംഘര്‍ഷം വഷളാക്കിയത് സി.പി.എമ്മിലെ ഒരു വിഭാഗത്തിന്റെ കടുംപിടിത്തമാണെന്നും മുഖ്യമന്ത്രിയെ അനുകൂലിക്കുന്നവര്‍ കരുതുന്നു. തിരുവനന്തപുരം ജില്ലയിലെ സി.പി.എമ്മിന്റെ സംഘടനാ ചുമതല കോടിയേരി ബാലകൃഷ്ണനാണ്.

നിലവില്‍ ജില്ലയില്‍ സി.പി.എം മൂന്ന് ചേരികളിലായാണ് നിലയുറപ്പിച്ചിരിക്കുന്നത്. ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, സി.ഐ.ടി.യു ജില്ല സെക്രട്ടറി വി.ശിവന്‍കുട്ടി എന്നിവരാണ് വിവിധ ചേരികള്‍ക്ക് നേതൃത്വം നല്‍കുന്നത്. ഇതില്‍ ശിവന്‍കുട്ടിയും ആനാവൂര്‍ നാഗപ്പനും കോടിയേരി ബാലകൃഷ്ണനെ പിന്തുണയ്ക്കുന്നവരാണ്. തലസ്ഥാനത്ത് നടന്ന രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ ഒരുഭാഗത്ത് സി.പി.എം ആയിരുന്നു. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെടെ പിടിയിലാകുകയും ചെയ്തു. തലസ്ഥാനത്ത് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം നേതാക്കള്‍ പറഞ്ഞതിന് പിന്നാലെ പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രാഷ്ട്രീയ കൊലപാതകമാണെന്ന് വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ പ്രതിക്കൂട്ടിലാകുന്നത് ആഭ്യന്തരവകുപ്പാണെന്ന് മുഖ്യമന്ത്രിയോട് അടുപ്പമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുകയും ചെയ്യും. സംസ്ഥാനത്ത് ക്രമസമാധാന തകര്‍ച്ചയെന്ന് പ്രതിപക്ഷം ആരോപണത്തെ ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍. ഭരണകക്ഷിയെന്ന നിലയില്‍ സംയമനം പാലിക്കേണ്ട സി.പി.എം പക്ഷേ സംഘര്‍ഷം വ്യാപിക്കാനുള്ള നടപടികളാണ് സ്വീകരിച്ചതെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം കുറ്റപ്പെടുത്തുന്നു.
ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസ് ആക്രമിക്കുന്നതിന് നേതൃത്വം നല്‍കിയ നഗരസഭാ കൗണ്‍സിലര്‍ ഐ.പി.ബിനു പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിശ്വസ്തനാണ്.

ഈ സാഹചര്യത്തില്‍ സംഘര്‍ഷം ആളിക്കത്തിക്കാന്‍ ശ്രമമുണ്ടായെന്ന് സി.പി.എമ്മിലെ ഒരുവിഭാഗം വിശ്വസിക്കുന്നു. അതേസമയം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായ നടപടി കോടിയേരിയെ അനുകൂലിക്കുന്നവര്‍ ശക്തമായി എതിര്‍ക്കുകയാണ്. മെഡിക്കല്‍ കോളജ് കോഴ കേസില്‍ രാഷ്ട്രീയമായി പ്രതിരോധത്തിലായ ബി.ജെ.പിയെ സി.പി.എമ്മിന്റെ തിരിച്ചടി സഹായിച്ചതായാണ് പാര്‍ട്ടിയിലെ ഭുരിഭാഗത്തിന്റെയും വിലയിരുത്തല്‍. സര്‍ക്കാരും പ്രതിരോധത്തിലായി. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പാര്‍ട്ടി നേതൃത്വത്തോട് അതൃപ്തി വ്യക്തമാക്കിയത്.

അതേസമയം, മുഖ്യമന്ത്രിയെ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടിയ ഗവര്‍ണറുടെ നടപടിയില്‍ ഇടതുമുന്നണിയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളത്. ഗവര്‍ണറുടെ നടപടിക്കെതിരെ മുന്നണി കണ്‍വീനര്‍ കൂടിയായ സി.പി.എം നേതാവ് വൈക്കം വിശ്വനും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയത് ഇതിന്റെ സൂചനയാണ്. സി.പി.എം ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം സൃഷ്ടിച്ചിട്ടുണ്ട്. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ക്കെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സ്വീകരിച്ച സമീപനം പിണറായി വിജയന്റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും പാര്‍ട്ടിയില്‍ ചോദ്യമുയരുന്നുണ്ട്. ഗവര്‍ണറുടെ നിര്‍ദ്ദേശപ്രകാരം ഉഭയകക്ഷി ചര്‍ച്ച വിളിച്ചുചേര്‍ക്കേണ്ടിവന്നതും മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കും ക്ഷീണമായി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ