കടലിനടിയില്‍ പൂവിട്ട പ്രണയത്തിന് കടലിനടിയില്‍ സാക്ഷാത്കാരം

കോവളം : കല്യാണം കരയിലെ മാത്രം കാര്യമല്ല. കടലിലുമാകാം. ഇന്ത്യയിലെ ആദ്യത്തെ കടലിനടിയിലെ വിവാഹത്തിനാണ് കോവളം വേദിയായത്. കടലിനടിയിലെ കതിര്‍മണ്ഡപത്തിലാണ് ഈ വ്യത്യസ്തമായ കല്യാണം. സ്ലോവാക്കിയന്‍ വധു യൂണീക്ക പൊഗ്രാന്റെയും മഹാരാഷ്ട്ര സ്വദേശിയും ഡൈവിംഗ് പരിശീലകനുമായ നിഖില്‍ പവാറിന്റെയും കല്യാണമാണ് റിപ്പബ്ലിക് ദിനത്തില്‍ നടന്നത്. സ്‌കൂബാ ഡൈവിംഗ് പരിശീലകരുടെ സഹായത്തോടെയായിരുന്നു കടലിലെ കല്യാണം.
നേരത്തേ സ്‌കൂബാ ഡൈവിംഗ് പരിശീലനം നേടിയിട്ടുള്ള വരനും വധുവും വിവാഹ വസ്ത്രങ്ങള്‍ക്കൊപ്പം മുങ്ങല്‍ സ്യൂട്ടുമണിഞ്ഞ് കടലിനടിയില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് മുങ്ങി. അവിടെവച്ച് മോതിരവും മാലയും കൈമാറി. ലളിതമായ ചടങ്ങിന് സാക്ഷികളായി ഡൈവിംഗ് പരിശീലകര്‍ മാത്രം. കോവളം ഗ്രോവ് ബീച്ചില്‍ രാവിലെ 11-നായിരുന്നു വിവാഹം. എല്ലാക്കാലത്തും ഓര്‍മ്മയില്‍ നില്‍ക്കുന്ന പ്രത്യേകതയുള്ളതാവണം വിവാഹമെന്ന ചിന്തയാണ് വധൂവരന്മാരെ കടലിനടിയിലെ കതിര്‍മണ്ഡപത്തിലെത്തിച്ചത്. കോവളത്തെ ബോണ്ട് സഫാരി സ്‌കൂബാ ഡൈവിംഗ് ടീമിന്റെ നേതൃത്വത്തിലായിരുന്നു വിവാഹം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ