ഇന്ദിരാഭവനില്‍ നേതാക്കളുടെ അനുസ്മരണം നടത്താന്‍ സ്ഥിരം നാടകവേദി

അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിക്കലാണ് വി.എം. സുധീരന്‍െറ രാഷ്ട്രീയ പ്രവര്‍ത്തനം 

സ്ഥിരം ചരമ – ജന്‍മദിന അനുസ്മരണ സമ്മേളന കേന്ദ്രമായി ഇന്ദിരാഭവന്‍

സംഘടനാപ്രവര്‍ത്തനമെന്നാല്‍ കോണ്‍ഗ്രസില്‍ അനുസ്മരണ സമ്മേളനങ്ങള്‍ മാത്രമോ ?

വലിയ ചെലവില്ലാതെ പബ്ലിസിറ്റി കിട്ടുന്ന ഏര്‍പ്പാടെന്ന് എതിരാളികള്‍

സുധീരന്‍ ഓഫീസ് വിട്ടിറങ്ങാത്ത അധ്യക്ഷനെന്നും ആക്ഷേപം

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: ഈ വര്‍ഷത്തിന്‍െറ അവസാന ദിവസവും പതിവുപോലെ കെ.പി.സി.സി ഓഫീസില്‍ ഒരു അനുസ്മരണ ചടങ്ങ് നടന്നു. സ്വാതന്ത്ര്യ സമരകാലത്തെ സംസ്ഥാന കോണ്‍ഗ്രസിന്‍െറ നേതാവായിരുന്ന ടി.എം. വര്‍ഗ്ഗീസിന്‍െറ അനുസ്മരണ ചടങ്ങാണ് ഇന്ന് (ഡിസംബര്‍ 31) നടന്നത്. വി.എം സുധീരന്‍ കെ.പി.സി.സി അധ്യക്ഷനായശേഷം ഇന്ദിരാഭവന്‍ കേന്ദ്രീകരിച്ച് നടക്കുന്ന ഏക സംഘടനാ പ്രവര്‍ത്തനം അനുസ്മരണ സമ്മേളനവും പുഷ്പാര്‍ച്ചനയും. ഏറെ പ്രതീക്ഷയോടെയാണ് സുധീരനെ പദവിയിലേക്ക് അഖിലേന്ത്യാ നേതൃത്വം നിയോഗിച്ചതെങ്കിലും സംഘടനയെ ഒരിഞ്ച് ചലിപ്പിക്കാനോ പ്രവര്‍ത്തകരില്‍ ആവേശം പകരാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.

അധ്യക്ഷ സ്ഥാനത്തെത്തിയശേഷം പ്രസ്താവനകളിറക്കിയും ചാനലുകള്‍ക്ക് ബൈറ്റ് നല്‍കിയും മേലനങ്ങാതെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനമാണ് സുധീരന്‍ നടത്തുന്നതെന്നാണ് എതിരാളികള്‍ ആരോപിക്കുന്നത്. സുധീരന്‍ അധ്യക്ഷനായശേഷമാണ് അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ ഒട്ടനവധി നേതാക്കളുടെ പേരില്‍ അനുസ്മരണ സമ്മേളനങ്ങളും പുഷ്പാര്‍ച്ചനയും കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ സ്ഥിരമായത്. കലാനിലയത്തിന്റെ സ്ഥിരം നാടകവേദി പോലെയാണ് ഇന്ദിരാഭവനിലെ ഈ സ്ഥിരം അനുസ്മരണ ചടങ്ങുകള്‍.

മുന്‍കാല നേതാക്കളുടെ ചരമ-ജന്മദിനങ്ങള്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തും കലണ്ടര്‍ നോക്കിയും കണ്ടെത്തുന്നതിന് പ്രത്യേകമായി ജീവനക്കാരനെയും നിയോഗിച്ചിട്ടുണ്ട്.

ഗൂഗിളില്‍നിന്നോ പഴയ പത്രങ്ങളില്‍ നിന്നോ തപ്പിയെടുത്ത ഒരു ഫോട്ടോ, ഹാരം, കുറച്ച് പൂക്കള്‍ എന്നിവ മാത്രമാണ് ഇത്തരം പരിപാടികളുടെ ആകെച്ചെലവ്. പത്രങ്ങളിലും ചാനലുകളിലും കളറായി പടം വരുമെന്നതാണ് മെച്ചം. കെ.പി.സി.സി ഓഫീസിന്റെ ഏതെങ്കലും മൂലയിലാണ് പരിപാടിയെന്നതിനാല്‍ സ്ഥിരമായി എത്താറുള്ള നാലോ അഞ്ചോ പെട്ടിയെടുപ്പുകാരും ജീവനക്കാരും ചേരുമ്പോള്‍ വന്‍ ആള്‍ക്കൂട്ടവുമാകും. ഇതിലൂടെ പരിപാടിക്ക് ആളില്ലെന്ന സ്ഥിരം പരാതി ഒഴിവാക്കാനാകുമെന്നുമാണ് ഇതേക്കുറിച്ച് എതിര്‍ ചേരിയിലുള്ള കെ.പി.സി.സി ഭാരവാഹി പറഞ്ഞത്.

മാസത്തില്‍ നാലോ അഞ്ചോ അനുസ്മരണങ്ങളാണ് ഇത്തരത്തില്‍ സംഘടിപ്പിക്കുന്നത്. ഈ അനുസ്മരണ സമ്മേളനങ്ങളില്‍ അധ്യക്ഷന്‍ പൂവിതറി ദുഖാര്‍ഥനായി നില്‍ക്കുന്ന ഒരു വര്‍ണചിത്രമെടുക്കുന്നതോടെ പരിപാടി അവസാനിക്കും. ഈ മരിച്ച നേതാവ് ആരെന്നുപോലും അറിയാത്ത അവസ്ഥയിലാകും പരിപാടിയില്‍ പങ്കെടുക്കുന്ന മറ്റ് നേതാക്കളില്‍ പലരും. ഈ അനുസ്മരണങ്ങളുടെ ചിത്രങ്ങള്‍ വെട്ടിയെടുത്ത് വെള്ളപ്പേപ്പറില്‍ ഒട്ടിച്ച് ഓരോമാസവും ഹൈക്കമാന്‍ഡിന് സംസ്ഥാനത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടായി അയച്ചുകൊടുക്കാറുണ്ടെന്നും സുധീരന്‍ വിരുദ്ധര്‍ ആരോപിക്കുന്നു.

ചരമ-ജന്മ വാര്‍ഷിക അനുസ്മരണങ്ങള്‍ തകൃതിയായി നടക്കുമ്പോഴും എ.ഐ.സി.സി അധ്യക്ഷസ്ഥാനത്ത് വരെയെത്തിയ ഏക മലയാളിയായ ചേറ്റൂര്‍ ശങ്കരന്‍ നായരെപ്പോലുള്ള മഹാരഥന്‍മാരെ പാര്‍ട്ടി ബോധപൂര്‍വം മറക്കുകയാണ്. ഇന്നുവരെ അദ്ദേഹത്തിന്റെ ജന്മ-ചരമ ദിനങ്ങള്‍ കെ.പി.സി.സി ആചരിച്ചിട്ടില്ല.

ഡി.സി.സി പുനസംഘടന വിഷയിത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ സുധീരനില്‍നിന്ന് അകലം പാലിക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി പരിപാടികളില്‍ സെക്കന്റ് ഷോയ്ക്ക് ആളെത്തുന്നത് പോലെയാണ് പ്രവര്‍ത്തകരുടെ സാന്നിധ്യം. ഈ സാഹചര്യത്തില്‍ ഇത്തരം ഇന്‍ഡോര്‍ പരിപാടികളിലൂടെ പാര്‍ട്ടിയെ പൂര്‍വാധികം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് സുധീരന്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് നേതൃത്വം.

കോണ്‍ഗ്രസ് വാര്‍ഷിക ദിനത്തില്‍ ചേറ്റൂരിനെ ഓര്‍ക്കുമോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ