പിച്ചച്ചട്ടിയില്‍ നിന്ന് കൈയിട്ടുവാരുന്ന യൂണിയന്‍ നേതാക്കള്‍

കെ.എസ്.ആര്‍.ടി.സിയില്‍ വൈകി കിട്ടിയ ശമ്പളത്തില്‍ നിന്നും കോടികള്‍ കയ്യിട്ടുവാരി നേതാക്കള്‍

പ്രതിഷേധവുമായി ജീവനക്കാര്‍; യൂണിയന്‍ വിഹിതം പിടിക്കേണ്ടന്ന് ബാങ്കില്‍ ജീവനക്കാര്‍ കത്തു നല്‍കി

സി.ഐ.ടി.യു യൂണിയന്റെ സംസ്ഥാന നേതൃത്വത്തിന് മാത്രം ലഭിക്കുന്നത് മാസം 2,86,000 രൂപ

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളം പ്രതിസന്ധി രൂക്ഷമായതോടെ യൂണിയന്‍ നേതൃത്വങ്ങള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തൊഴിലാളികളെ വഞ്ചിക്കുന്ന യൂണിയന്‍ നേതൃത്വങ്ങള്‍ക്കെതിരെ രാഷ്ട്രീയ വ്യത്യാസമില്ലാതെ പ്രതികരിക്കാനാണ് ജീവനക്കാരുടെ നീക്കം. ഇതിന്റെ ഭാഗമായി തൊഴിലാളികളുടെ ശമ്പളത്തില്‍ നിന്നും യൂണിയനുകള്‍ക്കുള്ള പ്രതിമാസ വിഹിതമായി പിടിക്കേണ്ട എന്ന നിലപാടിലാണ് ജീവനക്കാര്‍. നവംബര്‍ മാസത്തിലെ ശമ്പളത്തില്‍ നിന്നും യൂണിയന്‍ വിഹിതം പിടിക്കേണ്ടന്ന് കിളിമാനൂര്‍ അടക്കമുള്ള തെക്കന്‍ കേരളത്തിലെ ഡിപ്പോകളിലെ ഭരണ, പ്രതിപക്ഷ ഭേദമെന്യേ ജീവനക്കാര്‍ ഒറ്റക്കെട്ടായി ബാങ്കുകളില്‍ കത്തു നല്‍കി. യൂണിയന്‍ വിഹിതമായി സി.ഐ.ടി.യു യൂണിയനായ കെ.എസ്.ആര്‍.ടി.ഇ പിടിക്കുന്ന 100 രൂപയില്‍ 60 രൂപ ജീവനക്കാരുടെ ക്ഷേമനിധിയിലേക്കും ബാക്കി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കുമാണ്. ശമ്പളത്തില്‍നിന്നു 100 രൂപ വീതമാണു യൂണിയന്‍ വിഹിതമായി സി.ഐ.ടി.യു. പിടിക്കുന്നത്. 60 രൂപ ക്ഷേമനിധിയിലേക്കു ബാക്കി യൂണിയന്‍ പ്രവര്‍ത്തനങ്ങള്‍ക്കും.യൂണിയന്‍ പ്രവര്‍ത്തനത്തിനുള്ള 40 രൂപയില്‍ യൂണിയന്‍ മാസികയ്ക്ക് ഏഴു രൂപ നല്‍കണം. അവശേഷിക്കുന്ന തുകയില്‍ 20 രൂപ അതാതു യൂണിറ്റുകള്‍ക്കും ബാക്കി 13 രൂപ യൂണിയന്‍ സംസ്ഥാന നേതൃത്വത്തിനുമാണ്. ഇത്തരത്തില്‍ ഏഴേകാല്‍ ലക്ഷം രൂപയാണ് പ്രതിമാസം യൂണിയനുകള്‍ക്ക് ലഭിക്കുന്നത്. ഇതില്‍ 2,86,000 രൂപയാണ് സംസ്ഥാനത്തെ നേതാക്കളുടെ പോക്കറ്റില്‍ എത്തുന്നത്. വര്‍ഷത്തില്‍ 36 ലക്ഷം രൂപ ഇത്തരത്തില്‍ ലഭിക്കും. ടി.ഡി.എഫിന്റെയും, ബി.എം.എസിന്റെ കെ.എസ്.ആര്‍.ടി.സി. എംപ്ലോയീസ് സംഘിന്റെയും കൂടി കണക്കെടുത്താല്‍ ഇത് കോടികള്‍ കവിയും. എന്നാല്‍ തങ്ങളെ ചൂഷണം ചെയ്ത് പണം നേടുന്ന ഈ നേതാക്കള്‍ തങ്ങളുടെ പ്രശ്‌നങ്ങളില്‍ എന്തുചെയ്യുന്നുവെന്ന ചോദ്യമാണ് ജീവനക്കാര്‍ ചോദിക്കുന്നത്.

ഇത്തവണത്തെ ശമ്പളം പൂര്‍ണമായി നല്‍കാന്‍ കെ.എസ്.ആര്‍.ടി.സിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ യൂണിയനുകള്‍ സ്വീകരിക്കുന്ന നിലപാടില്‍ കടുത്ത അസംതൃപ്തിയാണ് ജീവനക്കാര്‍ക്കുള്ളത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ശമ്പളം വൈകിയതിന്റെ പേരില്‍ രണ്ടാം തീയതിയായപ്പോള്‍ തന്നെ പട്ടിണിക്കഞ്ഞി സമരം നടത്തിയവര്‍ ഇത്തവണ പേരിനുമാത്രം സമരം നടത്തി ജീവനക്കാരുടെ കണ്ണില്‍ പൊടിയിട്ടെന്നാണ് ആക്ഷേപം. രണ്ടാഴ്ചയിലേറെ ശമ്പളം വൈകിയപ്പോള്‍ ഡി.എ. വര്‍ധനയുടെ പേരു പറഞ്ഞായിരുന്നു സമരം. സ്വന്തം പാര്‍ട്ടിയുടെ മന്ത്രി പോലുമല്ല വകുപ്പിന്റെ തലപ്പത്തെന്നിരിക്കേ യൂണിയന്‍ അനാവശ്യമായി മൗനം പാലിച്ചെന്നും ജീവനക്കാര്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടി.ഡി.എഫിലും ബി.എം.എസിന്റെ കെ.എസ്.ആര്‍.ടി.സി. എംപ്ലോയീസ് സംഘിനെതിരെയും സമാനമായ ആരോപണമാണുള്ളത്. ഇത്തവണ ശമ്പളം ആഴ്ചകള്‍ വൈകിയിട്ടും പേരിനു പോലും പ്രതിഷേധമുയര്‍ത്താന്‍ നേതാക്കള്‍ക്കു കഴിഞ്ഞില്ലെന്ന് ഇവര്‍ ആരോപിക്കുന്നു. അതേസമയം സമരം നടത്തിയാല്‍ എം.ഡിയിലെ കണ്ണിലെ കരടാകുമെന്നാണു മൂന്നു യൂണിയനുകളുടെയും നേതാക്കള്‍ പറയുന്ന ന്യായമെന്നും ജീവനക്കാര്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ