പി.എ.സി ഒഴിഞ്ഞ കെ.വി തോമസ് കെ.പി.സി.സി അധ്യക്ഷനാകുമോ?

 

തോമസ് ലക്ഷ്യമിടുന്നത് മുഖ്യമന്ത്രിപദം

കെട്ടിയിറക്കല്‍ ചെറുക്കുമെന്ന് നേതാക്കള്‍

ഹസന് ചുമതല നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പുതിയ കെ.പി.സി.സി പ്രസിഡന്റാകാന്‍ മുന്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ കെ.വി തോമസ്. അധ്യക്ഷ സ്ഥാനം സംബന്ധിച്ച് സംസ്ഥാന കോണ്‍ഗ്രസില്‍ ചര്‍ച്ചകള്‍ സജീവമായിരിക്കുന്നതിനിടെയാണ് ഹൈക്കമാന്‍ഡിന്റെ പിന്തുണയോടെ കെ.വി തോമസ് രംഗത്തിറങ്ങുന്നത്.

കഴിഞ്ഞദിവസം പാര്‍ലമെന്റിലെ പബ്ലിക് അക്കൗണ്ട് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം ഹൈക്കമാന്‍ഡിന്റെ നിര്‍ദ്ദേശപ്രകാരം കെ.വി തോമസ് രാജിവച്ചിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിന് മുന്നോടിയായി മല്ലികാര്‍ജുന ഖാര്‍ഗെയെ ഈ സ്ഥാനത്തേക്ക് അവരോധിക്കുന്നതിന്റെ ഭാഗമായാണ് രാജിവയ്ക്കാന്‍ കെ.വി തോമസിനോട് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചത്. ഇതിന് പ്രത്യുപകാരമായി കെ.പി.സി.സി അധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിര്‍ദ്ദേശം കെ.വി തോമസ് കേന്ദ്ര നേതൃത്വത്തിന് മുന്നില്‍ വച്ചതായാണ് സൂചന.

സോണിയാ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കെ.വി തോമസ് കെ.പി.സി.സി അധ്യക്ഷനാകുമെന്ന സൂചനയാണ് ഡല്‍ഹിയിലെ കോണ്‍ഗ്രസ് നേതാക്കളും നല്‍കുന്നത്. രമേശ് ചെന്നിത്തലയോടും ഉമ്മന്‍ ചാണ്ടിയോടുമുള്ള ബന്ധം തനിക്ക് തുണയാകുമെന്ന പ്രതീക്ഷയിലാണ് കെ.വി തോമസ്. കെ.പി.സി.സി അധ്യക്ഷ പദവിയിലൂടെ മുഖ്യമന്ത്രി സ്ഥാനത്തേയ്‌ക്കെത്തുകയെന്ന തന്ത്രമാണ് കെ.വി തോമസ് പയറ്റുന്നത്. ഉമ്മന്‍ ചാണ്ടി അധ്യക്ഷ പദമേറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ കര്യങ്ങള്‍ ഏറെ അനുകൂലമാണെന്നാണ് കെ.വി തോമസിനോട് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

അതേസമയം കെ.വി തോമസിനെ കെട്ടിയിറക്കാനുള്ള ശ്രമം എന്ത് വിലകൊടുത്തും തടയുമെന്ന് എ-ഐ ഗ്രൂപ്പുകളിലെ മധ്യനിര നേതാക്കള്‍ പറയുന്നത്. വി.എം സുധീരന്റെ നിയമനത്തോടെ നിര്‍ജീവമായ പാര്‍ട്ടിയെ കൂടുതല്‍ തകര്‍ച്ചയിലേക്ക് നയിക്കുന്നതാകും കെ.വി തോമസിന്റെ നിയമനമെന്നും വിമര്‍ശനമുണ്ട്.

നിലവില്‍ സീനിയര്‍ വൈസ് പ്രസിഡന്റായ എം.എം ഹസന് താല്‍ക്കാലിക ചുമതല നല്‍കണമെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം. ഇതു സംബന്ധിച്ച് ചെന്നിത്തലയുമായി എ ഗ്രൂപ്പ് ഏറെക്കുറെ ധാരണയിലുമായിട്ടുണ്ട്. എന്നാല്‍ ഹൈക്കമാന്‍ഡ് ഏകപക്ഷീയമായി ആരെയെങ്കിലും അടിച്ചേല്‍പ്പിക്കുമോയെന്ന ഭയവും ഇവര്‍ക്കുണ്ട്. മുന്‍കാല അനുഭവങ്ങളും ഇതാണ് സൂചിപ്പിക്കുന്നത്. ജി കാര്‍ത്തികേയനെ അധ്യക്ഷനായി എ-ഐ ഗ്രൂപ്പുകള്‍ തീരുമാനിച്ചെങ്കിലും അവസാനനിമിഷം അപ്രതീക്ഷിതമായി വി.എം സുധീരനെ ഹൈക്കമാന്‍ഡ് പ്രഖ്യാപിക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെയുണ്ടായ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തില്‍ അത്തരമൊരു നിലപാട് ഹൈക്കമാന്‍ഡ് എടുക്കില്ലെന്നാണ് സംസ്ഥാന നേതാക്കള്‍ കരുതുന്നത്.

പി.ടി തോമസ്, വി.ഡി സതീശന്‍ എന്നിവരുടെ പേരുകളും കേന്ദ്ര നേതൃത്വം സജീവമായി പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുടേതാണ് അന്തിമ തീരുമാനമെങ്കില്‍ വി.ഡി സതീശനാകും നറുക്ക് വീഴുക. എന്നാല്‍ എ.കെ ആന്റണി പി.ടി തോമസിനെ അധ്യക്ഷനാക്കണമെന്ന നിലപാടിലാണ്. ഇതു സംബന്ധിച്ച് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പി.ടി ഉറപ്പ് ലഭിച്ചതായും സൂചനയുണ്ട്. നിലവില്‍ ഉമ്മന്‍ ചാണ്ടിയുടെ അടുപ്പക്കാരനാണെങ്കിലും എ പക്ഷത്തെ പ്രമുഖനായ ബെന്നി ബഹ്നാന് പി.ടി തോമസിനെ അധ്യക്ഷനാക്കുന്നതിനോട് യോജിപ്പില്ല.

 

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സുധാകരന്‍, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, പി.സി വിഷ്ണുനാഥ് എന്നിവരും അധ്യക്ഷ സ്ഥാനത്തെത്താന്‍ പരിശ്രമിക്കുന്നുണ്ട്. എന്നാല്‍ അവസാനിമിഷം ഉമ്മന്‍ ചാണ്ടി കെ.പി.സി.സി അധ്യക്ഷ പദവിയിലെത്തുമെന്നാണ് സംസ്ഥാന നേതാക്കളുടെ പ്രതീക്ഷ. നിലവിലെ അവസ്ഥയില്‍ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ