ഫിലിംഫെഡറേഷന് തിരിച്ചടി: 12 മുതല്‍ സിനിമ റിലീംസിംഗ്

തിരുവനന്തപുരം: വരുമാന വിഹിതം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന എ ക്ലാസ് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിലിം എക്‌സിബിറ്റ് ഫെഡറേഷന് കനത്ത തിരിച്ചടി നല്‍കി നിര്‍മാതാക്കള്‍ പുതിയ ചിത്രങ്ങളുടെ റിലീസ് നടത്തുന്നു. ഈ മാസം 12 മുതലാണ് റിലീസിംഗ്.

ഫെഡറേഷനില്‍ അംഗമല്ലാത്തവരുടെ തിയേറ്ററുകളിലും മാളുകളിലും സര്‍ക്കാര്‍ തിയേറ്ററുകളിലും ബി ക്ലാസ് തിയേറ്ററുകളിലുമായിരിക്കും പ്രദര്‍ശനം. ഇത് ഏകദേശം 200 റോളം തിയേറ്ററുകളുണ്ടാവും. വരുമാനത്തിന്റെ തുല്യവിഹിതം വേണമെന്ന് ആവശ്യപ്പെട്ട് സമരം നടത്തുന്ന ഫെഡറേഷന് ഇത് കനത്ത നഷ്ടമാണ് ഉണ്ടാക്കാന്‍ പോകുന്നത്. 19നകം തങ്ങളുടെ ഡിമാന്റ് അനുസരിച്ച് റിലീസിംഗ് നടത്താത്ത തിയേറ്ററുകാര്‍ക്ക് ഇനി മുതല്‍ സിനിമകള്‍ നല്‍കില്ലെന്നും കൊച്ചിയില്‍ ചേര്‍ന്ന നിര്‍മാതാക്കളുടെ യോഗം തീരുമാനിച്ചു.

12ന് പൃഥ്വിരാജിന്റെ എസ്ര റിലീസ് ചെയ്യാനാണ് തീരുമാനിച്ചത്. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മിച്ച ചിത്രത്തിന് എട്ടരക്കോടിയാണ് മുതല്‍ മുടക്ക്. ക്രിസ്മസ് റിലീസായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നത്. തെന്നിന്ത്യന്‍ താരം പ്രിയാ ആനന്ദാണ് നായിക. ടോവീനോ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. മോഹന്‍ലാലിന്റെ മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ 16ന് റിലീസ് ചെയ്യും. മീനയാണ് നായിക. ഒന്‍പത് കോടിയാണ് ബഡ്ജറ്റ്.

വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബുജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 19ന് ജയസൂര്യയുടെ ഫുക്രി റിലീസാകും. സിദ്ധിഖ് സംവിധാനവും നിര്‍മാണവും ചെയ്ത സിനിമയില്‍ പ്രയാഗാ മാര്‍ട്ടിനാണ് നായിക. സത്യന്‍ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങള്‍ 26ന് തിയേറ്ററുകളിലെത്തും. ദുല്‍ഖര്‍ സല്‍മാനും പ്രേമം ഫെയിം മേരിയുമാണ് ജോഡികള്‍. ഈ നാല് ചിത്രങ്ങള്‍ റിലീസ് ചെയ്ത് ഒരു മാസം കഴിഞ്ഞേ മലയാളത്തില്‍ ഇനി പുതിയ റിലീസുകള്‍ ഉണ്ടാകൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ