കുഞ്ഞാടിന്റെ പീഡനത്തിനും കുട പിടിച്ചത് മാനന്തവാടി രൂപത തന്നെ

കെ.സി.വൈ.എം കോഓര്‍ഡിനേറ്റര്‍ പ്രതിയായ പീഡനക്കേസ് ഒതുക്കാനും രൂപതയുടെ നീക്കം

പീഡനത്തിനിരയായ പെണ്‍കുട്ടിയെ ഒളിവില്‍ താമസിപ്പിച്ച വൈദീകരെയും കന്യാസ്ത്രീകളെയും കേസില്‍ നിന്നും സംരക്ഷിക്കാന്‍ ശ്രമം

കണ്ണൂര്‍: കൊട്ടിയൂരില്‍ വൈദികനായ ഫാ. റോബിന്‍ വടക്കുംചേരി പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പോലീസും സഭാ അധികാരികളും നടത്തുന്ന കള്ളക്കളിയുടെ വാര്‍ത്തകള്‍ പുറത്തുവന്നതിനു പിന്നാലെയുണ്ടായ സമാന കേസിലും നടപടികള്‍ ഇഴയുന്നു. മാനന്തവാടി രൂപതയിലെ കെ.സി.വൈ.എം കോഓര്‍ഡിനേറ്റര്‍ നടത്തിയ പീഡനത്തിന്റെ അന്വേഷണമാണ് ഒച്ചിഴയും വേഗതയില്‍ പുരോഗമിക്കുന്നത്.

വയനാട് ജില്ലയിലെ പനമരത്ത് പ്ലസ്ടുവിന് പഠിപ്പിക്കുന്ന പതിനേഴുകാരിയാണ് പീഡനത്തനിരയായത് കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് മാനന്തവാടി രൂപത കോര്‍ഡിനേറ്ററും സണ്‍ഡേ സ്‌കൂള്‍ അധ്യാപകനുമായ മാനന്തവാടി ചെറുക്കാട്ടൂര്‍ മതിശ്ശേരി തൈപ്പറമ്പില്‍ വീട്ടില്‍ സിജോ ജോര്‍ജായിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടി ഗര്‍ഭിണിയാകുകയും 2016 ഡിസംബര്‍ 28ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വച്ച് കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു. കുഞ്ഞിനെ കോഴിക്കോട് ജില്ലയിലെ പള്ളിവക കോണ്‍വെന്റിനോട് ചേര്‍ന്ന അനാഥാലയത്തില്‍ പാര്‍പ്പിച്ചിരുന്നത്. കേസില്‍ സിജോയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് പനമരം പോലീസ് അറസ്റ്റു ചെയ്തിരുന്നു.

എന്നാല്‍ ഈ കുറ്റം മറച്ചുവച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും, കന്യാസ്ത്രീ മഠത്തിലെ അധികാരികള്‍ക്കെതിരെയും, അനാഥാലയ അധികൃതര്‍ക്കെതിരെയും ഒരു അന്വേഷണവും ഇതുവരെ നടന്നിട്ടില്ല. കേസില്‍ മാനന്തവാടി രൂപത നടത്തുന്ന ഇടപെടലാണ് അന്വേഷണം വൈകിപ്പിക്കുന്നതെന്നാണ് സൂചന. കൊട്ടിയൂര്‍ പീഡനത്തിന് സമാനമായ രീതിയിലാണ് പനമരം സംഭവവും നടന്നിട്ടുള്ളത്. രൂപതയുമായി അടുത്ത ബന്ധമുള്ള യുവജന നേതാവ് പ്രതിയായതിനാല്‍ രൂപതാ നേതൃത്വം നേരിട്ടാണ് കേസില്‍ ഇടപെടുന്നത്.

കുട്ടിയെ ഒളിവില്‍ താമസിപ്പിച്ചതും പ്രസവത്തിനു സഹായിച്ചതും ചില വൈദീകരും കന്യാസ്ത്രീകളും ചേര്‍ന്നാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കേസില്‍ സിജോ മാത്രമാണ് പ്രതിയെന്ന രീതിയിലാണ് പോലീസ് ഭാഷ്യം. തുടരനേഷണത്തിനും പോലീസ് താല്‍പര്യമെടുക്കുനിനല്ലെന്നാണ് സൂചന.

പെണ്‍കുട്ടിയേയും കുഞ്ഞിനെയും സിജോ അനാഥാലത്തിലാക്കിയത് കൊട്ടിയൂര്‍ പീഡനക്കേസിലെ പ്രതിയായ ഫാ. റോബിന്റെ ഉപദേശപ്രകാരമാണെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. റോബിനും സിജോയുമായി അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ രഹസ്യമാക്കി വക്കാന്‍ നിര്‍ദ്ദേശിച്ചതും ഫാ. റോബിന്‍ തന്നെയായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ