മണിക്ക് ഉപദേശകനെ തേടുന്നു!

പ്രസംഗങ്ങളും വാര്‍ത്തകളും തയാറാക്കണം; സദാസമയവും കൂടെയുണ്ടാകണം

തൊടുപുഴ: മന്ത്രി എം.എം. മണിയെ പ്രസംഗം പഠിപ്പിക്കാന്‍ പാര്‍ട്ടി ഉപദേശകനെ തേടുന്നു. മന്ത്രി എംഎം മണിയുടെ വിവാദ പ്രസ്താവനകള്‍ പാര്‍ട്ടിക്കും എല്‍ഡിഎഫിനും തലവേദനയായിരിക്കെയാണ് പരിഹാരം കണ്ടെത്താന്‍ ഉപദേശകനെ നിയമിക്കാന്‍ സിപിഐഎം ആലോചന.

പ്രസംഗങ്ങളും വാര്‍ത്തകളും തയ്യാറാക്കുക, പൊതുവായ വിഷയങ്ങളില്‍ ജനങ്ങളുമായി ഇടപെടല്‍ നടത്തുക എന്നതായിരിക്കും ഉപദേശകന്റെ ചുമതല. എത്രയും പെട്ടെന്ന് ഉപദേശകനെ കണ്ടെത്താന്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. മണിയുടെ ഒപ്പം എപ്പോഴും ഈ ഉപദേശകന്‍ ഉണ്ടായിരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

എഴുതി തയ്യാറാക്കിയല്ല മണി പ്രസംഗിക്കുന്നത്. പഴ്സണ്‍ അസിസ്റ്റന്റ് ആയി നിയമിക്കപ്പെട്ടിട്ടുള്ള വ്യക്തിയും പലപ്പോഴും ഉണ്ടാകാറില്ല. ഗണ്‍മാനെ മാത്രം കൂട്ടിയാണ് മണിയുടെ മിക്കവാറും യാത്ര. ഇത് കൊണ്ട് ആരോടും ആലോചിക്കാതെയുള്ള പ്രസ്താവനകളാണ് മണിയെ കുടുക്കിലാക്കുന്നത് എന്ന ആലോചനയാണ് ഒപ്പം സഞ്ചരിക്കുന്ന സഹായിയെ ചുമതലപ്പെടുത്താന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചത്. പ്രസംഗങ്ങളും മറ്റും തയ്യാറാക്കുന്നതിനു വേണ്ടി ഒരാളെ ചുമതലപ്പെടുത്തുന്ന കാര്യം ആലോചനയിലാണെന്ന് മണി പറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ