വിവാഹ തട്ടിപ്പ്: പ്രതികളെ കൊച്ചിയിലെത്തിച്ചു

ഭിന്നശേഷിയുള്ളവരെ വിവാഹം കഴിച്ച ശേഷം പണവും സ്വര്‍ണവും അപഹരിക്കുന്ന സംഘത്തെ കൊച്ചിയിലെത്തിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ നിരവധി പേരെ വിവാഹം ചെയ്ത് വഞ്ചിച്ച കേസിലെ പ്രതികളായ ഇന്‍ഡോര്‍ സ്വദേശിനി മേഘ ഭാര്‍ഗവ്(28), സഹോദരി പ്രാചി ഭാര്‍ഗവ്, മേഘയുടെ കൂടെ താമസിച്ചിരുന്ന ദേവേന്ദ്ര ശര്‍മ എന്നിവരെയാണ് കൊച്ചിയില്‍ എത്തിച്ചത്. വിവാഹ തട്ടിപ്പിനിരയായ ഗുജറാത്ത് സ്വദേശി ലെനിന്‍ ജിതേന്ദറിന്റെ പരാതിയിലാണ് അറസ്റ്റ്. മേഘയാണ് കേസിലെ ഒന്നാം പ്രതി. കൊച്ചിയില്‍ സ്ഥിര താമസമാക്കിയ ലെനിന്റെ പരാതിയെത്തുടര്‍ന്ന് കടവന്ത്ര എസ്ഐ ടി. ഷാജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.

മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് നോയിഡയില്‍ നിന്ന് മേഘയെയും കൂട്ടാളികളെയും പിടികൂടിയത്. ലെനിന്‍ ഉള്‍പ്പെടെ നാലുപേരെ വിവാഹം ചെയ്ത് തട്ടിപ്പ് നടത്തിയെന്ന് കടവന്ത്ര പോലീസ് പറഞ്ഞു. വിവാഹശേഷം വരന്റെ പണവും സ്വര്‍ണാഭരണവുമായി കടന്നുകളയുകയാണ് മേഘയുടെ രീതി. തട്ടിപ്പ് സംഘത്തിലെ പ്രധാന പ്രതിക്കായി നോയിഡ പോലീസിന്റെ സഹായത്തോടെ അന്വേഷണം തുടരും. ഉത്തരേന്ത്യയിലും സമാന രീതിയില്‍ വിവാഹ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിന്റെ വ്യാപ്തി തിരിച്ചറിഞ്ഞ പോലീസ് അന്വേഷണം ഉത്തരേന്ത്യയിലേക്ക് വ്യാപിപ്പിക്കുകയായിരുന്നു.

ലെനിനെ പരിചയപ്പെട്ട മേഘ ഇടനിലക്കാരന്‍ വഴിയാണ് വിവാഹാലോചന നടത്തിയത്. സംസാര വൈകല്യമുള്ള ലെനിനെ വിവാഹം ചെയ്യുന്നതിന് പകരമായി 15 ലക്ഷം രൂപയും 25 പവനും വിവാഹ വസ്ത്രവും മേഘയ്ക്ക് നല്‍കി. സ്വര്‍ണവും രൂപയും മറ്റും ഇന്‍ഡോറിലെ വീട്ടിലെത്തിച്ചാണ് വിവാഹം നടത്തിയത്. ഒരു മാസത്തോളം ലെനിനൊപ്പം കഴിഞ്ഞ മേഘയെ സഹോദരി പ്രാചി നാട്ടിലേക്ക് കൊണ്ടുപോയി. എന്നാല്‍ തിരികെ എത്തിയില്ല. തിരികെ കൊണ്ടുവരാന്‍ ലെനിന്‍ ഇന്‍ഡോറിലെത്തിയെങ്കിലും കൂടെ വരാന്‍ മേഘ തയാറായില്ല. അവിടെനിന്ന് താമസം മാറുകയും ചെയ്തു. തുടര്‍ന്നാണ് ലെനിന്‍ പോലീസില്‍ പരാതി നല്‍കിയത്.

 

കേരളത്തില്‍ തട്ടിപ്പിനിരയായ മറ്റുള്ളവര്‍ പരാതി നല്‍കിയിട്ടില്ല. ജൈന സമുദായത്തിലെ അംഗ വൈകല്യമോ മറ്റ് ശാരീരിക വിഷമതകളോ അനുഭവിക്കുന്ന സമ്പന്നന്‍മാരായ യുവാക്കളെയാണ് ഇവര്‍ ലക്ഷ്യമിട്ടിരുന്നത്. മതാചാര പ്രകാരമുള്ള വിവാഹമായതിനാല്‍ രേഖകളൊന്നും സൂക്ഷിച്ചിരുന്നില്ല. ഇത് മുതലെടുത്താണ് മേഘ കേരളത്തിലടക്കം തട്ടിപ്പ് നടത്തിയത്. ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ സമാനമായ തട്ടിപ്പ് നടത്തിയത് സംബന്ധിച്ച് അതാതിടത്തെ പോലീസ് അന്വേഷിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ