വ്യായാമം ഒരു ശീലം; 75കാരന്‍ മുന്‍ എം.എല്‍.എ ഇപ്പോഴും ആരോഗ്യവാന്‍

പിറവം മുൻ എം.എൽ എ യും എഴുപത്തിയഞ്ച് വയസ്സുകാരനുമായ എം. ജെ. ജേക്കബ്ബിന്റെ ആരോഗ്യ ശീലങ്ങൾ കണ്ടാൽ ന്യൂ ജെൻ പയ്യന്മാർ മാത്രമല്ല, പെൻഷനാവുന്നതോടെ ഇനി ഒന്നിനും കൊള്ളില്ലെന്ന മനോഭാവം ഉള്ളവരും ഞെട്ടും.  പിറവംകാരടക്കം മലയാളികൾ മൂടിപ്പുതച്ചുറങ്ങുന്ന പുലർച്ചെ നാലുമണിക്ക് ജേക്കബ്ബ്  ഉണരും. പിന്നീട് പിറവം കനാൽ റോഡ് വഴി ഒരു നടപ്പാണ്. കുറഞ്ഞത് നാല് കിലോമീറ്റർ.  അങ്ങോട്ട് നടപ്പും ഇങ്ങോട്ട് ജോംഗിങ്ങും എന്നതാണ് രീതി. എം.എൽ എ ആയിരുന്നപ്പോഴും ശീലങ്ങൾക്ക് മാറ്റം വരുത്തിയില്ല ജേക്കബ്ബ്.

തിരുവനന്തപുരത്തായിരിക്കുമ്പോഴും പഴയ ശീലങ്ങൾ തന്നെ. ഇപ്പോൾ തിരുവനന്തപുരത്ത് വരേണ്ടി വന്നാൽ യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് കായിക പരിശീലനം. ഓട്ടത്തോടും വ്യായാമത്തോടും എം .ജെ. ജേക്കബ്ബിന് കമ്പം തുടങ്ങിയത് ഹൈസ്ക്കൂൾ പഠനകാലത്തായിരുന്നു. കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് ഹൈസ്കൂളിൽ പഠിക്കുമ്പോൾ ട്രാക്ക് ആൻറ് ഫീൽഡിൽ ചാമ്പ്യനായി. തുടർന്ന് അന്നത്തെ ഏക സർവ്വകലാശാലയായിരുന്ന കേരളാ യൂണിവേഴ്സിറ്റിക്ക് കീഴിലെ ആലുവ യു.സി കോളേജിൽ 1962- 66 കാലഘട്ടത്തിലെ അത് ലറ്റിക് ചാമ്പ്യൻ.  പ്ലസ് ടൂ വിന് തുല്യമായ അന്നത്തെ പ്രീ യൂണിവേഴ്സിറ്റിക്ക് പഠിക്കുമ്പോൾ 400 മീറ്റർ ഹർഡിൽസിൽ റെക്കോഡിട്ടു.

പഠനകാലത്തുള്ള കായിക രംഗത്തെ ഈ കുതിപ്പിനിടയിലാണ് ജേക്കബ്ബ് കാർഷികോത്സവമായ കാക്കൂർ കാളവയലിൽ പങ്കെടുക്കുന്നത്. കാള ഓട്ടത്തിനിടെ ഇടത് കാലിന് പരിക്കേറ്റു. ജീവിതത്തിൽ വ്യായാമത്തിൽ നിന്നും ആകെ വിട്ടു നിന്ന് ഈ ഘട്ടത്തിൽ മാത്രമാണെന്ന് അദ്ദേഹം ഓർക്കുന്നു. തിരക്കേറിയ പൊതുപ്രവർത്തനത്തിനിടയിലും ജേക്കബ്ബ് ആരോഗ്യ ശീലങ്ങളിൽ വിട്ടുവീഴ്ചക്ക് ഒരുക്കമായിരുന്നില്ല. ഈ ശീലം അദ്ദേഹത്തെ എത്തിച്ചത് രാജ്യന്തര കായിക രംഗത്ത്. ചെറുതെന്നോ, വലുതെന്നോ ഭേദമില്ലാത്ത എല്ലാ മത്സരങ്ങളിലും  പങ്കെടുക്കുക എന്നതാണ് എം.ജെ.ജേക്കബ്ബിന്റെ ശീലം.

കേരളാ നിയമസഭയുടെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് ജനപ്രതിനിധികൾക്കായി നടത്തിയ അത് ലറ്റിക് മീറ്റിൽ അമ്പത് വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ചാമ്പ്യനായി. 2014ൽ ജപ്പാനിൽ നടന്ന ഏഷ്യൻ മാസ് സ്റ്റേഴ്സ് അത്‌ ലറ്റിക് ചാമ്പ്യൻഷിപ്പിലെ ലോംഗ്ജംപ്, ട്രിപ്പിൾ ജംപ്‌ മത്സരങ്ങളിൽ വെള്ളി – വെങ്കല മെഡലുകൾ നേടി. കഴിഞ്ഞ ഒക്ടോബർ 26 മുതൽ നവംബർ 6 വരെ ഓസ്ട്രേ ലിയയിലെ പെർത്തിൽ സംഘടിപ്പിച്ച മാസ്റ്റേഴ്സ് മീറ്റിലും ഈ എഴുപത്തിയഞ്ച്കാരൻ ഇന്ത്യയുടെ യശസ്സ് ഉയർത്തി. 4 ഗുണം 100 , 4 ഗുണം 400 മീറ്റർ റിലേ മത്സരങ്ങളിൽ  വെങ്കലം നേടിയാണ് അദ്ദേഹം പെർത്തിൽ ഇന്ത്യൻ പതാക പാറിച്ചത്. പെർത്തിൽ നിന്നും മടങ്ങിയെത്തിയ ജേക്കബ്ബിനെ  ഡൽഹിയിൽ വിളിച്ചു വരുത്തി കേന്ദ്ര സർക്കാർ ആദരിച്ചു.

എഴുപത്തിയഞ്ചാം വയസ്സിലും ആരോഗ്യം നിലനിർത്തുന്നതിൽ ഭക്ഷണക്രമത്തിൽ വലിയ പങ്കില്ലെന്നാണ് ജേക്കബ്ബിന്റെ പക്ഷം.
വെജ്  എന്നോ നോൺ വെജ് എന്നോ ഉള്ള തരം തിരിവുകളൊന്നുമില്ല. രണ്ടായാലും പക്ഷേ മിതത്വം പാലിക്കും. വല്ലപ്പോഴും വരുന്ന പനിയോ, ജലദോഷമോ അല്ലാതെ  മറ്റ്  രോഗങ്ങളൊന്നും ഇതുവരെ പിടികൂടിയിട്ടില്ല. ഇടക്കിടെ ഹെൽത്ത് ചെക്കപ്പ് നടത്തും. ആരോഗ്യം ഡബിൾ ഒകെ. ചെറുപ്പക്കാരോടും, പ്രായമായി എന്നു തോന്നുന്നവരോടും ഈ മുൻ എം. എൽ . എ ക്ക് പറയാനുള്ളത് ഇതാണ് _ ഇനിയും വൈകിയിട്ടില്ല. ദിവസം ഒരു മണിക്കൂർ വ്യായാമത്തിന് വേണ്ടി മാറ്റിവെക്കൂ. ആശുപത്രികളേയും മരുന്നുകളേയും ഒഴിവാക്കൂ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ