സൂക്ഷിക്കുക! കേരളത്തില്‍ ‘മോറ’ ചുഴലിക്കാറ്റ് വീശാന്‍ സാധ്യത

ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മോറ ചുഴലിക്കാറ്റ് കേരളത്തിലേക്ക് ആഞ്ഞടിക്കാൻ സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ഇന്ത്യയുടെ വടക്ക് കിഴക്കൻ മേഖലയിലേക്കും മോറ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മോറ ഇന്ന് ബംഗ്ലാദേശ് തീരത്തു നിന്ന് മാറി ഉച്ചയോടടുത്ത് ചിറ്റഗോങ് തീരത്തേക്ക് മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കന്ദ്രം അറിയിച്ചു.

മോറ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ബംഗ്ലാദേശിൽ പത്തു ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കുച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ. ഇന്നു ബംഗ്ലാദേശിന്‍റെ തെക്കുകിഴക്കൻ തീരത്തേക്കടുക്കുന്ന കാറ്റ് ഉച്ചയോടെ തീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കാറ്റിനെ ലെവൽ -10 വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്.

ബംഗ്ലാദേശിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കനത്ത മഴ അനുഭവപ്പെടും. മോറയുടെ സ്വാധീനത്താലാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ എന്ന കാലവർഷം കേരളത്തിൽ പ്രവേശിച്ചത്. ഒപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കും കാലവർഷം എത്തുമെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശിനു പ്രളയഭീഷണിയും റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടുന്നു..

ഇന്ത്യാ സമുദ്രത്തിൽ ഈ സീസണിലെ രണ്ടാമത്തെ ചുഴലിക്കാറ്റാണ് മോറ. ഏപ്രിലിൽ ഇന്ത്യോനേഷ്യൻ മേഖലയിൽ ആഞ്ഞടിച്ച മാരുതയായിരുന്നു ആദ്യത്തേത്. ശ്രീലങ്കക്ക് കിഴക്ക് രൂപം കൊണ്ട് വടക്ക് – വടക്കുകിഴക്ക് ദിശയിലാണ് മോറ നീങ്ങിയത്. മോറ മൂലമാണ് ശ്രീലങ്കയിൽ 175 പേരുടെ മരണത്തിനിടയാക്കിയ പ്രളയവും മണ്ണി‌ടിച്ചിലും ഉണ്ടായത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ