മുത്വലാഖില്‍ അഭിപ്രായം പറയാന്‍ സ്‌ത്രീകള്‍ക്ക്‌ അവകാശം നല്‍കാമെന്ന്‌ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്‌

മുത്വലാഖില്‍ അഭിപ്രായം പറയാന്‍ സ്‌ത്രീകള്‍ക്ക്‌ അവകാശം നല്‍കാമെന്ന്‌ മുസ്‌ലിം വ്യക്തി നിയമ ബോര്‍ഡ്‌. വിവാഹകരാറില്‍ ഇക്കാര്യം ഉള്‍പെടുത്താന്‍ മതപുരോഹിതര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കാമെന്നും ബോര്‍ഡ്‌ സുപ്രീംകോടതിയെ അറിയിച്ചു. മുത്വലാഖ്‌ ഭരണഘടന വിരുദ്ധമായി പ്രഖ്യാപിക്കണമെന്നാവശ്യപെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതിയില്‍ വാദം പൂര്‍ത്തിയായി.

കേസ്‌ കോടതി വിധി പറയാനായി മാറ്റി. മുത്തലാഖിന്‍റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ആറ്‌ ദിവസത്തെ വാദത്തിനു ശേഷമാണ്‌ ചീഫ് ജസ്റ്റിസിന്‍റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച്‌ വിധി പറയാനായി മാറ്റിയത്‌. മുത്വലാഖ്‌ മുസ്ലീം വിശ്വാസത്തിന്‍റെ ഭാഗമല്ലെന്നും ഭരണഘടനയുടെ 25 ാം അനുഛേദ പ്രകാരമുള്ള സംരക്ഷണം കിട്ടില്ലെന്നുമായിരുന്നു ഹര്‍ജി നല്‍കിയ മുസ്ലീം സ്ത്രീകളുടെ പ്രധാന വാദം.

ഇതിനെ പൂര്‍ണ്ണമായും പിന്തുണച്ച കേന്ദ്രസര്‍ക്കാര്‍ എല്ലാ തലാഖുകളും ഭരണഘടന വിരുദ്ധമാണെന്ന്‌ വാദിച്ചു. മുത്വലാഖ്‌ വിഷയത്തിലേത്‌ ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിലുള്ള പോരാട്ടമല്ല. മുസ്ലീം സമുദായത്തിലെ ദുര്‍ബല സ്‌ത്രീകളും ശക്തരായ പുരുഷന്‍മാരും തമ്മിലുള്ള പോരാട്ടമാണ്‌. ത്വലാഖ്‌ ഭരണഘടന വിരുദ്ധമാണെന്ന്‌ കോടതി ഉത്തരവിട്ടാല്‍ മുസ്ലീം വിവാഹ മോചനത്തിനായി പുതിയ നിയമം കൊണ്ടണടുവരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

1400 വര്‍ഷങ്ങളായി തുടരുന്ന ആചാരം അനിസ്‌ലാമികമാവുന്നത്‌ എങ്ങനെയെന്നായിരുന്നു മുസ്ലീം വ്യക്തി നിയമബോര്‍ഡിന്‍റെ മറുവാദം. ത്വലാഖ്‌ നല്ല ആചാരമാണെന്നുള്ള അഭിപ്രായമില്ലെന്ന്‌ ബോര്‍ഡിന്‌ കോടതിയില്‍ സമ്മതിക്കേണ്ടി വന്നു. മുത്തലാഖില്‍ അഭിപ്രായം പറയാന്‍ സ്‌ത്രീകള്‍ക്ക്‌ അവസരം നല്‍കുമെന്നും ഇതു സംബന്ധിച്ച്‌ മതപുരോഹിതന്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുമെന്ന് അവസാന ദിവസം ബോര്‍ഡ്‌ കോടതിയെ അറിയിച്ചു.

കോടതി ഇടപെടല്‍ ഒഴിവാക്കാനുള്ള അവസാന ശ്രമമായിട്ടാണ്‌ ഈ വാദം വിലയിരുത്തപെട്ടത്‌. മുത്വലാഖ്‌ പാപമാണെന്നായിരുന്നു കേസിലെ അമിക്കസ്‌ക്യൂറി സല്‍മാന്‍ ഖുര്‍ഷിദിന്‍റെ നിലപാട്‌. മുത്വലാഖ്‌ നീചവും അനഭിലഷണീയവുമായ വിവാഹ മോചന രീതിയാണെന്ന്‌ വാദത്തിനിടെ ബഞ്ച്‌ നിരീക്ഷിച്ചിരുന്നു. മുത്വലാഖിനെ വധശിക്ഷയോടാണ്‌ കോടതി ഉപമിച്ചത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ