വൃക്കരോഗികളുടെ ചികിത്സക്ക് പണം കിട്ടിയില്ല: നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചു 

ചികിത്സയ്ക്ക് പണം ലഭിച്ചില്ല, ബാങ്ക് ഉപരോധിച്ചു 

കുമ്പനാട് എസ്.ബി.ടി ബാങ്കാണ് നാട്ടുകാര്‍ ഉപരോധിച്ചത് 

ഉടന്‍ പണം നല്‍കാന്‍ കളക്ടര്‍ ഉത്തരവിട്ടു 

അക്കൗണ്ടിലെ പണം ചികിത്സയ്ക്കായി വിനിയോഗിക്കാന്‍ കഴിയാതെ വന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചു. കുമ്പനാട് നെല്ലിമല കൊച്ചാലുംമൂട് എസ്.ബി.ടി ശാഖയിലെ ജീവനക്കാരാണ് നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ചൂടറിഞ്ഞത്. കൊച്ചാലുംമൂട് സ്വദേശിനിയായ അന്നമ്മയുടെ രണ്ട് മക്കള്‍ കടുത്ത വൃക്കരോഗികളാണ്. ഇവരുടെ ചികിത്സയ്ക്ക് ആവശ്യമായ പണം പിന്‍വലിക്കാനാണ് അന്നമ്മ ബാങ്കിലെത്തിയത്. കഴിഞ്ഞ ഒരാഴ്ചയായി ബാങ്കില്‍ കയറിയിറങ്ങിയപ്പോഴൊക്കെ മതിയായ പണമില്ലെന്ന് പറഞ്ഞ് ബാങ്ക് അധികൃതര്‍ അന്നമ്മയെ മടക്കി അയച്ചു. വൃക്ക രോഗികളായ മകനെയും മകളെയും കഴിഞ്ഞ തിങ്കളാഴ്ച തന്നെ കോട്ടയം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു. ഇക്കാരണം പറഞ്ഞ് ചെക്ക് നല്‍കിയപ്പോള്‍ പിന്നെ വരാന്‍ പറഞ്ഞ് ബാങ്ക് ജീവനക്കാര്‍ അന്നമ്മയെ മടക്കി അയച്ചു. തുടര്‍ച്ചയായി മൂന്നു ദിവസം ബാങ്ക് അവധിയാണെന്ന് സൂചിപ്പിച്ചപ്പോഴും ഇതേ മറുപടി തന്നെയാണ് അന്നമ്മയ്ക്ക് ലഭിച്ചത്. ജീവനക്കാര്‍ ആവശ്യപ്പെട്ടതു പ്രകാരം ചൊവ്വാഴ്ച ബാങ്കിലെത്തിയപ്പോഴും പഴയ പല്ലവി തന്നെ ബാങ്കില്‍ നിന്നും ലഭിച്ചു.

അടിയന്തര ചികിത്സയ്ക്കായി നല്‍കാനുള്ള പണം പോലും നല്‍കാന്‍ ബാങ്കില്‍ ഇല്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുന്നത് അറിഞ്ഞാണ് നാട്ടുകാര്‍ ബാങ്ക് ഉപരോധിച്ചത്. തുടര്‍ന്ന് പോലീസ് ഇടപെടുകയും നാട്ടുകാരും ബാങ്ക് മാനേജരുമായും ചര്‍ച്ച നടത്തി. ഇവര്‍ ജില്ലാ കളക്ടറോട് ബന്ധപ്പെട്ടപ്പോള്‍ ആവശ്യമായ പണം നല്‍കാനുള്ള നിര്‍ദ്ദേശം ലഭിച്ചു.

ഭര്‍ത്താവ് മരിച്ചു പോയ അന്നമ്മ കൂലി പണി ചെയ്താണ് ജീവിക്കുന്നത്. വൃക്ക രോഗികളായ രണ്ടു മക്കളും പ്രായമായ അമ്മയും ജീവിക്കുന്നത് അന്നമ്മയുടെ വരുമാനത്തെ ആശ്രയിച്ചാണ്. ഓരോ ആഴ്ചയിലും ഭീമമായ തുകയാണ് ചികിത്സയ്ക്കായി ചിലവഴിക്കേണ്ടി വരുന്നത്. ഇതറിയാവുന്ന നാട്ടുകാരും സന്നദ്ധ സംഘടന പ്രവര്‍ത്തകരും ചേര്‍ന്ന് പിരിവെടുത്താണ് ചികിത്സയ്ക്കുള്ള പണം സമാഹരിച്ചത്. ബാങ്കിലെ നിക്ഷേപമായി നല്‍കിയ ഈ തുകയാണ് ബാങ്കില്‍ മതിയായ പണമില്ലാത്തതിനാല്‍ പിന്‍വലിക്കാനാവില്ലെന്ന് പറഞ്ഞ് ബാങ്കുകള്‍ പലവട്ടം മടക്കി അയച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ