ന്യൂസ് 18 ലെ ആത്മഹത്യാ ശ്രമം; കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം

ന്യൂസ് 18 ചാനലിലെ തൊഴില്‍ പീഡനത്തെത്തുടര്‍ന്ന് മാധ്യമപ്രവര്‍ത്തക ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ കുറ്റവാളികളെ അടിയന്തിരമായി അറസ്റ്റ്‌ചെയ്യണമെന്ന് കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയ പേഴ്‌സണല്‍ യൂനിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. തൊഴില്‍ രംഗത്ത് വനിതകള്‍ നേരിടുന്ന പ്രതികാര നടപടികള്‍ അതീവ ഗൗരവത്തോടെയാണ് യൂണിയന്‍ കാണുന്നതെന്നും അതിനെതിരെ സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും കേരള റിപ്പോര്‍ട്ടേഴ്‌സ് ആന്‍ഡ് മീഡിയ പേഴ്‌സണല്‍ യൂനിയന്‍ പിണറായി മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ കത്തില്‍ വ്യക്തമാക്കുന്നു.

ഇന്നലെ രാത്രിയാണ് ചാനലിന്റെ തിരുവനന്തപുരം ബ്യൂറോയിലെ ജീവനക്കാരി ആത്മഹത്യക്കു ശ്രമിച്ചത്. മാനസികമായി പീഡിപ്പിച്ചതിനു ശേഷം രാജി ആവശ്യപ്പെട്ടതോടെ ചാനലിന്റെ ഓഫീസില്‍ വച്ചുതന്നെ ഗുളിക കഴിച്ച് മാധ്യമപ്രവര്‍ത്തക ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

ആത്മഹത്യയ്ക്കു ശ്രമിച്ച യുവതിയെ അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലാണ്. പെര്‍ഫോമന്‍സ് മോശമാണെന്നു ചൂണ്ടിക്കാണിച്ചാണ് പുറത്താക്കാന്‍ ശ്രമിച്ചതെന്നാണ് ആരോപണം. അതേസമയം, യുവതിയുടെ ആത്മഹത്യശ്രമത്തിലേക്ക് നയിച്ച തൊഴില്‍ പീഡനം തുടങ്ങിവെച്ചത് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സനീഷ് ആണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ന്യൂസ് 18 ചാനലിന്റെ മലയാളം വിഭാഗത്തില്‍ മാധ്യമ പ്രവര്‍ത്തകരെ സമ്മര്‍ദ്ദത്തിലൂടെ പുറത്താക്കുന്നതായി ആരോപണമുയര്‍ന്നതിനു പിന്നാലെയാണ് ആത്മഹത്യാശ്രമം.

വിഷയത്തില്‍ കര്‍ശനമായി ഇടപെടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെയും തീരുമാനം എന്നാണ് സൂചനകള്‍. ദിലീപിന്റെ അറസ്റ്റ് ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ കര്‍ശന നടപടിയെടുത്ത് നേടിയ കയ്യടി ന്യൂസ് 18 വിഷയത്തിലും ആവര്‍ത്തിക്കാനാണ് പിണറായിയും ആഭ്യന്തര വകുപ്പും ഒരുങ്ങുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ