മുക്കൂത്തിയാണ് താരം

സിനിമയിലായാലും കോളേജിലായാലും ആഭരണങ്ങളുടെ കൂട്ടത്തില്‍ ഇപ്പോള്‍ താരം മുക്കൂത്തിയാണ്. എ.കെ. സാജന്‍ സംവിധാനം ചെയ്ത് നയന്‍താരയും മമ്മൂട്ടിയും അഭിനയിച്ച ‘പുതിയ നിയമ’ത്തിലെ വാസുകിയിലൂടെയാണ് മുക്കൂത്തി കേരളത്തില്‍ ട്രെന്‍ഡാവുന്നത്. പിന്നീട് ‘ചാര്‍ളി’യില്‍ പാര്‍വ്വതി കൂടി മുക്കൂത്തി ധരിച്ചെത്തിയപ്പോള്‍ യുവത്വം ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. പുരാതനകാലത്ത് നമ്മുടെ നാട്ടിലുള്ള ആദിവാസികള്‍ ധരിച്ചിരുന്ന തരത്തിലുള്ള മുക്കൂത്തിയാണ് ഇന്ന് സ്ത്രീകള്‍ക്ക് ഏറെ പ്രിയം.

ട്രെന്‍ഡുകള്‍ ഇങ്ങനെ മാറിമാറി വരുന്നതു കൊണ്ട് മുക്കൂത്തിക്കു വേണ്ടി മൂക്കുകുത്താനൊന്നും ഒരുക്കമല്ലെന്നാണ് ഇവരില്‍ പലരും പറയുന്നത്. എന്നാല്‍ ഒറിജിനാലിറ്റി വിട്ടൊരു കളിയില്ല എന്നു പറയുന്ന പലരും ഇതിനകം തട്ടാന്റെ അടുത്തുപോയി മൂക്കു കുത്തി സുന്ദരിമാരായിട്ടുണ്ട്.

ബാംഗ്ലൂരില്‍ മുക്കൂത്തിക്കു വേണ്ടി മാത്രമായി ഒരു ഷോപ്പ് തന്നെയുണ്ട്. കുന്തന്‍ വര്‍ക്ക്, ഇനാമല്‍ വര്‍ക്ക്, ഗ്ലാസ്, വയര്‍ തുടങ്ങിയവ ഉപയോഗിച്ചുള്ള മുക്കൂത്തികളൊക്കെ ഇവിടെ ലഭിക്കും. ഇന്ത്യയിലെ പേരുകേട്ട ഡിസൈനറും മോഡലുമായ ശോഭാ അശ്വിന്‍ ആണ് ബാംഗ്ലൂര്‍ ആസ്ഥാനമായി മുക്കൂത്തിക്കു വേണ്ടി ഷോപ്പ് തുറന്നത്. ഓണ്‍ലൈന്‍ വഴിയാണ് കൂടുതല്‍ വില്പന സാധ്യത എന്നു മനസ്സിലാക്കിയ ശോഭ ഇതിനു വേണ്ടി ഒരു വെബ്‌സൈറ്റും തുറന്നു. അങ്ങനെ മറ്റാഭരണങ്ങള്‍ക്കൊപ്പം സ്ഥാനം പിടിക്കാനും മുക്കൂത്തിക്ക് സാധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ