മോദിക്കെതിരെ ഉത്തരവ് ഇട്ടയാള്‍ക്ക് പണിപോയി

നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കാന്‍ ഉത്തരവിട്ട വിവരാവകാശ കമ്മീഷണറെ ഒഴിവാക്കി

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് പരസ്യമാക്കാന്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയ വിവരവകാശ കമ്മീഷണറെ കേന്ദ്രമാനവ വിഭവശേഷി വകുപ്പിന്റെ ചുമതലയില്‍ നിന്നും ഒഴിവാക്കി.

വിവരാവകാശ കമ്മീഷണര്‍ ശ്രീധര്‍ ആചാര്യലുവിനെയാണ് ചുമതലയില്‍ നിന്നും ഒഴിവാക്കിയത്.

മോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ വലിയ വിവാദങ്ങള്‍ നടക്കുകയാണ്. മോദി ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദമെടുത്തു എന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. അതേസമയം ഇത് രേഖാമൂലം തെളിയിക്കാന്‍ ബി.ജെ.പിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.

മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകര്‍ അപേക്ഷ നല്‍കിയെങ്കിലും ഡല്‍ഹി സര്‍വ്വകലാശാല ഓരോ കാരണം പറഞ്ഞ് അപേക്ഷ തള്ളുകയാണുണ്ടായത്.

ഇതിനെതിരെ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ വിവരാവകാശ കമ്മീഷണറായ ശ്രീധര്‍ ആചാര്യലു മോദി പഠിച്ചു പുറത്തിറങ്ങിയ വര്‍ഷമായ 1978-ലെ ബി.എ. കോഴ്‌സിന്റെ രേഖകള്‍ മുഴുവന്‍ പരസ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇതിനു പുറമെ വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നിഷേധിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ക്ക് കാല്‍ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. ഈ ഉത്തരവ് വന്ന് ദിവസങ്ങള്‍ക്കുള്ളിലാണ് അദ്ദേഹത്തെ ചുമതലയില്‍ നിന്ന് നീക്കിക്കൊണ്ട് മുഖ്യ വിവരാവകാശ കമ്മീഷമര്‍ ഉത്തരവിട്ടിരിക്കുന്നത്.

അദ്ദേഹത്തിനു പകരം മഞ്ജുള പരാശ്വര്‍ വിവരാവകാശ കമ്മീഷണറുടെ ചുമതലയേല്‍ക്കും. ഡിസംബര്‍ 29-നാണ് ആചാര്യലുവിനെ വിവരാവകാശ കമ്മീഷണറുടെ ചുമതലയില്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയത്. ഈ ഉത്തരവ് വന്ന് പത്തു ദിവസത്തിനുള്ളിലാണ് അദ്ദേഹത്തെ ചുമതലയില്‍ നിന്നും നീക്കിക്കൊണ്ട് മുഖ്യവിവരാവകാശ  കമ്മീഷണര്‍ ഉത്തരവിട്ടിരിക്കുന്നതെന്നാണ് വിചിത്രം.

എന്തായാലും ആചാര്യലുവിനെ ഒഴിവാക്കിയ നടപടി വരും ദിവസങ്ങളില്‍ വലിയ വിവാദങ്ങള്‍ക്ക് ഇടവരുത്തുമെന്ന കാര്യം ഉറപ്പ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ