ജീവന്‍ പകുത്തുനല്‍കിയ നല്ല ഇടയന്‍മാര്‍

ഫാദര്‍ ഡേവിസ് ചിറമേല്‍

ആത്മസമര്‍പ്പണത്തിന്റെ അടയാളമായി വൃക്കദാനം നടത്തിയത് ഒരു ബിഷപ്പ് ഉള്‍പ്പെടെ 12 വൈദികരും അഞ്ച് കന്യാസ്ത്രീകളും

ദാനത്തിന്റേയും നന്‍മയുടേയും സ്നേഹം പഠിപ്പിച്ച നല്ല ഇടയന്‍മാര്‍ ലോകമാതൃകയാകുന്നു

ക്രൈസ്തവ സഭാ ചരിത്രത്തിലാദ്യമായാണ് ഒരു ബിഷപ്പ് വൃക്കദാനം നിര്‍വ്വഹിക്കുന്നത്

ഫാദര്‍ ഡേവിഡ് ചിറമേലിന്റെ കിഡ്‌നി ഫെഡറേഷന്‍ പ്രചോദനമായി ഇതുവരെ വൃക്കദാനം ചെയ്തത് 59 പേര്‍

-എസ്. ശ്രീജിത്ത്-

മാനവസേവനത്തിന് ഉദാത്ത മാതൃകയാവുകയാണ് ഒരു ബിഷപ്പും 12 വൈദികരും അഞ്ച് കന്യാസ്ത്രീകളും.

അന്യര്‍ക്കായി ജീവിക്കുക എന്ന ദൈവവചനം യാഥാര്‍ത്ഥ്യമാക്കിയ നല്ല ഇടയന്‍മാരുടെ നാടാണ് നമ്മുടേത്. ലോകം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ഇത്രയും വൈദികര്‍ അവയവദാനത്തിന്റ പുണ്യം പകര്‍ന്നത് കേരളത്തില്‍ മാത്രം.

ഫാദര്‍ ഡേവിസ് ചിറമേലാണ് ആദ്യമായി മനുഷ്യ സ്നേഹത്തിന്റെ പുണ്യം മലയാളി മനസ്സുകളില്‍ എത്തിച്ചത്. ചിറമേലച്ചന്റെ കിഡ്നി ഫൗണ്ടെഷന്റെ പ്രവര്‍ത്തനം ഉദ്ദേശിച്ച ഫലത്തിലെത്തിയതോടെ നിരവധിപേര്‍ വൃക്കദാനം ചെയ്യാനായി മുന്നോട്ടു വന്നു. ഇതില്‍ ഒരു വലിയ വിഭാഗം വൈദികരും ഉള്‍പ്പെടുന്നു. ഒപ്പം കൊച്ചൗസേപ്പ് ചിറ്റിലപള്ളിയെ പോലുളള പ്രമുഖരും. 2016ല്‍ മാത്രം നാല് വൈദികരാണ് കിഡ്നി ഫെഡറേഷന്‍ വഴി വൃക്കദാനം ചെയ്തിരിക്കുന്നത്. ഒരുകാലത്ത് സാധാരണക്കാരന് അപ്രാപ്യമാമെന്ന് കരുതിയിരുന്ന വൃക്കരോഗ ചികിത്സ എന്ന അവസ്ഥയില്‍ വലിയ മാറ്റമുണ്ടായിരിക്കുന്നു.

സഹജീവികളോട് കരുണ കാണിക്കണമെന്ന ആശയം പ്രചരിപ്പിക്കലാണ് പ്രധാനമായും അവയവ ദാനം ലക്ഷ്യം വെയ്ക്കുന്നത്. മനുഷ്യനോട് മനുഷ്യന്‍ കാണിക്കേണ്ട സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സന്ദേശം നല്‍കുക. എല്ലാവിശ്വാസികളുടെയും സഹായം പരസ്പരം വേണമെന്നും ഫാദര്‍ ഡേവിസ് ചിറമേല്‍ പറയുന്നു. പത്ത് ശതമാനം ആളുകളെയെങ്കിലും അവയവദാനത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കാന്‍ കിഡ്‌നി ഫെഡറേഷന് സാധിച്ചുവെന്ന് വിശ്വസിക്കുന്നു. അവയവ ദാനം എല്ലാര്‍ക്കും പറ്റണമെന്നില്ല. ആരോഗ്യസ്ഥിതി കൂടി അതിന് അനുവദിക്കണം. എന്നാലും ഇതിനായി മുന്നോട്ടുവരുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്നതായി ചിറമേല്‍ അച്ചന്‍ ദൈ വൈഫൈ റിപ്പോര്‍ട്ടറോട് പറഞ്ഞു. ചിറമേല്‍ അച്ചന്റെ ഫെഡറേഷനെക്കുറിച്ച് അറിഞ്ഞ് ആളുകള്‍ സ്വയം സന്നദ്ധരായി വരികയാണെന്നുള്ളത് പ്രത്യാഷ വര്‍ദ്ധിപ്പിക്കുന്നു. ചിറമേലച്ചന്റെ പാതയില്‍ ഇന്ന് 12 വൈദികരും 5 കന്യസ്ത്രീകളും അണി ചേര്‍ന്നു കഴിഞ്ഞു.

ബിഷപ്പ് ജേക്കബ് മാര്‍ മുരിക്കന്‍
ബിഷപ്പ് ജേക്കബ് മാര്‍ മുരിക്കന്‍

മാര്‍പാപ്പ കാരുണ്യ വര്‍ഷമായി 2016 പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചരിത്രത്തിലാദ്യമായി ഒരു ബിഷപ്പ് വൃക്ക ദാനം ചെയ്യാനായി മുന്നോട്ടു വന്നത്. പാലാ രൂപതാ സഹായ മെത്രാന്‍ ബിഷപ്പ് ജേക്കബ് മാര്‍ മുരിക്കനാണ് ആ മനുഷ്യ സ്നേഹി. ദൈവിക കാരുണ്യത്തിന്റെ ചിന്തയിലാണ് തന്റെ വൃക്കദാനം ചെയ്തതെന്ന് അദ്ദേഹം പ്രതികരിച്ചിരുന്നു. തൃശ്ശൂര്‍ സ്വദേശി സൂരജിനാണ് ബിഷപ്പ് വൃക്ക ദാനം ചെയ്തത്. സഹജീവികളെ സഹായിക്കുകയെന്ന മാര്‍പാപ്പയുടെ ആഹ്വാനത്തെ തുടര്‍ന്നാണ് ബിഷപ്പ് ഈ കാരുണ്യ തീരുമാനത്തിലെത്തിയത്. ജാതിയോ മതമോ ഒന്നും നോക്കാതെയുള്ള ഈ ത്യാഗം പുതുജീവന്‍ നല്‍കിയത് ഒരു കുടുംബത്തിനാണ്.

ഫാ. ജിന്‍സന്‍
ഫാ. ജിന്‍സന്‍

കപ്പുച്ചിന്‍ സഭാംഗവും യു.കെയിലെ ചെസ്റ്റര്‍ യൂണിവേഴ്സ്റ്റിയില്‍ കൗണ്‍സിലിംഗില്‍ ഉപരിപഠനം നടത്തുന്നതുമായ കണ്ണൂര്‍ സ്വദേശി ഫാ. ജിന്‍സന്‍ മുട്ടത്തിക്കുന്നേല്‍ അജ്ഞാതനായ വ്യക്തിക്കാണ് വൃക്കദാനം നിര്‍വ്വഹിച്ചത്. ആര്‍ക്കാണ് താന്‍ വൃക്കദാനം നടത്തിയതെന്ന് അദ്ദേഹത്തിന് അറിയില്ല. ദൈവകൃപയും മനുഷ്യസ്‌നേഹവും മാത്രം കല്‍പ്പിച്ച് മാനവസേവനം നടത്തുന്നതിന് ഫാദര്‍ ജിന്‍സന്‍ പുത്തന്‍ സന്ദേശമാണ് എഴുതിച്ചേര്‍ത്തത്.

ഇതുവരെ വൃക്കദാനം നടത്തിയ വൈദികര്‍
ഫാദര്‍. ഡേവിസ് ചിറമേല്‍, ഫാദര്‍. ജോസഫ് കൊടിയന്‍, ഫാദര്‍. ഒഴലകത്ത്, ഫാദര്‍. ജിന്‍സണ്‍, ഫാദര്‍. പെരാപ്പാടന്‍, ഫാദര്‍. സൈമന്‍ പീറ്റര്‍, ഫാ. ആന്റണി, ഫാദര്‍. ബെറ്റസണ്‍, ഫാദര്‍. സെബി സെബാസ്റ്റ്യന്‍, ഫാദര്‍. ജേക്കബ് കൊഴുവേലില്‍, ഫാദര്‍. അലോഷ്യസ്, ഫാദര്‍. ഷിബു യോഹന്നാന്‍.
കന്യാസ്ത്രീകള്‍:
സിസ്റ്റര്‍. ലിറ്റില്‍ തെരേസ, സിസ്റ്റര്‍. മെര്‍ലിന്‍ മാത്യു, സിസ്റ്റര്‍. ലീന ഗിഫ്റ്റി, സിസ്റ്റര്‍. വല്‍സാ ആന്റോ, സിസ്റ്റര്‍. ചൈതന്യ.

ഇവരുടെ ഈ പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ അവയവദാനത്തിനുളള ഭയം ഒഴിവാക്കാനായി. ഇന്ന് നിരവധി പേര്‍ അവയവദാനത്തിനായി മുന്നോട്ട് വരുന്നുണ്ട്. നിരവധി ഇടവകകളിലെ മുഴുവന്‍പേരും അവയവദാനത്തിനുളള സമ്മതപത്രം നല്‍കി കഴിഞ്ഞു. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് സഖി ജോണിന്റെ പ്രവൃത്തി

പ്രൊഫ. സഖി ജോണ്‍
പ്രൊഫ. സഖി ജോണ്‍

വൃക്കകള്‍ തകരാറിലായി മരണം മാത്രം മുന്നില്‍ കണ്ട് കഴിഞ്ഞിരുന്ന ഷാജുവിന്റെ മുന്നിലേക്ക് വൃക്കദാനത്തിന് സന്നദ്ധനായി എത്തിയ സഖിജോണ്‍ ഒരു പ്രചോദനമാണ്.
ദാനത്തിന്റെ ശീലം എല്ലാവരിലും വളര്‍ത്തുക, സ്‌നേഹത്തിന്റ പാതയില്‍ ജാതിയും മതവും ഇല്ലാതെ മനുഷ്യന്‍ മാത്രം മുന്നോട്ട് പോവുക ഈ ലക്ഷ്യങ്ങളാണ് സഖി ജോണിന്റെ സ്വപ്നങ്ങളിലുണ്ടായിരുന്നത്. സന്നദ്ധപ്രവര്‍ത്തനം പണംകൊണ്ട് മാത്രമല്ല തന്റെ ശരീരം കൊണ്ടുമാകാമെന്നും തെളിയിക്കുകയാണ് സഖിജോണിന്റെ ജീവിതം.

ലോകം തിരുപിറവിയുടെ നന്മ ആഘോഷിക്കുമ്പോള്‍ ഈ നല്ല ഇടയന്‍മാരുടെ നന്മനിറഞ്ഞ മനസ്സുകൂടി ഓര്‍ക്കേണ്ടതുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ