പ്രിയാമണിക്ക് ആഗസ്റ്റില്‍ വിവാഹം

തിരുവനന്തപുരം: നടി പ്രിയാമണിക്ക് ഈ വര്‍ഷം ആഗസ്റ്റില്‍ വിവാഹം. മുംബയില്‍ ഈവന്റ് മാനേജ്‌മെന്റ് കമ്പനി നടത്തുന്ന കാമുകന്‍ മുസ്തഫ രാജുമായി കഴിഞ്ഞ വര്‍ഷം മേയില്‍ നിശ്ചയം നടത്തിയിരുന്നു. ഇരുവരുടെയും തിരക്ക് കാരണം വിവാഹം നീട്ടിവയ്ക്കുകയായിരുന്നു.

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് എന്ന ആശയം ഉണ്ടായത് മുസ്തഫയുടെ തലയിലാണ്. ബാംഗ്ലൂരുവില്‍ കൊല്‍ക്കൊത്ത- ബാംഗ്ലൂര്‍ സി.സി.എല്‍ നടക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. പ്രിയാമണി സി.സി.എല്‍ അംബാസിഡറായിരുന്നു. പിന്നീട് കേരളവും ബാംഗ്ലൂരും തമ്മില്‍ കൊച്ചിയില്‍ കളി നടന്നപ്പോള്‍ വീണ്ടും കണ്ടുമുട്ടി. നമ്പരുകള്‍ കൈമാറി. പിന്നെ വാട്‌സാപ്പ് ചാറ്റിംഗ് തുടങ്ങി. പക്ഷെ, ആദ്യം പ്രണയം തുറന്ന് പറഞ്ഞത് പ്രിയാമണിയായിരുന്നു. മുസ്തഫ അത് കാര്യമായി എടുത്തില്ല. പിന്നീട് താന്‍ ഇമോഷണല്‍ ബ്ലാക്ക്‌മെയില്‍ ചെയ്താണ് കാര്യങ്ങള്‍ നേരെയാക്കിയതെന്ന് പ്രിയാമണി ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂറും മുസ്തഫയും നല്ല സുഹൃത്തുക്കളാണ്. അങ്ങനെയാണ് സി.സി.എല്‍ ആശയം മുസ്തഫ അവതരിപ്പിക്കുന്നത്.

പ്രിയാമണി സെലിബ്രിറ്റിയെന്ന ഭാവമില്ലാത്ത ആളാണ് അതാണ് തന്നെ ആകര്‍ഷിച്ചതെന്ന് മുസ്തഫ പറഞ്ഞു. അഞ്ച് വര്‍ഷമായിട്ടും പ്രിയയ്ക്ക് മാറ്റം വന്നിട്ടില്ലെന്നും മുസ്തഫ പറഞ്ഞു. പാലക്കാട്ടുകാരനായ വാസുദേവ മണി അയ്യരുടെയും തിരുവനന്തപുരത്തുകാരിയായ ലതാ കൈലാഷിന്റെയും മകളായി ബാംഗ്ലൂരുവിലാണ് പ്രിയാമണി ജനിച്ചത്.

ലതാ കൈലാഷ് അറിയപ്പെടുന്ന ഗായികയും ബാഡ്മിന്റണ്‍ താരവുമായിരുന്നു. നടന്‍ മുകേഷിനൊപ്പം തിരുവനന്തപുരം ലാ അക്കാദമിയില്‍ ലതാ കൈലാഷ് പഠിച്ചിട്ടുണ്ട്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ