അന്നംമുട്ടിച്ച് റേഷന്‍ സമരം തുടങ്ങി

സംസ്ഥാനത്തെ റേഷൻ വിതരണ മേഖല സ്തംഭനത്തിലേക്ക്. റേഷൻ വ്യാപാരികൾ ഇന്ന് മുതൽ അനിശ്ചിതകാലത്തേക്ക് കടകൾ അടച്ചിട്ട് പ്രതിഷേധിക്കും. ഭക്ഷ്യ സുരക്ഷ നിയമം ഫലപ്രദമായി നടപ്പിലാക്കുക, കമ്മീഷൻ കൂടിശ്ശിക തീർക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍റെ നേതൃത്വത്തിൽ നടന്ന യോഗത്തിലെ ഉറപ്പുകൾ ലംഘിച്ചുവെന്നാണ് റേഷൻ വ്യാപാരികളുടെ ആരോപണം. ഓൾ കേരള റേഷൻ റിട്ടേലേഴ്സ് അസോസിയേഷന്‍റെ നേതൃത്വത്തിലുള്ള റേഷൻ വ്യാപാരികളാണ് സമരത്തിൽ പങ്കെടുക്കുന്നത്.

സ്‌ഥിതി ഗുരുതരമായിട്ടും സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച്‌ കൂടുതല്‍ ചര്‍ച്ചയ്‌ക്കു തയാറായില്ല. ഒരു ക്വിന്റല്‍ ഭക്ഷ്യധാന്യത്തിന്റെ വിതരണത്തിന്‌ 90 രൂപയാണ്‌ വ്യാപാരികള്‍ക്കു ലഭിക്കുന്നത്‌. പരീക്ഷണാടിസ്‌ഥാനത്തില്‍ വാതില്‍പ്പടി വിതരണം ആരംഭിച്ച 2016 നവംബര്‍ മുതല്‍ ക്വിന്റലിന്‌ 50 രൂപ അധികം നല്‍കാമെന്ന്‌ ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമന്‍ സമ്മതിച്ചിരുന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അതില്‍ നിന്നു പിന്നാക്കംപോയെന്നും വ്യാപാരികള്‍ കുറ്റപ്പെടുത്തുന്നു. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്ന മുറയ്‌ക്ക്‌ വേതനം നല്‍കാമെന്ന കാര്യത്തിലും തീരുമാനമായില്ല.

കമ്മീഷന്‍ പുതുക്കുന്നതു സംബന്ധിച്ച്‌ മന്ത്രി തിലോത്തമന്‍ നല്‍കാമെന്നേറ്റ ഇന്‍സെന്റീവ്‌ നല്‍കണമെങ്കില്‍ 500 കോടി രൂപ വേണമെന്നതിനാല്‍ അതു പറ്റില്ലെന്നാണ്‌ മുഖ്യമന്ത്രി നിലപാടെടുത്തതെന്ന്‌ വ്യാപാരികള്‍ പറയുന്നു.
റേഷന്‍കടയില്‍ പി.ഒ.എസ്‌. യന്ത്രങ്ങളും കമ്പ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങളും സ്‌ഥാപിച്ചാല്‍ കടയുടെ അവകാശം സര്‍ക്കാരില്‍ നിക്ഷിപ്‌തമാകുമെന്നതിനാല്‍ കടവാടകയിലടക്കം വ്യക്‌തമായ കരാറും ധാരണയും വേണമെന്നാണ്‌ അവരുടെ നിലപാട്‌.

ഉദ്യോഗസ്‌ഥരുടെയും കരാറുകാരുടെയും അവിശുദ്ധ കൂട്ടുകെട്ട്‌ മൂലം സംസ്‌ഥാനം കടുത്ത ഭക്ഷ്യപ്രതിസന്ധിയിലേക്കാണെന്ന്‌ മംഗളം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. സാധാരണക്കാരുടെ ആശ്രയമായ റേഷന്‍ കടകളിലേക്ക്‌ ഈ മാസത്തെ വിതരണത്തിനുള്ള ഭക്ഷ്യവസ്‌തുക്കള്‍ എത്തിക്കാന്‍ നടപടി സ്വീകരിക്കാതിരുന്നതാണു കാരണം. മേയിലേക്കുള്ള അരിയും ഗോതമ്പുമടക്കമുള്ളവ ഒട്ടുമിക്ക റേഷന്‍കടകളിലും എത്തിയിട്ടില്ല. ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട്‌ റേഷന്‍ വസ്‌തുക്കളുടെ വാതില്‍പ്പടി വിതരണത്തിനായുള്ള ട്രാന്‍സ്‌പോര്‍ട്ടിങ്‌ ടെന്‍ഡര്‍ അട്ടിമറിക്കപ്പെട്ടതോടെയാണ്‌ വിതരണം തടസപ്പെടുന്നത്‌.

സമരം അവസാനിച്ചാലും റേഷന്‍ വിതരണം സാധാരണ നിലയിലാകാന്‍ വൈകും.
റേഷന്‍ കരിഞ്ചന്തക്കാര്‍ക്കും പൂഴ്‌ത്തിവയ്‌പ്പുകാര്‍ക്കും വേണ്ടി ഉദ്യോഗസ്‌ഥ ലോബി അട്ടിമറിച്ച വാതില്‍പ്പടി വിതരണത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍റേഷനെ മാത്രം ആശ്രയിക്കുന്ന ലക്ഷക്കണക്കിനു നിര്‍ധനരാകും പട്ടിണിയാകുക.
കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, പാലക്കാട്‌, കോഴിക്കോട്‌ ജില്ലകളിലും വാതില്‍പ്പടി വിതരണം ആരംഭിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ