ചമയം കൊണ്ടൊരു സാന്ത്വനം

ജീവിതത്തിന്റെ വ്യര്‍ത്ഥത മനസ്സിലാക്കണമെങ്കില്‍ ഒരിക്കലെങ്കിലും തിരുവനന്തപുരത്തുള്ള റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ പോയി കുറച്ചു സമയം അവിടെ ചെലവഴിക്കണം. മുതിര്‍ന്നവരായ രോഗികളെക്കാള്‍ രോഗഗ്രസ്തരായ കുരുന്നുബാല്യങ്ങളെ കാണുന്നത് ഹൃദയഭേദകമാണ്. മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ചിലരെങ്കിലും ആ കുഞ്ഞുങ്ങളുടെ മുഖം കാണുമ്പോള്‍ ചിന്തിക്കുന്നുണ്ടാവും-എന്റെ ജീവനെടുത്തോളൂ ഈ കുരുന്നുകളെ തിരികെ കൊടുക്കൂ എന്ന്. അവര്‍ക്കിടയില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണധികവും. സമ്പന്നരിലും ഈ രോഗത്തിന്റെ വ്യാപ്തി ചെറുതല്ല. എല്ലാ സമയവും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ഡോക്ടര്‍മാരുടെ കൂട്ടായ്മയാണ് ഈ രോഗികള്‍ക്ക് പ്രത്യാശ നല്‍കുന്നത്.

ക്യാന്‍സര്‍ രോഗത്തിന്റെ പ്രധാന ചികിത്സാരീതിയാണ് കീമോതെറാപ്പി. ടാക്‌സോള്‍ തുടങ്ങിയ മരുന്നുകളുടെ ഒരു മിശ്രിതം ഡ്രിപ്പായി രോഗിക്ക് നല്‍കുന്ന രീതിയാണ് കീമോതെറാപ്പി. ആര്‍സിസിയില്‍ തന്നെയുള്ള കീമോ വാര്‍ഡില്‍ കിടത്തി വളരെ സമയമെടുത്താണ് ഈ മരുന്ന് രോഗിയില്‍ പ്രയോഗിക്കുക. ശാരീരിക ബുദ്ധിമുട്ടുകള്‍ക്കൊപ്പം മുടി കൊഴിഞ്ഞുപോവുക എന്നതാണ് ഈ ചികിത്സയുടെ പ്രത്യേകത. ഇങ്ങനെ മുടിയും പുരികവും നഷ്ടപ്പെടുന്ന രോഗികളെ ആര്‍സിസിയിലുടനീളം കാണാന്‍ കഴിയും.

തലയിലെ മുടി പല കാരണങ്ങളാല്‍ നഷ്ടപ്പെടാം. പളനി, തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളില്‍ പോയി മുണ്ഡനം ചെയ്യുക, വേനല്‍ക്കാലത്ത് മുടി മുറിച്ചുകളയുക, ചിലര്‍ ഫാഷനുവേണ്ടിയും തലമുടി വടിച്ചു കളയാറുണ്ട്. മുടിയാകട്ടെ പെട്ടെന്ന് വളര്‍ന്നുവരുന്നു. എന്നാല്‍ പുരികത്തിന്റെ കാര്യം അങ്ങനെയല്ല. ആ ഭാഗത്ത് രോമം കിളിര്‍ത്തുവരിക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. സ്റ്റീറോയിഡ് കലര്‍ന്ന മരുന്നുകളുടെ ഉപയോഗം മൂലം സ്വതവേ ചീര്‍ത്തിരിക്കുന്നവരുടെ മുഖത്തെ പുരികങ്ങള്‍ കൂടി നഷ്ടപ്പെട്ടാല്‍ ഓരോരുത്തരെയും തിരിച്ചറിയുക തന്നെ ബുദ്ധിമുട്ടായി മാറുന്നു. ചുരുക്കത്തില്‍ സ്വന്തം വ്യക്തിത്വം തന്നെ നഷ്ടപ്പെട്ടുപോകുന്നയവസ്ഥ. അതനുഭവിച്ചറിയുന്നവരുടെ ദുഃഖം ചെറുതല്ല.

ഈയൊരവസ്ഥയിലുള്ള രോഗികളില്‍ നിന്നും പ്രതിഫലേച്ഛ കൂടാതെ അവര്‍ക്ക് സാന്ത്വനമേകുന്നൊരു സ്ഥാപനം തിരുവനന്തപുരത്തുണ്ട്. വഴുതയ്ക്കാട് ആകാശവാണിയുടെ എതിര്‍വശത്തു സ്ഥിതിചെയ്യുന്ന ‘റീന്‍സ്’ എന്ന ബ്യൂട്ടിപാര്‍ലറാണത്. റീനാ മാനോജ് എന്ന ഒരു കൊച്ചു മിടുക്കിയാണത് നടത്തുന്നത്. കീമോ തെറാപ്പി കഴിയുന്ന രോഗികള്‍ക്ക് ഉണ്ടാകുന്ന മുഖത്തിന്റെ വൈരൂപ്യം ഒരു പരിധിവരെ ഇല്ലാതാക്കുവാന്‍ പുരികത്തില്‍ ടാറ്റൂയിങ് ചെയ്തുകൊടുക്കുന്നു എന്നതാണീ സ്ഥാപനത്തിന്റെ പ്രത്യേകത. ക്യാന്‍സര്‍ രോഗികള്‍ക്ക് റീന ഈ ടാറ്റൂയിങ് ഫ്രീയായിട്ടാണ് ചെയ്തുകൊടുക്കുന്നതെന്നത് പ്രത്യേകം എടുത്തുപറയേണ്ടൊരു വസ്തുതയാണ്. ഇങ്ങനെ ടാറ്റൂയിങ് ചെയ്യുന്ന പുരികങ്ങളുടെ ഭാഗത്ത് ചെറുതായി കിളിര്‍ത്തുവരുന്ന രോമവും കൂടിയാകുമ്പോള്‍ സാധാരണ പുരികത്തിനുള്ള അഴക് അനുഭവപ്പെടുന്നു.

സ്വന്തം ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് റീനയുടെ വാക്കുകളിലൂടെ-”ക്യാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാന്‍ തന്നെ ഒരാള്‍ക്ക് ചെലവാകുന്നത് വലിയ തുകയാണ്. ടാറ്റൂയിങ്ങിന് സാധാരണയായി 3500 രൂപയാണ് ചാര്‍ജ്ജ്. ആ തുക പാവപ്പെട്ട ക്യാന്‍സര്‍ രോഗികളില്‍ നിന്നും ഈടാക്കരുതെന്നെനിക്കു തോന്നി. ടാറ്റൂ ചെയ്ത കണ്‍പുരികങ്ങള്‍ പഴയപടിയാകുമ്പോള്‍ അവര്‍ക്ക് സന്തോഷവും ആത്മവിശ്വാസവും കിട്ടുന്നുണ്ടെങ്കില്‍ അതാണവര്‍ക്കുവേണ്ടി എനിക്ക് ചെയ്യുവാന്‍ കഴിയുന്ന വലിയകാര്യം.”

റീന ഈ രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടുകള്‍ പിന്നിട്ടു. ‘പാര്‍വതി’ എന്ന പേരില്‍ കൊല്ലത്താണ് ആദ്യമായി പാര്‍ലര്‍ തുടങ്ങിയത്. രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍ റീന ടാറ്റൂയിങ് ചെയ്തുതുടങ്ങി. ആറു വര്‍ഷങ്ങള്‍ക്ക് മുമ്പ് വഴുതയ്ക്കാട് ‘ആസ്റേ’ എന്ന പേരിലാണ് ബ്യൂട്ടി പാര്‍ലര്‍ തുടങ്ങിയത്. അതിനുശേഷമാണ് ക്യാന്‍സര്‍ രോഗികള്‍ക്കുവേണ്ടി തന്നാല്‍ കഴിയുന്നതെന്തെങ്കിലും ചെയ്യണമെന്ന ചിന്ത റീനയ്ക്കുണ്ടായത്.

ഐബ്രോ ടാറ്റൂയിങ് കേരളത്തില്‍ പരിചിതമായിട്ട് ഏറെ നാളുകളായിട്ടില്ല. റീന ഈ മേഖലയിലേയ്ക്ക് കടന്നിട്ടാകെ 18 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മുമ്പ് കോവളത്തെ ഉദയസമുദ്ര ഹോട്ടലില്‍ വിദേശികള്‍ക്കുവേണ്ടി ഐബ്രോ ടാറ്റൂയിങ് ചെയ്തിരുന്നു. ആവശ്യക്കാര്‍ കൂടിയപ്പോള്‍ കൊച്ചിയിലും മാസത്തിലൊരുതവണ പോയി റീന ടാറ്റൂയിങ് ചെയ്തുകൊടുക്കാറുണ്ട്. കൊഴിഞ്ഞുപോയ പുരികത്തിന്റെ സ്ഥാനത്ത് ടാറ്റൂഗണ്‍ ഉപയോഗിച്ച് പുരികത്തിന്റെ ആകൃതിയില്‍ വരച്ചുവയ്ക്കുകയാണ് ടാറ്റൂയിങ്ങിലൂടെ ചെയ്യുന്നത്. ടാറ്റൂഗണില്‍ മഷിനിറച്ച് നിറം നല്‍കേണ്ട ഭാഗത്ത് വളരെ ശ്രദ്ധയോടെവേണം വരച്ചെടുക്കാന്‍. ഗണ്ണിന്റെ അറ്റത്തായി മഷി തൊലിക്കകത്തേയ്ക്ക് കയറാനായി ഒരു സൂചിയുണ്ട്.

മറ്റു ശരീരഭാഗങ്ങളില്‍ ടാറ്റൂ ചെയ്യുന്ന അതേ രീതിയാണ് ഐബ്രോ ടാറ്റൂയിങ്ങിലും ഉപയോഗിക്കുന്നത്. പക്ഷേ ചെയ്യുന്നത് മുഖത്തായതുകൊണ്ട് കാഠിന്യം കുറഞ്ഞ സൂചിയാണിതിന് ഉപയോഗിക്കുന്നത്. ടാറ്റൂയിങ്ങിനാവശ്യമായ മഷിയും മറ്റു സാമഗ്രികളും ദുബായ്യില്‍ നിന്ന് വരുത്തുകയാണ് റീന ചെയ്യുന്നത്. മഷിക്കും നീഡിലിനുമായി വലിയ ചെലവുവരും. പെട്ടെന്ന് തകരാറാകുന്നു എന്നതാണ് ഈ ഗണ്ണിന്റെ മറ്റൊരു പ്രശ്‌നം. ഒരിക്കല്‍ ഉപയോഗിച്ച സൂചി പിന്നീടൊരിക്കലും ഉപയോഗിക്കുകയുമില്ല. ടാറ്റൂ ചെയ്യുന്നവരുടെ കൈയില്‍ തന്നെ ഉപയോഗിച്ച സൂചി കൊടുത്തുവിടാറാണ് പതിവ്.

പരിചയ സമ്പന്നതയാണ് ടാറ്റൂയിങ്ങില്‍ ഏറ്റവും ആവശ്യമെന്നാണ് റീന പറയുന്നത്. ”ഞാന്‍ ഇത് പഠിച്ചത് എന്റെ കസിനില്‍ നിന്നുമാണ്. ആദ്യം പരീക്ഷിച്ചുനോക്കിയതും സ്വന്തം വീട്ടില്‍ തന്നെ. ആദ്യമൊക്കെ ഭയത്തോടുകൂടിയായിരുന്നു ഇത് ചെയ്തിരുന്നത്. പിന്നീട് ഗൗരവത്തോടെ ചെയ്തു തുടങ്ങിയപ്പോള്‍ മനസിലായി ഏറെ ശ്രദ്ധ വേണ്ടുന്നൊരു കാര്യമാണിതെന്ന്. പരിചയസമ്പന്നത തന്നെയാണീ വിഷയത്തില്‍ ഏറ്റവും പ്രധാനം.”

ക്യാന്‍സര്‍ രോഗത്തില്‍ നിന്നും മുക്തരായവരുള്‍പ്പെടെ നിരവധി പേര്‍ ദിവസവും ഐബ്രോ ടാറ്റൂയിങ്ങിനായി റീനയുടെ സമീപത്തെത്താറുണ്ട്. കണ്‍പുരികത്തിന്റെ കട്ടി കൂട്ടാനും അപകടങ്ങളിലും മറ്റും പുരികത്തിനുണ്ടാകുന്ന മുറിവ് മാറ്റിയെടുക്കാനും വേണ്ടിയാണ് കൂടുതല്‍ പേരും ടാറ്റൂയിങ്ങിനെ ആശ്രയിക്കുന്നത്. ഒരിക്കല്‍ ടാറ്റൂയിങ് ചെയ്തുകഴിഞ്ഞാല്‍ ജീവിതാവസാനം വരെ നിറം നിലനില്‍ക്കുന്നു എന്നതാണിതിന്റെ പ്രത്യേകത.

ഇതിനായി റീന പരസ്യങ്ങളോ മറ്റ് പബ്ലിസിറ്റികളോ നല്‍കാറില്ല. ഫേസ്ബുക്കില്‍ മാത്രം ടാറ്റൂയിങ്ങിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. മറ്റുള്ളവരില്‍ നിന്ന് കേട്ടറിഞ്ഞ് ധാരാളം പേര്‍ ഇവിടെ എത്തുന്നു. ഐബ്രോ ടാറ്റൂയിങ്ങിനായി നിരവധി സിനിമ-സീരിയില്‍ താരങ്ങളും റീനയെ സമീപിക്കാറുണ്ട്. ഐബ്രോ ടാറ്റൂയിങ്ങില്‍ സ്ത്രീകളും പുരുഷന്മാരും ഒരുപോലെ തല്‍പ്പരരാണെന്ന് റീന പറയുന്നു. ഈ സംരംഭങ്ങളിലൊക്കെ പൂര്‍ണ പിന്തുണയേകി കുടുംബം റീനയോടൊപ്പമുണ്ട്. ഭര്‍ത്താവ് മനോജ് ബിസിനസുകാരനാണ്. മകള്‍ പാര്‍വതി ഓസ്‌ട്രേലിയയില്‍ വിദ്യാര്‍ഥി. മകന്‍ ആകാശ്.

റീനാ മനോജ്- 9495333399

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ