ആഡംബര ജീവിതം: ഋതബ്രത ബാനര്‍ജിയെ സി.പി.എം സസ്‌പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ ജീവിതം നയിച്ചതിന് ബംഗാള്‍ എം.പി ഋതബ്രത ബാനര്‍ജിയെ മൂന്ന് മാസത്തേക്ക് സി.പി.എം സസ്‌പെന്‍ഡ് ചെയ്തു.ബാനര്‍ജി പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായി മൂന്നംഗ കമ്മിറ്റിയെ സി.പി.എം നിയോഗിച്ചിരുന്നു. ഈ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കീശയില്‍ വിലയേറിയ മോണ്ട് ബ്‌ളാങ്ക് പേന കുത്തിയും കൈയില്‍ ആപ്പിള്‍ വാച്ച് ധരിച്ചും നില്‍ക്കുന്ന സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതാണ് ഋതബ്രത ബാനര്‍ജിക്കു വിനയായത്. ഫേസ്ബുക്കിലൂടെ ആഡംബരഭ്രമത്തെ ചോദ്യംചെയ്തതിന് തന്റെ ജോലി എം.പി തെറിപ്പിച്ചു എന്നു ചൂണ്ടിക്കാട്ടി സുമിത് താലൂക്ദര്‍ എന്ന യുവാവാണ് സി.പി.എം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രക്ക് പരാതി നല്‍കിയത്. ഇതിലാണ് എം.പിക്കെതിരെ പാര്‍ട്ടി അന്വേഷണം നടത്തിയത്.

മോണ്ട് ബ്‌ളാങ്ക് പേന തനിക്ക് 2014ല്‍ ആദ്യമായി രാജ്യസഭയിലത്തെിയപ്പോള്‍ മുതിര്‍ന്ന രാജ്യസഭാംഗമായ നജ്മ ഹിബത്തുല്ല സമ്മാനിച്ചതാണെന്നും ആപ്പിള്‍ വാച്ച് പാര്‍ലമെന്ററി സമിതിയില്‍ അംഗമായതിന്റെ ഭാഗമായി ലഭിച്ചതാണെന്നും എം.പി ബംഗാള്‍ ഘടകത്തിനു വിശദീകരണം നല്‍കിയിരുന്നു. സംഭവം വിവാദമായതില്‍ താന്‍ പരസ്യമായി മാപ്പുപറയുന്നതായും ഋതബ്രത സംസ്ഥാന കമ്മിറ്റിയില്‍ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ