പളളിമേടയിലെ  പീഡനം:പ്രശ്നം പുറത്ത് അറിയാതിരിക്കാൻ ഒത്താശ ചെയ്ത വൈദീകനും രണ്ട് കന്യാസ്ത്രീകളും കീഴടങ്ങി

കൊട്ടിയൂരില്‍ 16 വയസുകാരിയെ വൈദികന്‍ ബലാല്‍സംഗം ചെയ്ത് ഗർഭിണി ആക്കിയ   സംഭവത്തില്‍ ഫാദര്‍ തോമസ് തേരകവും രണ്ട് കന്യാസ്ത്രീകളും പൊലീസിനു മുമ്പില്‍ കീഴടങ്ങി.സഭയിലെ മറ്റൊരു  വൈദീകനായിരുന്ന റോബിൻ്റെ   ബലാല്‍സംഗത്തിന് ഇരയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ നടപടികക്രമങ്ങള്‍ പാലിക്കാതെ ഏറ്റെടുക്കാന്‍ സഹായിച്ചെന്ന കുറ്റമാണ്  ഇവര്‍ക്കെതിരെയുള്ളത്

കണ്ണൂര്‍ പേരാവൂര്‍ പൊലീസ് സ്‌റ്റേഷനിലാണ് മുന്‍ വയനാട് സിഡബ്ലൂസി ചെയര്‍മാനുമായ തോമസ് തേരകം, അനാഥാലയത്തിന്റെ സൂപ്രണ്ട് സിസ്റ്റര്‍ ഓഫീലിയ, സിഡബ്ലൂസി അംഗം സിസ്റ്റര്‍ ബെറ്റി എന്നിവർ കീഴടങ്ങിയത്. പുലര്‍ച്ചെ ആറ് മണിക്കാണ് ഇവര്‍ എത്തിയത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ബലാത്സംഗ വിവരവും പ്രസവവും മറച്ചുവെച്ചതിനാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ വയനാട് ശിശുക്ഷേമസമിതിക്ക് വീഴ്ചപറ്റിയതായി ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അനാഥാലയത്തിന്റെ ചുമതലയുണ്ടായിരുന്ന കന്യാസ്ത്രീകളെയും, പ്രസവ സമയത്ത് പെണ്‍കുട്ടിയുടെ ഒപ്പമുണ്ടായിരുന്ന കൊട്ടിയൂര്‍ സ്വദേശിയെയും ഇതേ തുടര്‍ന്ന് പൊലീസ് പ്രതിചേര്‍ക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ പ്രായമടക്കം രജിസ്റ്ററില്‍ തിരുത്തിയാണ് വൈദികന് അനാഥാലയവും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും ഒത്താശ ചെയ്ത് കൊടുത്തത്. കുട്ടിയെ ഏറ്റെടുക്കുമ്പോള്‍ ബന്ധപ്പെട്ട രജിസ്റ്ററില്‍ പെണ്‍കുട്ടിയുടെ പ്രായം 16 എന്നതിന് പകരം 18 എന്ന് തിരുത്തി എഴുതുകയായിരുന്നു. ഫെബ്രുവരി ഏഴാം തിയതി എത്തിച്ച കുഞ്ഞിനെ ഇരുപതിനാണ് ഹാജരാക്കുന്നത്. ഇതിലും വീഴ്ച സംഭവിച്ചു. സാമൂഹിക നീതി വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കുന്നുമുണ്ട്. മാമോദീസ രേഖയിലും എസ്എസ്എല്‍സി ബുക്കിലും പ്രായം തിരുത്തി വ്യാജരേഖ നിര്‍മ്മിച്ചതായും തിരുത്തിയ രേഖകളില്‍ സിഡബ്ലുസി ചെയര്‍മാന്‍ ഒപ്പുവെച്ചതായും പോലീസ് കണ്ടെത്തിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ