പാര്‍ട്ടിയെ മന്നാര്‍ഗുഡി മാഫിയയുടെ കൈയില്‍ ഏല്‍പ്പിച്ച് ശശികല ജയിലിലേക്ക്

മൂന്നര വര്‍ഷത്തെ ജയില്‍ വാസത്തിന് പോകുന്നതിന് മുമ്പ് എ.ഐ.എ.ഡി.എം.കെയെ കൈപിടിയില്‍ ഒതുക്കാന്‍ ശശികല മന്നാര്‍ഗുഡി മാഫിയയെ ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി ജയലളിത പുറത്താക്കിയ തന്റെ ബന്ധുക്കളെ ശശികല പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു. സുപ്രധാന സ്ഥാനങ്ങള്‍ നല്‍കിയാണ് ടി.ടി.വി ദിനകരനെയും ഡോ. വെങ്കിടേഷിനെയും എ.ഐ.എ.ഡി.എം.കെയിലേക്ക് മടക്കി കൊണ്ടുവന്നിരിക്കുന്നത്. ടി.ടി.വി ദിനകരനെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി എന്ന പുതിയ പദവിയിലേക്ക് നിയോഗിക്കുകയും ചെയ്തു.

പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ തന്റെ കൈയില്‍ തന്നെ തുടരാനാണ് ശശികലയുടെ ഈ നീക്കം. ശശികലയുടെ സഹോദരി വനിതാമണിയുടെ മകനാണ് മന്നാര്‍ഗുഡി സംഘത്തിലെ പ്രധാനിയായ ദിനകരന്‍. ജയലളിത പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയും മരണം വരെ പോയസ് ഗാര്‍ഡനില്‍ പ്രവേശനം നിഷേധിക്കുകയും ചെയ്ത ഇവരെ പാര്‍ട്ടിയിലേക്ക് മടക്കി കൊണ്ടു വന്നതില്‍ അണികള്‍ക്ക് അതൃപ്തിയുണ്ട്.  പളനിസ്വാമിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തെങ്കിലും പാര്‍ട്ടിയില്‍ അതീശത്വം തന്റെ കൈയില്‍ തന്നെ ഇരിക്കാനാണ് ശശികല ഇത്തരമൊരു നീക്കം നടത്തിയത്. നേരത്തെ ജയലളിതയുടെ മരണത്തോടെ തന്നെ ശശികലയുടെ ഭര്‍ത്താവ് നടരാജനും ചില ബന്ധുക്കളും പാര്‍ട്ടിയിലേക്കും പോയസ് ഗാര്‍ഡനിലേക്കും തിരിച്ചെത്തിയിരുന്നു. ഇപ്പോള്‍ ശശികല ജയിലില്‍ പോകുന്നതോടെ നേതൃനിരയിലെത്താനാണ് മന്നാര്‍ഗുഡി മാഫിയയുടെ ശ്രമം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ