മാന്നാനം കെ.ഇ കോളേജിനു പിന്നാലെ ഏറ്റുമാനൂര്‍ ഐ.ടി.ഐയിലും എസ്.എഫ്.ഐയുടെ അശ്ലീല പോസ്റ്റര്‍

യോനിയുടെ അശ്ലീലപദമുപയോഗിച്ചുള്ള പോസ്റ്ററിനെതിരെ പ്രതിഷേധം ശക്തമാകുന്നു

സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണ് പോസ്റ്ററെന്ന് എസ്.എഫ്.ഐ

കോട്ടയം: മാന്നാനം കെ.ഇ കോളജില്‍ സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിലുള്ള പോസ്റ്ററുകള്‍ പതിച്ച് വിവാദമുണ്ടാക്കിയ എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ സമാനമായ പോസ്റ്ററുകള്‍ ഏറ്റുമാനൂര്‍ ഐ.ടി.ഐയിലും. മാന്നാനം കെ. ഇ കോളജില്‍ വനിതാ ദിനാചരണത്തിന്റെ ഭാഗമായി പതിച്ച പോസ്റ്ററിലെ അതേ വാചകങ്ങള്‍ തന്നെയാണ് ഐ.ടി.ഐയിലെ പോസ്റ്ററിലുമുള്ളത്. ഐടിഐയിലെ എസ.്എഫ്.ഐ യൂണിറ്റ് കമ്മിറ്റിയാണ് പോസ്റ്റര്‍ പതിച്ചത്. സ്ത്രീകളുടെ ശരീരത്തിലെ അവയവങ്ങളെ ചിത്രീകരിച്ചും അശ്ലീല ഭാഷയില്‍ അടയാളപ്പെടുത്തിയുമാണ് പോസ്റ്ററുകള്‍. ക്യാംപസിലെ ചുവരുകളിലെല്ലാം ഇവ പതിച്ചിട്ടുണ്ട്.

കഴിഞ്ഞ വനിതാദിനത്തില്‍ മാന്നാനം കെ.ഇ കോളജിലെ എസ്.എഫ്. ഐ നേതൃത്വത്തിലുള്ള യൂണിയനാണ് ആദ്യമായി ഇത്തരത്തിലുള്ള പോസ്റ്റര്‍ തയ്യാറാക്കിയത്. സ്ത്രീസ്വാതന്ത്ര്യത്തിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകമായുള്ള പോസ്റ്ററുകളാണു പ്രദര്‍ശിപ്പിച്ചതെന്നാണ് എസ്.എഫ്.ഐയുടെ നിലപാട്. സ്ത്രീ ലൈംഗീകാവയവത്തിന്റെ വര്‍ണനയും, മാസമുറയുള്ള കാലയളവിലെ ക്ഷേത്രദര്‍ശനത്തെ എതിര്‍ക്കുന്നവരെ വിമര്‍ശിച്ചുമാണ് പോസ്റ്ററുകളിലെ കൂടുതല്‍ ഭാഗങ്ങളും.

സ്ത്രീ ലൈംഗീകാവയത്തിന്റെ പേരെന്ന വിധത്തില്‍ തനി നാടന്‍ വാക്കായി ഉപയോഗിക്കുന്ന പദത്തിനൊപ്പം ഇത് തെറിയല്ലെന്നും, നമ്മെ പെറ്റവഴിയാണെന്നും പോസ്റ്ററിലുണ്ട്. എന്നാല്‍ പോസ്റ്ററിനെ തുടര്‍ന്ന് അധ്യാപകരും വിദ്യാര്‍ത്ഥികളുമടക്കം കടുത്ത പ്രതിഷേധത്തിലാണ്. ഇതേ ചൊല്ലി കെ.എസ്.യു- എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ നാലുപേര്‍ക്ക് വെട്ടേറ്റിരുന്നു. കഴിഞ്ഞ നാലു ദിവസമായി കോളെജില്‍ ക്ലാസു നടക്കുന്നില്ല.

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നു പഠിക്കുന്ന കോളജില്‍ നഗ്‌നമായ സ്ത്രീശരീരത്തെ വരച്ച് അവയവങ്ങള്‍ അടയാളപ്പെടുത്തുന്ന പോസ്റ്ററുകള്‍ എന്തു സന്ദേശമാണു നല്‍കുന്നതെന്നു വരച്ചവര്‍തന്നെ വ്യക്തമാക്കണമെന്നാണ് ഇതിനെ എതിര്‍ക്കുന്നവര്‍ ചോദിക്കുന്നത്. ഈ വിവാദങ്ങള്‍ തുടരുന്നതിനിടെയാണ് ഏറ്റുമാനൂര്‍ ഐ.ടി.ഐയിലും സമാനമായ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. യൂണിവേഴ്‌സിറ്റി കോളെജിലടക്കം വിവിധ വിഷയങ്ങളില്‍ പ്രതിരോധത്തിലായ എസ്.എഫ്.ഐക്ക് പുതിയ തലവേദനയാണ് ഈ പോസ്റ്ററുകള്‍ സൃഷ്ടിച്ചിരിക്കുന്നത്.

അതേസമയം പോസ്റ്റര്‍ വിഷയത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നു മഹിളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്ത് അംഗവുമായ ഡോ. ശോഭാ സലിമോന്‍ ജില്ലാ പൊലീസ് മേധാവി എന്‍.രാമചന്ദ്രനു പരാതി നല്‍കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ