അത്യാഗ്രഹിയായ സര്‍ക്കാര്‍ ഡോക്ടര്‍ പ്രൈവറ്റ് ആശുപത്രിയില്‍ പ്രസവം എടുത്തു; രോഗി മരിച്ചു

അമ്മായിയപ്പന്റെ ആശുപത്രിയിൽ സർക്കാർ ഡോക്ടർ പ്രസവമെടുത്തു;എൻഡോസൾഫാൻ ബാധിതന്റെ ഭാര്യ ഇഹലോകവാസം വെടിഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി വാതോരാതെ സംസാരിക്കുന്നവരാണ് നമ്മൾ. എൻഡോസൾഫാൻ ദുരിതബാധിതനായ കാഴ്ചയില്ലാത്ത ചെറുപ്പക്കാരനോട് ഒരു സർക്കാർ ഡോക്ടർ കാണിച്ച കൊടും ക്രൂരതയാണ് കാസര്‍കോട് നിന്ന് കേള്‍ക്കുന്ന വാര്‍ത്ത.

കാസറഗോഡ് ചെറുവത്തൂർ പോഡാവൂർ സ്വദേശിയായ എം.അജയകുമാർ 34 വയസുള്ള പൂർണ അന്ധനായ പട്ടികജാതി വിഭാഗത്തിലുള്ള ദരിദ്ര കുംബത്തിലെ അംഗമാണ്. 2014 ജൂലൈ 6ന് മലപ്പുറം ചങ്ങരക്കളം സ്വദേശിയായ ഗീത എന്ന പാവപ്പെട്ട പെൺകുട്ടിയെ അജയൻ വിവാഹം കഴിച്ചു. ഗീത അജയനെ കൈപിടിച്ച് നടത്തി. ഇരുവരും ചേർന്ന് ഭാഗ്യക്കുറി കച്ചവടം തുടങ്ങി. ഇതിനിടയിൽ ഗീത ഗർഭവതിയായി.

കാഞ്ഞങ്ങാട് സർക്കാർ ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ.ജോസഫ് വർക്കിയെയാണ് ഗീതയെ കാണിച്ചത്. സർക്കാർ ആശുപത്രിയിലെ ഡോക്ടറായ മഹാൻ ഗീതയെ തന്റെ തന്നെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചു. സർക്കാർ ശമ്പളം പറ്റിയ ശേഷം സ്വകാര്യാശുപത്രിയിൽ ചികിത്സ നടത്തുക എന്നതാണ് അദ്ദേഹത്തിന്റെ രീതി.

കാഞ്ഞങ്ങാട്ടെ ലക്ഷ്മി മെഘൻ എന്ന സ്വകാര്യാശുപത്രിയിലാണ് ഗീതയെ ഡോക്ടർ പ്രവേശിപ്പിച്ചത് .ഡോ.വർക്കിയുടെ ഭാര്യാപിതാവ് ഡോ.ശശിധരന്റെ ഉടമസ്ഥതതയിലുള്ളതാണ് സ്വകാര്യാശുപത്രി .. 2015 ഒക്ടോബർ 20 ന് ഗീത സിസേറിയനിലൂടെ ഒരാൺകഞ്ഞിന് ജന്മമേകി.ഡോ.ജോസഫ് വർക്കിയാണ് സിസേറിയന് നേതൃത്വം നൽകിയത്. ഒപ്പം സ്വകാര്യാശുപത്രിയിലെ ഡോ.ശശികുമാറുമുണ്ടായിരുന്നു.

രണ്ട് ദിവസങ്ങൾക്ക് ശേഷം ഗീതയുടെ വയർ ക്രമാതീതമായി വീർത്തു. അപ്പോൾ ഒരു സർജറി കൂടി നടത്തി. ഒരാഴ്ചക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.വീട്ടിലെത്തിയ ശേഷം അസ്വസ്ഥതകൾ അനുഭവപ്പെടുകയും വീണ്ടും ഡോക്ടറെ കാണുകയും ചെയ്തു. മൂന്നര മാസങ്ങൾക്ക് ശേഷം 2016 ഫെബ്രുവരി 2 ന് ഗീത ക്ക് കഠിനമായ വയറുവേദന അനുഭവപ്പെട്ടു. ഗീതയും അജയനും ഡോക്ടറെ കണ്ടു. ഗീതയെ പഴയ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിക്കാൻ സർക്കാർ ഡോക്ടർ നിർദ്ദേശിച്ചു. സ്കാനിംഗ് നടത്തി. മരുന്നുകൾ നൽകി. വേദന കുറഞ്ഞില്ല. രണ്ടു ദിവസത്തിനകം വേദന മാറുമെന്ന് ഡോക്ടർ പറഞ്ഞു. വിദഗ്ദ്ധ ചികിത്സക്കായി മറ്റൊരിടത്തും കൊണ്ടു പോകേണ്ടതില്ലെന്നും പറഞ്ഞു.

എന്നാൽ ഫെബ്രുവരി 5ന് ഗീതയെ മംഗലാപുരം ആശപത്രിയിലേക്ക് അടിയന്തിരമായി എത്തിക്കാൻ നിർദ്ദേശിച്ചു. മംഗലാപുരം ഫാദർ മുള്ളേഴ്സ് ആശുപത്രിയിലെത്തിച്ച് പത്തു മിനിറ്റിനകം ഗീത മരിച്ചു.

മൃതദേഹവുമായി കാഞ്ഞങ്ങാട് സിഐ ആശുപത്രിയിലെത്തിയ ബന്ധുക്കൾ സ്വകാര്യാശുപത്രിയിൽ ചികിത്സ നടത്തുന്ന സർക്കാർ ഡോക്ടർക്കെതിരെ പരാതി നൽകി. തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ മൃതദേഹം എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയെങ്കിലും ഒന്നും സംഭവിച്ചില്ല.

ഇന്ന് 6 മാസം മാത്രമുള്ള ആൺകുഞ്ഞ് പൂർണ്ണ അന്ധതയുള്ള അജയന്റെ കൈയിലിരുന്ന് ജീവിതത്തിലേക്ക് തുറിച്ചു നോക്കുന്നു. കൂലിപണി ചെയ്താണ് അജയന്റെ പ്രായമായ അമ്മ മകനും കുഞ്ഞിനും ഭക്ഷണം നൽകുന്നത്. തെയ്യം കലാകാരൻമാരുടെ കുടുംബമാണ് അജയന്റേത്. പ്രാരാബ്ദങ്ങൾക്കിടയിലും അജയൻ ബി എ യും ബിഎഡും പാസായി. ആരോരുമില്ലാത്ത തനിക്ക് ജീവിക്കാൻ ഒരു ജോലി വേണമെന്നാണ് അജയന്റെ ആവശ്യം.

സംഭവം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷൻ കാഞ്ഞങ്ങാട് ജില്ലാ മെഡിക്കൽ ഓഫീസറോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. തീരെ ലാഘവത്തോടെയാണ് ഡിഎംഒ റിപ്പോർട്ട് തയാറാക്കിയത്. ഗീതയുടെ പ്രസവ സമയത്ത് ഡോ.ജോസഫ് വർക്കി ആർജിത അവധിയിലായിരുന്നു എന്നാണ് ഡി എം ഒ യുടെ വിശദീകരണം. അതായത് അവധിയെടുത്ത് സർക്കാർ ഡോക്ടർക്ക് സ്വകാര്യാശുപത്രിയിൽ ചികിത്സക്ക് പോകാം! എന്നാൽ അജയൻ ഡോക്ടറെ കാണുന്ന സമയത്ത് അദ്ദേഹം കാഞ്ഞങ്ങാട് സർക്കാർ ആശുപത്രിയിൽ സ്വൂട്ടിയിലായിരുന്നു.

ഡോ.ശശികുമാർ യുറോ സർജനാണ്. അദ്ദേഹമാണ് പ്രസവത്തിന് നേതൃത്വം നൽകിയവരിൽ ഒരാൾ. ചികിത്സാപിഴവ് സംഭവിച്ചിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോട്ടിനെ ഉദ്ധരിച്ച് കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി. പറയുന്നു.എന്നാൽ ഒരന്വേഷണവും നടന്നില്ല. സർക്കാർ ഡോക്ടറായ വർക്കി ഇപ്പോഴും സ്വകാര്യാശുപത്രിയിൽ ചികിത്സിക്കുന്നുണ്ടാകും. അത് സംബന്ധിച്ച് ഒരന്വേഷണവും നടക്കുന്നില്ല.

ഡി എം ഒ യുടെ അന്വേഷണത്തെ മനുഷ്യാവകാശ കമ്മീഷൻ രൂക്ഷമായി വിമർശിക്കുന്നു. സർക്കാർ ആശുപത്രിയിലെ ഡോക്ടർക്ക് എങ്ങനെ സ്വകാര്യാശുപത്രിയിൽ ചികിത്സിക്കാൻ കഴിയും എന്ന കാതലായ ചോദ്യത്തിന്  ഡി എം ഒ മറുപടി നൽകിയിട്ടില്ലന്നാണ് കമ്മീഷൻ പറയുന്നത്.

സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ സ്വകാര്യാശുപത്രിയിൽ ചികിത്സിക്കാൻ പോകുന്നത് നിയന്ത്രിച്ച ഒരേയൊരു ആരോഗ്യമന്ത്രി വി.എം.സുധീരനാണ്. പിന്നീട് വന്ന ആരോഗ്യ മന്ത്രിമാരൊക്കെ ഡോക്ടർമാരുടെ ചൊല്പടിക്ക് നിന്നിട്ടേയുള്ളു. ഇല്ലെങ്കിൽ അമ്മായിയപ്പന്റെ ആശുപത്രിയിൽ പ്രസവമെടുക്കാൻ പോയ സർക്കാർ ഡോക്ടർ സർവീസിൽ കാണുമോ?

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ