ആത്മഹത്യ ചെയ്ത ദളിത് പെണ്‍കുട്ടി പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

മുരുക്കുംപുഴയില്‍ കഴിഞ്ഞ മാസം ആത്മഹത്യ ചെയ്ത ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഗര്‍ഭിണിയായിരുന്നതിന്റെയും ഗര്‍ഭം അലസിപ്പിച്ചതിന്റെയും വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ അടുത്ത ബന്ധുവായ ചിറയിന്‍കീഴ് മഞ്ചാടിമൂട്‌സ്വദേശി രാജേഷിന(30) പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഫെബ്രുവരി 23-നാണ് 16 വയസ്സുകാരിയായ പെണ്‍കുട്ടിയെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മംഗലപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരവേയാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നത്. തുടര്‍ന്ന് പൊലീസ് അസ്വാഭാവിക മരണത്തിനും പീഡനത്തിനും കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആശുപത്രി അധികൃതരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. പെണ്‍കുട്ടി മൂന്നു മാസം ഗര്‍ഭിണിയായിരുന്ന സമയത്ത് ഗര്‍ഭം അലസിയതായും തുടര്‍ന്ന് രണ്ടാഴ്ചയോളം എസ്എടി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തി. പെണ്‍കുട്ടി തയ്യല്‍ പഠിച്ചിരുന്ന കേന്ദ്രത്തിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഒരു യുവാവുമായി അവിടെ എത്താറുണ്ടായിരുന്നു എന്ന് മനസ്സിലാക്കാനായത്. തുടര്‍ന്നാണ് രാജേഷിനെ കസ്റ്റഡിയിലെടുത്തത്. രണ്ടു ദിവസം മുമ്പ് കസ്റ്റഡിയിലെടുത്ത് അന്വേഷണത്തിന് ശേഷം ഇന്നലെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ആത്മഹത്യ പ്രേരണാകുറ്റത്തിനും പോക്‌സോ നിയമപ്രകാരവും ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. വീട്ടുകാര്‍ ഇതുവരെയും ആത്മഹത്യ സംബന്ധിച്ച് കേസെടുത്ത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നത് ദുരൂഹമാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാരും ആശുപത്രി ജീവനക്കാരും വിവരങ്ങള്‍ മറച്ചുവെച്ചോ എന്നും പൊലീസ് അന്വേഷിച്ച് വരികയാണ്. ഇതിനായി പെണ്‍കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും സംഭവം സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. പത്താം ക്ലാസ് പഠനത്തിനു ശേഷം തയ്യാല്‍ പഠിക്കാന്‍ പോകുകയായിരുന്നു പെണ്‍കുട്ടി. കൂലിപ്പണിക്കാരനായ രാജേഷ് പെണ്‍കുട്ടിയുടെ വീട്ടില്‍ നിത്യസന്ദര്‍ശകനായിരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്ക് പോകുന്ന സമയത്താണഅ ഇയാള്‍ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയതെന്നാണ് സൂചന. രാജേഷിന്റെ പീഡനവും ഭീഷണിയും സഹിക്കാന്‍ കഴിയാതെയാണ് പെണ്‍കുട്ടി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസ് നിഗമനം

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ