കത്തോലിക്കാ സഭയിലെ മെത്രാന്‍മാരുടെ തമ്മിലടി; ഗ്രൂപ്പ് പോര് മൂക്കുന്നു

സര്‍ക്കാരിനെ ഉപയോഗിച്ച് നാറ്റക്കേസുകള്‍ ഒതുക്കാന്‍ ശ്രമം

ബിഷപ്പ് പൗവ്വത്തിലിനെതിരെ ചങ്ങനാശ്ശേരിയിലെ രൂപതയിലെ ഒരുപറ്റം വൈദികര്‍ – ഇദ്ദേഹം റിട്ടയര്‍ ചെയ്തിട്ടും അരമനയില്‍ താമസിക്കുന്നത് എന്തിനെന്ന് വൈദികര്‍ ചോദിക്കുന്നു

സീറോ മലബാര്‍ സിനഡില്‍ ഗ്രൂപ്പ് പോരിനെച്ചൊല്ലി കലാപം ഉണ്ടായേക്കും

-എബി ജോണ്‍-

കോട്ടയം: മാറി മാറി വരുന്ന സര്‍ക്കാരുകളോട് നല്ല ബന്ധം പുലര്‍ത്തുക എന്നത് എല്ലാകാലത്തും കത്തോലിക്കാ സഭാ നേതൃത്വം സ്വീകരിച്ചിരുന്ന ഒരു നിലപാടാണ്. എന്നിരുന്നാലും ഒരു സി.പി.എം വിരുദ്ധത എന്നും കാണാമായിരുന്നു. അതേസമയം യു.ഡി.എഫിനോടുള്ള ചായ്വ് ഏറെ പ്രസിദ്ധവുമായിരുന്നു. എന്നാല്‍ ഇതിനൊക്കെ വിപരീതമായി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സഭയും ഇടത്തോട്ട് ചായുന്നു എന്നതാണ് ഇപ്പോള്‍ സഭയിലെ ഒരു വിഭാഗത്തിന്റെ പരാതി.

ഈ മാറ്റത്തിന്റെ കാരണമായി സഭാ തലത്തില്‍ തന്നെ പറഞ്ഞു കേള്‍ക്കുന്നത് മെത്രാന്‍മാരുടെ വ്യക്തിപരമായ താല്‍പര്യങ്ങളെന്നാണ്. ഇന്ന് കേരളത്തിലെ മൂന്നു റീത്തുകളിലായി 31 രൂപതകളും അമ്പതിനോടടുത്ത് മെത്രാന്‍മാരുമുണ്ടെങ്കിലും (വിരമിച്ച മെത്രാന്‍മാര്‍ അടക്കം 100ന് മുകളിലുണ്ട്) രാഷ്ട്രീയ, സാമൂഹിക രംഗത്ത് ഇടപെടുന്നത് വളരെ ചുരുക്കം ചിലരാണ്. ഇവരുടെ നേതൃത്വത്തില്‍ ഇന്ന് മെത്രാന്‍മാര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞിരിക്കുന്നു എന്നതാണ് സത്യം. രൂപതാ ഭരണത്തില്‍ നിന്നും വിരമിച്ചെങ്കിലും ചങ്ങനാശേരിയിലെ മുന്‍ മെത്രാന്‍ ജോസഫ് പൗവ്വത്തിലിന്റെ നേതൃത്വത്തിലായിരുന്നു ഒരു കാലത്ത് സഭയുടെ രാഷ്ട്രീയ നിലപാടുകള്‍ രൂപീകരിച്ചിരുന്നത്.

എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഇതില്‍ കടുത്ത എതിര്‍പ്പുള്ള ചില ബിഷപ്പുമാര്‍ ചേര്‍ന്ന് പുതിയ നിലപാടിലേക്ക് മാറി. തിരുവനന്തപുരം മലങ്കര കത്തോലിക്കാ രൂപതയിലെ കര്‍ദിനാള്‍ ക്ലിമ്മീസ് ബാവ, കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാത്യു അറയ്ക്കല്‍, ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പെരുന്തോട്ടം, കോട്ടയം ബിഷപ്പ് മാത്യു മൂലക്കാട്ട്, എറണാകുളം അങ്കമാലി സഹായ മെത്രാന്‍മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവരായിരുന്നു പുതിയ ഗ്രൂപ്പിലെ പ്രമുഖര്‍. ഇതേസമയം തിരുവനന്തപുരം ലത്തീന്‍ അതിരൂപതാ ബിഷപ്പ് സൂസൈപാക്യത്തിന്റെ നേതൃത്വത്തില്‍ ഒരു നിശബ്ദ സംഘവും സജീവമായിരുന്നു.

കാരുണ്യത്തിന്റെ പിന്നിലെ കളികള്‍

മൂന്നു ഗ്രൂപ്പുകളും മൂന്നു അഭിപ്രായങ്ങളുമായി സജീവമായിരുന്നെങ്കിലും ഭിന്നത പുറത്തേക്ക് വ്യാപിപ്പിക്കാതെ നോക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ നവംബറിലെ കാരുണ്യ വര്‍ഷ സമാപന പരിപാടികള്‍ ഈ ഗ്രൂപ്പിസം മറനീക്കി പുറത്തെത്തിച്ചു. രാഷ്ട്രീയക്കാരെക്കാള്‍ വെല്ലുന്ന ഗ്രൂപ്പുകളി അരമനകളില്‍ നടക്കുന്നത് വിശ്വാസികള്‍ അറിഞ്ഞത് ഇങ്ങനെയാണ്. കാരുണ്യവര്‍ഷ സമാപനം ക്രൈസ്തവ സഭകള്‍ക്ക് ഏറെ വേരോട്ടമുള്ള എറണാകുളത്ത് നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ പിണറായി വിജയനെ പങ്കെടുപ്പിക്കാന്‍ പറ്റില്ല എന്നു വന്നതോടെ വേദിയും ദിവസവും മാറ്റുകയായിരുന്നു. പിണറായി വിജയനെ കണ്ട് സമ്മതം വാങ്ങിയത് ക്ലിമ്മീസ് കാതോലിക്ക ബാവയായിരുന്നു. കാഞ്ഞിരപ്പള്ളി മെത്രാന്റെ ശുപാര്‍ശയുണ്ടായിരുന്നതോടെ എല്ലാം വേഗത്തില്‍ നടന്നു. വേദിയും ഉദ്ഘാടനകനെയും തീരുമാനിക്കുമ്പോള്‍ സീനിയര്‍ കര്‍ദിനാളും സീറോ മലബാര്‍ സഭാതലവനുമായ മാര്‍.ജോര്‍ജ് ആലഞ്ചേരി റോമിലായിരുന്നു. അദ്ദേഹം ഇക്കാര്യങ്ങള്‍ ഒന്നും അറിഞ്ഞതുമില്ല. ഇതിനിടെ ആദ്യം വേദിയാകാന്‍ തീരുമാനിച്ച വിജയപുരം രൂപത പിന്‍മാറി. ഇതോടെ കോട്ടയം അതിരൂപതയും മൂലക്കാട്ട് തിരുമേനിയും വേദിക്കായി ചാടി വീണു.

എന്താണ് താല്‍പര്യം

മുഖ്യമന്ത്രി പിണറായി വിജയനെ തന്നെ മുഖ്യാതിഥിയാക്കിയതിന് പിന്നില്‍ ചില മെത്രാന്‍മാരുടെ പ്രത്യേക താല്‍പര്യം മാത്രമായിരുന്നുവെന്നാണ് അണിയറ കഥകള്‍. പിണറായി വിജയന്റെ മന്ത്രിസഭ അധികാരമേറ്റ ആദ്യ നാളുകളില്‍ ക്ലിമ്മീസ് ബാവയോട് അത്ര സുഖത്തിലല്ലായിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിന് ബാവയ്ക്ക് ക്ഷണം കിട്ടിയതുപോലും പിണറായി വിജയന്റെ മാനസ ഗുരുവായ മെത്രാച്ചന്റെ ശുപാര്‍ശയെ തുടര്‍ന്നായിരുന്നു. ഈ അടുപ്പമുണ്ടാക്കിയതിന്റെയൊക്കെ താല്‍പര്യത്തിന് പിന്നില്‍ ഒരൊറ്റ ലക്ഷ്യം മാത്രമായിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ വഴിവിട്ട് മലങ്കര സഭയ്ക്ക് പതിച്ച് നല്‍കിയ ഭൂമി കൈവിട്ടു പോകുമോ എന്ന ഭയം തന്നെ. പല രൂപതകള്‍ക്കായി 100 കണക്കിന് ഹെക്ടര്‍ ഭൂമിയാണ് സഭയ്ക്ക് നല്‍കിയത്. ഇതൊക്കെ വഴിവിട്ടാണെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. അന്വേഷണവും തുടരുകയാണ്. ബിഷപ്പ് പെരുന്തോട്ടത്തിന്റെ താല്‍പര്യം വേറെയായിരുന്നു. രൂപതയ്ക്കും, നാലു വൈദീകര്‍ക്കും എതിരെ ഉയര്‍ന്ന ചില ആരോപണങ്ങളെ തടയിടാനായിരുന്നു അദ്ദേഹത്തിന്റെ ശ്രമം. അതില്‍ ചില നാറ്റക്കേസുകളുമുണ്ട്. അഭയക്കേസിലെ നിര്‍ണായക ഘട്ടത്തിലായിരിക്കെ പ്രായമുള്ള കുന്നശ്ശേരി ബിഷപ്പിനെ കോടതിയും പോലീസ് സ്റ്റേഷനും കയറ്റേണ്ടതില്ലെന്ന് മൂലക്കാട്ട് പിതാവ് തീരുമാനിച്ചാല്‍ അത് തെറ്റാണോ എന്നായിരുന്നു ഒരു ബിഷപ്പ് പിണറായിയെ ക്ഷണിച്ചതിനെ ന്യായീകരിച്ച് സംസാരിച്ചത്.

വ്യക്തിപരമായ നേട്ടങ്ങള്‍ ലക്ഷ്യമിട്ട് ചിലര്‍

മെത്രാന്‍മാരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മാത്രം സംരക്ഷിക്കപ്പെടാന്‍ ചില വൈദീകരും സഹായ മെത്രാന്‍മാരും കൂട്ടുനിന്നതിന് ഇവര്‍ക്ക് മികച്ച പ്രതിഫലം ലഭിക്കുമെന്നാണ് അറിയുന്നത്. പിണറായി വിജയന്റെ വരവ് കലാപമുണ്ടാക്കിയ ചങ്ങനാശേരി അതിരൂപതയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പെരുന്തോട്ടത്തിന് കൂട്ടുനിന്ന ഫാ. പാലയ്ക്കലിനാണ് ഏറെ നേട്ടം. പെരുന്തോട്ടത്തിനെ ഏറെ ചോദ്യം ചെയ്ത ജോസഫ് പൗവ്വത്തിലിനെതിരെയായിരുന്നു ആരോപണങ്ങള്‍. രൂപത ഭരണത്തില്‍ നിന്ന് പിരിഞ്ഞിട്ടും പൗവ്വത്തില്‍ പള്ളി അരമനയില്‍ താമസിക്കുന്നതെന്നാണ് വികാരി ജനറാള്‍ പാലക്കലച്ചന്‍ ചോദിച്ചത്. ഈയൊരു ചോദ്യത്തിനുള്ള പ്രതിഫലം വരുന്ന ജനുവരിയില്‍ ലഭിക്കുമെന്നാണ് വാഗ്ദാനം. ചങ്ങനാശേരി രൂപതയുടെ സഹായ മെത്രാന്‍ പദവിയാണത്രേ അത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയില്ലാത്ത സാഹചര്യത്തില്‍ എല്ലാ പിന്തുണയും നല്‍കിയ എടയന്ത്രത്ത് പിതാവുമുണ്ട് സമ്മാനം. പക്ഷേ അത് എന്തെന്ന് വാഗ്ദാനം ചെയ്തവര്‍ക്കും കിട്ടുന്നയാള്‍ക്കും മാത്രമെ അറിയൂ. ഈ വിഷയങ്ങളും പ്രശ്നങ്ങളും, ആരോപണങ്ങളുമൊക്കെ പൊതുസമൂഹത്തിലേക്കും ഉയര്‍ന്നതോടെ ജനുവരിയില്‍ നടക്കുന്ന സീറോ മലബാര്‍ സിനഡില്‍ എന്തു പുകയുയരുമെന്ന് കാത്തിരുന്നു കാണണം