യു.പിയില്‍ 14 പേര്‍ ചേര്‍ന്ന് രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു (Video)

ഉത്തര്‍പ്രദേശിലെ ടണ്ട ജില്ലയില്‍ രണ്ട് പെണ്‍കുട്ടികളെ 14 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു. പീഡിപ്പിച്ചവരില്‍ ഒരാള്‍ സംഭവങ്ങളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതിനെ തുടര്‍ന്നാണ പീഡനവിവരം പുറത്തെത്തുന്നത്. സംഭവത്തെത്തുടര്‍ന്ന് ടണ്ട ജില്ലയിലെ കുവാന്‍ ഖേദയില്‍ നിന്നും ഷാഹനവാസ് ഖാദിരി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വഴിയിലൂടെ നടന്നുനീങ്ങുന്ന പെണ്‍കുട്ടികളില്‍ ഒരാളെ സംഘം ചേര്‍ന്ന് ശല്യപ്പെടുത്തുകയും, എടുത്തു പൊക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് മൂന്ന് മിനിറ്റ് നീണ്ടു നില്‍ക്കുന്ന വീഡിയോയിലുള്ളത്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടി തന്റെ സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുകയും, “നിങ്ങളുടെ വീട്ടിലും സഹോദരിമാര്‍ ഇല്ലേ?”എന്ന് ചോദിക്കുന്നതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

പൊലീസ് സംഘം നാലായി തിരിഞ്ഞ് അന്വേഷണം തുടരുകയാണ്. പീഡനത്തിന് ഇരയായ രണ്ടു പെണ്‍കുട്ടികളെയും ഇത് വരെ കണ്ടെത്താനായിട്ടില്ല. പെണ്‍കുട്ടികളെ കണ്ടെത്താന്‍ സാധിച്ചാല്‍ കുറ്റവാളികളെ തിരിച്ചറിയാന്‍ എളുപ്പത്തില്‍ സാധിക്കുമെന്ന് രാംപൂര്‍ എസ്പി നിതിന്‍ ടാഡ പറഞ്ഞു. 354 A വകുപ്പ് പ്രകാരം ലൈംഗിക അതിക്രമണത്തിനും, 354 B പ്രകാരം സ്ത്രീയെ ബലം പ്രയോഗിച്ച് വിവസ്ത്രയാക്കിയതിനും, ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജി നിയമങ്ങളുടെ പ്രസക്ത ഭാഗങ്ങളും ഉള്‍പ്പെടുത്തി പതിനാല് പേര്‍ക്കെതിരെയും പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു പിന്നാലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി ആന്റി റോമിയോ സക്വാഡ് രൂപീകരിക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് പേര് മാറ്റി ‘നാരി സുരക്ഷ ബല്‍’ എന്നാക്കുകയും ചെയ്തിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ