പരാതികള്‍ കൂട്ടത്തോടെ മുഖ്യമന്ത്രിയുടെ ഓഫീസിലേക്കയച്ച് വിജിലന്‍സ് ഡയറക്ടറുടെ വെല്ലുവിളി

മറ്റുള്ളവരെ മര്യാദ പഠിപ്പിക്കുന്ന ജേക്കബ് തോമസിന്റെ ഭൂമി ഇടപാട് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്നു.

കസേര തെറിക്കുമെന്ന് ഉറപ്പായതോടെ വിജിലന്‍സ് ആസ്ഥാനത്ത് പകര്‍പ്പെടുക്കല്‍ യജ്ഞം

-പി.എ. സക്കീര്‍ ഹുസൈന്‍-

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ കസേരയിലിരുന്ന് മറ്റുള്ളവരെ മര്യാദ പഠിപ്പിക്കാനിറങ്ങിയ ജേക്കബ് തോമസിന്റെ ഭൂമി ഇടപാടുകള്‍ പുറത്തായ സാഹചര്യത്തില്‍ കസേര സംരക്ഷിക്കാന്‍ പുതിയ സമ്മര്‍ദ്ദ തന്ത്രം. വിജിലന്‍സിന്റെ അനാവശ്യ ഇടപെടലുകള്‍ക്ക് കോടതി മൂക്കുകയറിട്ടതിന്റെ പഴുതില്‍ ലഭിച്ച പാരാതികള്‍ ഒന്നാകെ മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയാണ് ജേക്കബ് തോമസ് സര്‍ക്കാരിനെ വെല്ലുവളിക്കുന്നത്.

കോടതി ഇടപെടലിനെത്തുടര്‍ന്ന് അഴിമതി സംബന്ധിച്ച പരാതികള്‍ വകുപ്പുതലത്തില്‍ പരിശോധിച്ചശേഷം മാത്രം വിജിലന്‍സിനു നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുള്ള പ്രതികാരമെന്നോണവും താനില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന് വരുത്തിത്തീര്‍ക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് പരാതിക്കെട്ടുകള്‍ ഇപ്പോള്‍ ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരിക്കുന്നതെന്നാണ് സൂചന.

പരാതികളൊക്കെ ഏതെങ്കിലും ഐഎഎസ് ഉദ്യോഗസ്ഥനെക്കൊണ്ടു പരിശോധിപ്പിച്ച് എന്ത് നടപടി സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ടുള്ള കുറിപ്പും പരാതിക്കെട്ടിനൊപ്പം കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ വിജിലന്‍സ് ഡയറക്ടറേറ്റില്‍ തപാലിലും ഇമെയിലിലും ലഭിച്ച 62 പരാതികളാണ് ജേക്കബ് തോമസ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോയ്ക്ക് അയച്ചിരിക്കുന്നത്. ഹൈക്കോടതി വിജിലന്‍സിന്റെ അതിരുവിട്ട നടപടികളെ രൂക്ഷമായി വിമര്‍ശിക്കുകയും കേരളത്തില്‍ വിജിലന്‍സ്രാജ് ആണോയെന്നു ചോദിക്കുകയും ചെയ്തപ്പോഴും പരാതികള്‍ സ്വീകരിക്കില്ലെന്ന ബോര്‍ഡ് വിജിലന്‍സ് ആസ്ഥാനത്ത് സ്ഥാപിച്ചുകൊണ്ട് ജേക്കബ് തോമസ് സര്‍ക്കാരിനെ വെല്ലുവിളിച്ചിരുന്നു.

ഇതിനിടെ ജേക്കബ് തോമസിന്റെ മറ്റൊരു ഭൂമിയിടപാട് സംബന്ധിച്ച് വിവരം കൂടി പുറത്തായതോടെ ഇതുവരെ അദ്ദേഹത്തെ സംരക്ഷിച്ചിരുന്ന സര്‍ക്കാരും സമ്മര്‍ദ്ദത്തിലായിട്ടുണ്ട്. തമിഴ്‌നാട്ടിലെ രാജപാളയത്ത് 50 ഏക്കര്‍ ഭൂമി ജേക്കബ് തോമസ് വാങ്ങിയെന്നും ഇതു സ്വത്തു വിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നതുമാണ് പുതിയ വിവാദം.

രണ്ടു ഘട്ടമായി 33 പേരില്‍ നിന്നാണ് 2001ല്‍ ജേക്കബ് തോമസ് ഭൂമി വാങ്ങിക്കൂട്ടിയത്. 2002, 2003 വര്‍ഷങ്ങളില്‍ അദ്ദേഹം സര്‍ക്കാരിനു നല്‍കിയ സ്വത്തുവിവര സത്യവാങ്മൂലത്തില്‍ ഇതുണ്ട്. ഭൂമി ഭാര്യ ഡെയ്‌സിയുടെ പേരിലാണെന്നും വില നാലു ലക്ഷം രൂപയാണെന്നുമാണ് 2003ല്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നത്. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇതു രേഖപ്പെടുത്തിയിട്ടേയില്ല. അതേസമയം ഭൂമി ഇപ്പോഴും അദ്ദേഹത്തിന്റെ പേരിലാണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്.

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ അഖിലേന്ത്യാ സര്‍വീസ് കോണ്‍ടക്ട് റൂള്‍സ് 16 (2) പ്രകാരം സ്വത്തുവിവരം നിര്‍ബന്ധമായും വെളിപ്പെടുത്തണം. റജിസ്‌ട്രേഷന്‍ രേഖകളില്‍ കൊച്ചിയിലെ ഇസ്ര അഗ്രോടെക് എന്ന കമ്പനിയുടെ വിലാസത്തിലാണു ജേക്കബ് തോമസിന്റെ തമിഴ്‌നാട്ടിലെ ഭൂമി ഇടപാട്. അതേ വിലാസത്തില്‍ ഒരു ടൂര്‍ ഓപ്പറേറ്ററുടെ ഓഫിസുമുണ്ട്.

റജിസ്‌ട്രേഷന്‍ രേഖകള്‍ പ്രകാരം ജേക്കബ് തോമസ് അഗ്രോടെക് കമ്പനി ഡയറക്ടറാണ്. എന്നാല്‍, കമ്പനി കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച രേഖകളില്‍ ബേബി തോമസ്, ലെവിന്‍ തോമസ് എന്നിവരാണു ഡയറക്ടര്‍മാര്‍. സര്‍ക്കാര്‍ അനുമതിയില്ലാതെ സ്വകാര്യ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥര്‍ പദവി വഹിക്കരുതെന്നും ചട്ടമുണ്ട്.

ഏറ്റവും ഒടുവിലായി ജേക്കബ് തോമസ് സര്‍ക്കാരിനു സമര്‍പ്പിച്ച സ്വത്തുവിവര രേഖപ്രകാരം അദ്ദേഹത്തിനു 37.95 കോടിയുടെ ആസ്തിയുണ്ട്. കര്‍ണാടകയിലെ കുടകില്‍ ഭാര്യയുടെ പേരിലുള്ള 151 ഏക്കര്‍ ഭൂമിയുടെ കാര്യവും ഇതില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ഈ ഭൂമി വനം വകുപ്പിന്റേതാണെന്നും ഒഴിയണമെന്നും കര്‍ണാടക വനം വകുപ്പ് നോട്ടിസ് നല്‍കിയത് ഈയിടെ വിവാദമുയര്‍ത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ തമിഴ്‌നാട്ടിലെ ഭൂമിയിടപാടും.

പുതിയ വിവാദം കൂടി പുറത്തുവന്നതോടെ വിജിലന്‍സ് ഡയറക്ടറുടെ കസേര നഷ്ടമാകുമെന്ന് ഉറപ്പായ ജേക്കബ് തോമസ് സി.പി.എം നേതാക്കള്‍ക്കെതിരായ കേസുകളിലെ സുപ്രധാധ രേഖകളുടെ പകര്‍പ്പെടുക്കല്‍ ആരംഭിച്ചതായി വിവരമുണ്ട്. ഇതിനായി വിശ്വസ്തരായ രണ്ട് പൊലീസുകാരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ