സംസ്ഥാന ടൂറിസം അവാര്‍ഡിനെതിരെ വി.എസ്

-നിയാസ് കരീം-

തിരുവനന്തപുരം: നിയമവിരുദ്ധമായി കെട്ടിടനിര്‍മ്മാണം നടത്തി പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ക്ക് സംസ്ഥാന ടൂറിസം അവാര്‍ഡ് നല്‍കിയതിനെതിരെ വി.എസ്. അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച ടൂറിസം അവാര്‍ഡ് വിതരണത്തില്‍ ആലപ്പുഴയിലെ മാരാരി ബീച്ച് ഹോട്ടലിനും കൊച്ചിയിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിനും അവാര്‍ഡ് കിട്ടിയിരുന്നു.

ഈ രണ്ട് വന്‍കിട ഹോട്ടലുകളും അനധികൃത നിര്‍മ്മാണം നടത്തിയവരാണ്. ഇവര്‍ക്കെതിരെ താന്‍ പരാതിയും നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാരിന്റെ അവാര്‍ഡ് നല്‍കുന്നത് അവരുടെ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളപൂശാനുള്ള അവസരമായി ഉപയോഗിക്കുമെന്ന് വി.എസ് തന്റെ പ്രസ്താവനയില്‍ പറഞ്ഞു. ഇതിനിടെ സംസ്ഥാന ടൂറിസം വകുപ്പില്‍ വര്‍ഷങ്ങളായി നടന്നുവരുന്ന അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി വരികയാണ്.

നിയമവിരുദ്ധമായ ഒട്ടേറെ കാര്യങ്ങള്‍ ടൂറിസം പ്രമോഷന്റെ മറവില്‍ നടക്കുന്നതായി പരക്കെ ആക്ഷേപമുണ്ട്. ടൂറിസം വകുപ്പിന്റെ അവാര്‍ഡിനെ മഹത്വവത്കരിച്ചുകൊണ്ട് ചില മാധ്യമങ്ങളില്‍ സ്ഥിരമായി വാര്‍ത്തകള്‍ വരുന്നതും വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടതായി അറിയുന്നു.

പെയ്ഡ് ന്യൂസിന്റെ പേരില്‍ ആരോപണം നേരിടുന്ന ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിലാണ് സ്ഥിരമായി ടൂറിസം വകുപ്പിലെ ഉന്നതരെ വാഴ്ത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെടുന്നത്. ക്രിയേറ്റീവ് വിജിലന്‍സിന്റെ ഭാഗമായി ടൂറിസം വകുപ്പിലെ ഉന്നതരമായി അവിശുദ്ധ ബന്ധം സൂക്ഷിക്കുന്ന മാധ്യമ പ്രവര്‍ത്തകരെയും സ്ഥാപനങ്ങളെയും കുറിച്ചുള്ള വിവരങ്ങളും വിജിലന്‍സിന്റെ രഹസ്യാന്വേഷണ വിഭാഗം ശേഖരിക്കുന്നതായി അറിയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ