യു.പി തെരഞ്ഞെടുപ്പില്‍ മുസ്ലീം വോട്ടുകള്‍ എവിടെ ?

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമതവിഭാഗമായ മുസ്ലിംകള്‍ ആര്‍ക്കു വോട്ട്ചെയ്തുവെന്ന് കണ്ടെത്താനാണ് ഇപ്പോള്‍ രാഷ്ട്രീയ നിരീക്ഷകള്‍ ശ്രമിക്കുന്നത്.

403 സീറ്റില്‍ ഒരിടത്തു പോലും മുസ്ലിം സ്ഥാനാര്‍ഥികളെ നിര്‍ത്താത്ത ബി.ജെ.പിക്ക് മുസ്ലിംകള്‍ വോട്ട്ചെയ്തെന്നുള്ള പ്രചാരണം പലരും തള്ളിയിട്ടുണ്ട്. സംസ്ഥാന ജനസംഖ്യയില്‍ 19 ശതമാനം മുസ്ലിംകളാണ്.

ഇവര്‍ക്ക് 120- 130 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിക്കാനുള്ള ശക്തിയുമുണ്ട്. ഒരു ഏജന്‍സി നടത്തിയ സര്‍വേയില്‍ 55 ശതമാനം മുസ്ലിംവോട്ടുകള്‍ കോണ്‍ഗ്രസ്- എസ്.പിസഖ്യത്തിനും 36 ശതമാനം ബി.എസ്.പിക്കും ലഭിക്കുമെന്നാണ് അഭിപ്രായപ്പെട്ടിരുന്നത്. രണ്ടുശതമാനം മുസ്്ലിംകള്‍ മാത്രമാണ് ബി.ജെ.പിക്കു വോട്ട്ചെയ്യുകയെന്നും സര്‍വേയില്‍ പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ മുസ്ലിം വോട്ടുകള്‍ ബി.ജെ.പിക്കു ലഭിച്ചെന്ന സൂചനയില്ലെന്നും മുത്വലാഖ് വിഷയം ഉയര്‍ത്തിയതിന് മുസ്്ലിം സ്ത്രീകള്‍ ബി.ജെ.പിക്ക് വോട്ട്ചെയ്തെന്നുമുള്ള പ്രചാരണം ശരിയല്ലെന്നും മാധ്യമപ്രവര്‍ത്തകന്‍ ബിലാല്‍ സൈദി പറഞ്ഞു.

സമുദായ വോട്ടുകള്‍ ഭിന്നിക്കാതിരിക്കാന്‍ മുസ്ലിം സാമൂഹിക പ്രവര്‍ത്തകര്‍ ആഹ്വാനംചെയ്തിരുന്നു. ബി.എസ്.പിക്കോ അല്ലെങ്കില്‍ കോണ്‍ഗ്രസ്- എസ്.പി സഖ്യത്തിനോ ആയിരുന്നു യു.പിയിലെ മുസ്്ലിംകളുടെ പിന്തുണ.

തങ്ങളുടെ വോട്ടുകള്‍ പലവഴിക്ക് പോകാതിരിക്കാനായി മുസ്ലിംകള്‍ കാണിച്ച സൂക്ഷ്മതയാണ് പീസ് പാര്‍ട്ടി, മജ്ലിസുല്‍ ഇത്തിഹാദുല്‍ മുസ്്ലിമീന്‍, ഉലമാ കൗണ്‍സില്‍ എന്നീ കക്ഷികള്‍ക്ക് വേണ്ടത്ര വോട്ട് ലഭിക്കാതിരുന്നതെന്നും ചൂണ്ടിക്കാണിക്കുന്നു. 72 ശതമാനത്തോളം മുസ്ലിംകളുള്ള ദയൂബന്ദ് പോലുള്ള മണ്ഡലത്തില്‍ മികച്ച ഭൂരിപക്ഷത്തോടെയാണ് ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ജയിച്ചത്.

മുസ്്ലിംകള്‍ നിര്‍ണായക ഭൂരിപക്ഷമായ മുസഫര്‍ നഗര്‍ ജില്ലയിലെ ആറുമണ്ഡലങ്ങളിലും ബി.ജെ.പിയാണ് വിജയിച്ചത്. 30- 35 ശതമാനം മുസ്ലിംകളെങ്കിലും പാര്‍ട്ടിക്ക് വോട്ട്ചെയ്തുവെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ