‘കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല’; ആരോപണം തെറ്റെന്ന് പിയുഷ് ഗോയല്‍

    തിരുവനന്തപുരം: ഝാന്‍സിയില്‍ കന്യാസ്ത്രീകള്‍ ട്രെയിനില്‍ വച്ച് ആക്രമിക്കപ്പെട്ടെന്നത് വെറും ആരോപണം മാത്രമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പിയുഷ് ഗോയല്‍. പരാതിയുടെ അടിസ്ഥാനത്തില്‍ കന്യാസ്ത്രീകളുടെ രേഖകള്‍ പരിശോധിച്ചിരുന്നു. എന്നാല്‍, യാത്രക്കാര്‍ ആരാണെന്ന് വ്യക്തമായപ്പോള്‍ അവരെ യാത്ര തുടരാന്‍ അനുവദിച്ചു. എബിവിപി പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നത് തെറ്റായ ആരോപണമെന്നും മുഖ്യമന്ത്രി ഇക്കാര്യത്തില്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും പിയുഷ് ഗോയല്‍ പറഞ്ഞു.

    എന്നാല്‍ ഝാന്‍സിയില്‍കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടിട്ടില്ല കന്യാസ്ത്രീകളെ അധിക്ഷേപിച്ചത് എബിവിപി പ്രവര്‍ത്തകരെന്നായിരുന്നു റെയില്‍വേ സൂപ്രണ്ടിന്റെ വെളിപ്പെടുത്തല്‍. ഋഷികേശിലെ സ്റ്റഡി ക്യാംപ് കഴിഞ്ഞ് മടങ്ങിയ എബിവിപി പ്രവര്‍ത്തകരാണ് അധിക്ഷേപത്തിന് പിന്നിലെന്നാണ് റെയില്‍വേ സൂപ്രണ്ട് വ്യക്തമാക്കിയത്. കന്യാസ്ത്രീകള്‍ക്ക് എതിരെ ഇവര്‍ ഉന്നയിച്ച മതപരിവര്‍ത്തനമെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും സൂപ്രണ്ട് പറഞ്ഞിരുന്നു.

    ട്രെയിന്‍ യാത്രയ്ക്കിടെ ഝാന്‍സിയില്‍ വച്ചാണ് മതമാറ്റ ശ്രമം ആരോപിച്ച് തിരുഹൃദയ സഭയിലെ നാല് കന്യാസ്ത്രീകള്‍ക്ക് നേരെ ഈ മാസം അതിക്രമം നടന്നത്. സന്യാസ പഠനം നടത്തുന്ന ഒഡീഷ സ്വദേശികളായ രണ്ടു പേരെ വീട്ടിലെത്തിക്കാനുള്ള യാത്രയ്ക്കിടെയാണ് കയ്യേറ്റശ്രമം നടന്നക്. വിദ്യാര്‍ത്ഥികളായതിനാല്‍ ഒപ്പമുള്ള രണ്ടുപേര്‍ സഭാ വസ്ത്രം ധരിച്ചിരുന്നില്ല. ഇവരെ മതം മാറ്റാന്‍ കൊണ്ടുപോകുകയാണ് എന്നാരോപിച്ചായിരുന്നു ആക്രമണം.