വി അരവിന്ദിന് ഇന്റിവുഡ് പ്രൊഫഷണല്‍ എക്സലന്‍സ് അവാര്‍ഡ്

അരവിന്ദ്.വി

മാധ്യമരംഗത്തെ  ‘പ്രൊഫഷണൽ എക്സലൻസ് അവാർഡുകൾ ‘ വിതരണം ചെയ്തു 

മാധ്യമരംഗത്തെ പ്രവർത്തന മികവിന് ഇൻഡിവുഡ് മീഡിയ ഏർപ്പെടുത്തിയ ‘പ്രൊഫഷണൽ എക്സലൻസ് അവാർഡ്’ ഫ്‌ളവേഴ്‌സ് ടി വി ട്വൻറി ഫോർ ന്യൂസ് എഡിറ്റർ  അരവിന്ദ്.വിക്ക് ലഭിച്ചു. മാധ്യമ രംഗത്തെ നിരവധിപേരെ ചടങ്ങിൽ ആദരിച്ചു. ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡിന് മാതൃഭൂമിയിലെ  പ്രേംചന്ദ്, ദൂരദർശനിലെ രാജേന്ദ്രൻ പിള്ള എന്നിവർ അർഹരായി.  കൊച്ചിയിൽ ഐ എം സി ഹാളിൽ  നടന്ന ചടങ്ങിൽ കെ വി തോമസ് എം പി  അവാർഡ് ജേതാക്കളെ ആദരിച്ചു.  ഡയാന സിൽവസ്റ്റർ (ഏഷ്യാനെറ്റ്) , ബ്രൈറ്റ് സാം (ജീവൻ) , സജീവ് വേലായുധൻ (മനോരമ) , അഞ്ജന ജോർജ്ജ് (ടൈംസ് ഓഫ് ഇന്ത്യ), മിഥുൻ രമേഷ്  (ഹിറ്റ് എഫ് എം), ദീപക് ധർമടം (അമൃത) തുടങ്ങി നിരവധി മാധ്യമ പ്രവർത്തകർ വിവിധ വിഭാഗങ്ങളിലായി  പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി.

Aravind V bags Indywood Professional Excellence Award

ചടങ്ങിൽ  സോഹൻ റോയ് , സംവിധായകൻ ബോബൻ സാമുവൽ , ബേബി മാത്യു സോമതീരം , ഹൈബി ഈഡൻ എം എൽ എ, നിർമാതാവ് വിജയ് ബാബു തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.

ഇപ്പോൾ ഫ്‌ളവേഴ്‌സ് ടി വി ഗ്രൂപ്പിന്റെ  ട്വന്റി ഫോർ ന്യൂസ് എഡിറ്റർ ആയ അരവിന്ദ് വി നിരവധി ടെലിവിഷൻ പരിപാടികളിലൂടെ ശ്രദ്ധേയനാണ്. വാർത്താധിഷ്ഠിത പരിപാടികളായ ‘അണിയറ , വിചാരണ, കൈരളിയിൽ സംപ്രേക്ഷണം ചെയ്തിരുന്ന സാക്ഷി , ഉത്തരം , ഓർമ്മ എന്നിവയുടെ സംവിധായകൻ ആയിരുന്നു.  യുവാക്കളുടെ പ്രിയപ്പെട്ട  റോസ്‌ബൗൾ ചാനലിന്റെ ആദ്യ അണിയറ പ്രവർത്തകരിൽ ഒരാളായിരുന്നു അരവിന്ദ്.  ഇൻഡ്യാവിഷൻ , ഏഷ്യാനെറ്റ് ,  എ സി വി , എൻ ടി വി തുടങ്ങി നിരവധി  മലയാള ടെലിവിഷൻ ചാനലുകളിൽ പ്രവർത്തിച്ചു. അമേരിക്കൻ മലയാളികൾക്ക് സുപരിചിതമായ ബോം ടി വിയുടെ  എം സി എൻ ചാനലിന്റെ കണ്ടന്റ് ഹെഡ്ഡും വാർത്താ വിഭാഗം തലവനുമായിരുന്നു.

ഡിജിറ്റൽ മാധ്യമ രംഗത്ത് ശ്രദ്ധേയനാണ് അരവിന്ദ്. ഡെയിലിറിപ്പോർട്ട്സിന്റെ ചീഫ് എഡിറ്റർ  ആയിരുന്നു. മുൻനിരയിലുള്ള നിരവധി ഓൺലൈൻ പോർട്ടലുകളുടെ രൂപകൽപ്പന നിർവഹിച്ചതും ഇദ്ദേഹമാണ്. ഫേസ്ബുക്, യൂ ട്യൂബ് അടക്കമുള്ള സാമൂഹ്യ മാധ്യമങ്ങളെ വാർത്തയുടെ ലോകത്ത് ഫലപ്രദമായി വിനിയോഗിക്കുന്നതിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്. 18 വർഷമായി  മാധ്യമ രംഗത്തെ സാന്നിധ്യമാണ് ഇദ്ദേഹം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ