നിസാമുദ്ദീന്‍ സമ്മേളനം; ഒളിവിലുള്ളവര്‍ക്കെതിരെ നരഹത്യാ കുറ്റം ചുമത്തുമെന്ന് അസം സര്‍ക്കാര്‍

ഗുവാഹത്തി ഡല്‍ഹി നിസാമുദ്ദിനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെയാണ് രാജ്യത്തെ രോഗബാധിതരുടെ എണ്ണം ഉയരാന്‍ ഇടയായത്. ഇപ്പോഴിതാ നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തശേഷം നാട്ടിലെത്തിയ തബ്ലീഗ് പ്രവര്‍ത്തകര്‍ സ്വമേധയാ വൈദ്യപരിശോധനയ്ക്ക് മുന്നോട്ടു വന്നില്ലെങ്കില്‍ ശിക്ഷാര്‍ഹമായ നരഹത്യാ കുറ്റം ചുമത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് അസം സര്‍ക്കാര്‍.

കഴിഞ്ഞ മാസം നിസാമുദ്ദീനിലെ മര്‍കസ് ആസ്ഥാനത്ത് നടന്ന തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ചൊവ്വാഴ്ച രാവിലെ 6 മണിയോടെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും അതല്ല എങ്കില്‍ കര്‍ശനമായ ക്രിമിനല്‍ കുറ്റങ്ങള്‍ നേരിടേണ്ടിവരുമെന്നും സര്‍ക്കാര്‍ അന്ത്യശാസനം നല്‍കിയിരുന്നു.

അതേസമയം സമ്മേളനത്തില്‍ പങ്കെടുത്തവരെ കണ്ടെത്താനായി സര്‍ക്കാര്‍ തീവ്രശ്രമം തുടരുകയാണെങ്കിലും പലരും അധികൃതരുമായി ബന്ധപ്പെടാന്‍ ഇതുവരെ തയാറായിട്ടില്ല.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയില്‍നിന്നുള്ള ആറ് തബ് ലീഗ് ജാമാഅത്ത് പ്രവര്‍ത്തകരെ ദരാങ് ജില്ലയില്‍ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സമ്മേളനവുമായി നേരിട്ടു ബന്ധപ്പെട്ട 80 പേര്‍ക്കു വേണ്ടിയാണ് തിരച്ചില്‍ നടക്കുന്നത്. ഇവരുമായി ബന്ധപ്പെട്ട 380 പേരെയും കണ്ടെത്താനുണ്ട്. ഇതിനായി സ്പെഷല്‍ സെല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 26 കോവിഡ് -19 പോസിറ്റീവ് കേസുകളില്‍ ഇരുപത്തിയഞ്ച് പേര്‍ മര്‍കസ് നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്തവരോ പങ്കെടുത്തവരുമായി ബന്ധപ്പെട്ടവരോ ആണ്.

ഇതുവരെ, സെല്‍ഫോണ്‍ ടവര്‍ ട്രേസിംഗ് ഉപയോഗിച്ച്, നിസാമുദ്ദീനില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തതോ അവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടതോ ആയ 800 ഓളം പേരെ സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ 30 പേര്‍ ഒളിവിലാണെന്നു പൊലീസ് അറിയിച്ചു.