ഭര്‍ത്താവിന് വേറെയും അഞ്ച് ഭാര്യമാര്‍; ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച് ഭാര്യ

    സൂററ്റ്: തന്നെ കൂടാതെ ഭര്‍ത്താവിന് വേറെയും അഞ്ച് ഭാര്യമാരുണ്ടെന്ന് കണ്ടെത്തിയതോടെ ലൈംഗിക ബന്ധത്തിന് വിസമ്മതിച്ച് ഭാര്യ. ഗുജറാത്തിലെ സൂററ്റിലാണ് സംഭവം. ഭര്‍ത്താവുമായി 21 വയസ്സിന്റെ പ്രായവ്യത്യാസമാണ് യുവതിക്കുള്ളത്.

    എന്നാല്‍ ഭാര്യ കടമകള്‍ നിറവേറ്റുന്നില്ലെന്ന കാരണം പറഞ്ഞ് ഏഴാമത്തെ വിവാഹത്തിന് ഒരുങ്ങുകയാണ് ഭര്‍ത്താവ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അയൂബ് ദേഗിയ എന്നയാള്‍ ആറാമത് വിവാഹം കഴിച്ചത്. വിവാഹശേഷമാണ് ഭര്‍ത്താവിന് വേറേയും അഞ്ച് ഭാര്യമാരുണ്ടെന്ന കാര്യം യുവതി അറിയുന്നത്.

    ഇതോടെ ഇയാള്‍ക്കൊപ്പം ജീവിക്കാനാകില്ലെന്ന് യുവതി വ്യക്തമാക്കി. തന്നെ കബളിപ്പിച്ചാണ് വിവാഹം ചെയ്തതെന്നും വേറെയും ഭാര്യമാരുള്ള കാര്യം മറച്ചുവെച്ചുവെന്നും യുവതി പറയുന്നു. എന്നാല്‍ ആറാം ഭാര്യ ദാമ്പത്യത്തിന് തയ്യാറാകത്തതോടെ ഏഴാമതും വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ് അയൂബ് ദേഗിയ. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ താന്‍ പുതിയ വധുവിനെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും അറുപത്തിമൂന്ന് വയസ്സുള്ള ദേഗിയ പറയുന്നു.

    ഇക്കഴിഞ്ഞ ഡിസംബറില്‍ ദേഗിയയുമായുള്ള ബന്ധം യുവതി വേര്‍പിരിഞ്ഞു. ഇതിനു മുമ്പു തന്നെ ദേഗിയയ്‌ക്കൊപ്പം കിടക്ക പങ്കിടാന്‍ യുവതി തയ്യാറായിരുന്നില്ല. താനൊരു ഹൃദ്രോഗിയാണെന്നും ഡയബറ്റിസും മറ്റ് അസുഖങ്ങളുണ്ടെന്നും പറയുന്ന ദേഗിയ തനിക്കൊപ്പം ദാമ്പത്യ ജീവിതത്തിന് തയ്യാറുള്ള സ്ത്രീയെയാണ് ഭാര്യയായി വേണ്ടതെന്ന് വാദിക്കുന്നു.

    യുവതി ഉപേക്ഷിച്ചു പോയതിന് പിന്നാലെ ദേഗിയ മറ്റൊരു സ്ത്രീക്കൊപ്പം ജീവിക്കാന്‍ തുടങ്ങിയിരുന്നു. ദേഗിയയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് യുവതി. സെക്ഷന്‍ 498 എ പ്രകാരം പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. സൂററ്റിലെ കല്‍പേത്ത സ്വദേശിയായ ദേഗിയ കര്‍ഷകനാണ്.