തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധി കടുത്ത സാഹചര്യത്തില്‍ കേന്ദ്രസഹായം അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. വെന്റിലേറ്റര്‍ അടക്കമുള്ള സഹായം ആവശ്യപ്പെട്ടാണ് നരേന്ദ്ര മോദിക്ക് കത്തിയച്ചിരിക്കുന്നത്. 50 ലക്ഷം ഡോസ് കോവിഷീല്‍ഡ് വാക്‌സീനും 25 ലക്ഷം കോവാക്‌സീനും 500 മെട്രിക് ടണ്‍ ലിക്വിഡ് മെഡിക്കല്‍ ഓക്‌സിജനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് സര്‍ക്കാര്‍ മേഖലയില്‍ കൊവിഡ് ചികില്‍സയ്ക്കായി മാറ്റിയ ഐസിയുകളും വെന്റിലേറ്ററുകളും നിറഞ്ഞ സ്ഥിതിയാണുള്ളത്. സ്വകാര്യ മേഖലയിലാകട്ടെ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞു. ഇനി രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടിയാല്‍ തീവ്ര പരിചരണം പാളും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡ് ചികില്‍സയ്ക്കായി ആകെയുള്ള 161 ഐസിയു കിടക്കകളിലും ഇപ്പോള്‍ രോഗികളുണ്ട്. 138 വെന്റിലേറ്ററുകളില്‍ 4 എണ്ണം മാത്രം ഒഴിഞ്ഞു കിടക്കുന്നു. 429 ഓക്‌സിജന്‍ കിടക്കകളില്‍ 90 ശതമാനവും നിറഞ്ഞു. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ആകെയുള്ള 52 ഐസിയു കിടക്കകളിലും രോഗികളുണ്ട്. 38 വെന്റിലേറ്ററുകളില്‍ 26 എണ്ണത്തില്‍ രോഗികള്‍. 60 ഓക്‌സിജന്‍ കിടക്കകളില്‍ 54 ലും രോഗികള്‍. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ 36 ഐസിയു കിടക്കകളില്‍ ഏഴ് എണ്ണം മാത്രമാണ് ഒഴിഞ്ഞുകിടക്കുന്നത്. 40 വെന്റിലേറ്ററുകളില്‍ 31ലും രോഗികള്‍. 200 ഓക്‌സിജന്‍ കിടക്കകളില്‍ രോഗികളില്ലാത്തത് 22 എണ്ണത്തില്‍ . ആലപ്പുഴയിലും സ്ഥിതി വ്യത്യസ്തമല്ല. 76 ഐസിയു കിടക്കകളില്‍ 34 എണ്ണത്തില്‍ രോഗികള്‍. വെന്റിലേറ്ററുകളില്‍ 11പേര്‍. 138 ഓക്‌സിജന്‍ കിടക്കകളും നിറഞ്ഞു. ജില്ലാ ജനറല്‍ ആശുപത്രികളിലുള്ള ഐസിയു വെന്റിലേറ്ററുകളുടെ എണ്ണം വളരെ കുറവാണ്. ഇതിലും നിറയെ രോഗികളുണ്ട്.

    ന്യൂഡല്‍ഹി: ഓക്‌സിജന്‍ പ്രതിസന്ധിയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മികച്ച രീതിയിലാണു പ്രവര്‍ത്തിക്കുന്നത്, അതിനാല്‍ കോടതിയലക്ഷ്യത്തില്‍ ഉദ്യോഗസ്ഥരെ ജയിലിലിടുന്നത് നിരര്‍ഥകമാണ്- ഡല്‍ഹി ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടികള്‍ സ്റ്റേ ചെയ്തുകൊണ്ട് സുപ്രീം കോടതി പറഞ്ഞ വാക്കുകളാണിത്. ഡല്‍ഹിയിലെ ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ കോടതിയലക്ഷ്യ നടപടികള്‍ക്ക് സുപ്രീം കോടതിയുടെ സ്റ്റേ. കോടതി ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഡല്‍ഹി ഹൈക്കോടതി നടപടിക്കെതിരെ കേന്ദ്രസര്‍ക്കാരാണു സുപ്രീം കോടതിയെ സമീപിച്ചത്.

    ഡല്‍ഹിക്ക് 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള ‘സമഗ്രമായ പദ്ധതി’ നാളെ രാവിലെ തന്നെ കോടതിയെ അറിയിക്കാനും സുപ്രീം കോടതി കേന്ദ്രത്തോടു നിര്‍ദേശിച്ചു. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്, എം.ആര്‍. ഷാ എന്നിവരടങ്ങിയ ബെഞ്ച് ‘മുംബൈ മാതൃക’യില്‍ ഡല്‍ഹിക്ക് ഓക്‌സിജന്‍ ഉറപ്പാക്കാന്‍ ശ്രമിക്കാനും നിര്‍ദേശിച്ചു. അതേസമയം ഓക്‌സിജന്‍ സാഹചര്യം നിരീക്ഷിക്കുന്നതില്‍ ഹൈക്കോടതിയെ തടയാനാകില്ലെന്നും സുപ്രീം കോടതി പ്രതികരിച്ചു. ഉദ്യോഗസ്ഥരെ ശിക്ഷിച്ചതു കൊണ്ടു ഡല്‍ഹിക്ക് ഓക്‌സിജന്‍ ലഭിക്കില്ല. ഡല്‍ഹിക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിന് സമഗ്രമായ പ്ലാന്‍ നാളെ രാവിലെ 10.30ന് തന്നെ സമര്‍പ്പിക്കണം. ഞങ്ങള്‍ക്ക് കോടതിയലക്ഷ്യ നടപടി ആവശ്യമില്ല. പ്രവര്‍ത്തനമാണ് ആവശ്യം- സുപ്രീം കോടതി വ്യക്തമാക്കി.

    500 ടണ്‍ ഓക്‌സിജന്‍കൊണ്ടു ഡല്‍ഹിയിലെ കാര്യങ്ങള്‍ നോക്കാമെന്നു കേന്ദ്രസര്‍ക്കാര്‍ പറഞ്ഞപ്പോള്‍ കേന്ദ്ര ഉത്തരവില്‍ 700 ടണ്‍ ഉള്ളകാര്യം കോടതി ചൂണ്ടിക്കാട്ടി. ഡല്‍ഹിക്ക് ഇപ്പോള്‍ ലഭിക്കുന്ന 550 ടണ്‍ കൊണ്ടു പ്രശ്‌നം അവസാനിക്കില്ലെന്നും കോടതി പ്രതികരിച്ചു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മികച്ച രീതിയിലാണു പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്രം കോടതിയില്‍ ബോധിപ്പിച്ചു. കോവിഡ് മഹാമാരിക്കാലത്തായിട്ടു പോലും ഇന്ത്യ ഓക്‌സിജന്‍ കപ്പാസിറ്റി 5,000 മെട്രിക് ടണ്ണില്‍നിന്ന് 9000 ടണ്‍ ആയി ഉയര്‍ത്തിയതായി കേന്ദ്രം വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങള്‍ക്കും ഇതെങ്ങനെ ലഭ്യമാക്കാമെന്നതാണ് ഇപ്പോഴത്തെ ചോദ്യം. രാജ്യത്താകെ നടപ്പാക്കാന്‍ സാധിക്കുന്ന ഒരു ഫോര്‍മുല വിദഗ്ധരുടെ സഹായത്തോടെ നടപ്പാക്കി. ഇതു പ്രകാരം ഡല്‍ഹിക്ക് 480 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കിയെന്നും കേന്ദ്രം പ്രതികരിച്ചു.

    അതേസമയം ഓരോ സംസ്ഥാനങ്ങളിലും ഓരോ സമയത്താണു രോഗം വ്യാപിക്കുന്നതെന്നും രാജ്യത്താകെ പൊതുവായൊരു മാര്‍ഗം പ്രയോഗിക്കാന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് പ്രതികരിച്ചു. ഇക്കാര്യത്തില്‍ ജനങ്ങള്‍ ഉത്കണ്ഠയിലാണ്. മുംൈബയിലേതുപോലെ ബഫര്‍ സ്റ്റോക്കുകള്‍ നിര്‍മിക്കണം. മുംബൈയില്‍ ചെയ്യാമെങ്കില്‍ ഡല്‍ഹിയിലും അതു സാധിക്കും- ചന്ദ്രചൂഢ് പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രാലയും ചീഫ് സെക്രട്ടറിയും ഇക്കാര്യത്തില്‍ മുംബൈ മുനിസിപ്പല്‍ കമ്മിഷണറുമായി ചര്‍ച്ച നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിനായി കേന്ദ്രത്തിനും ഡല്‍ഹിക്കും കോടതി മൂന്നു ദിവസത്തെ സമയം അനുവദിച്ചു.