പുന്നത്തൂര്‍ കോട്ടയുടെ കിരീടം വെയ്ക്കാത്ത രാജാവ്

ഗുരുവായൂര്‍ ക്ഷേത്രത്തിനു ഏകദേശം മൂന്നു കിലോമീറ്റര്‍ വടക്കുഭാഗത്തായാണ് പുന്നത്തൂര്‍ കോട്ട. ഇവിടെയാണ് പ്രസിദ്ധമായ ഗുരുവായൂര്‍ ആനത്താവളം. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് വഴിപാടായി കിട്ടുന്ന ആനകളെയാണ് ഇവിടെ സംരക്ഷിക്കുന്നത്. കേരളത്തിലെ ആനകളിലെ ഇതിഹാസം മണ്മറഞ്ഞ ഗജരാജന്‍ ഗുരുവായൂര്‍ കേശവനും, ഇപ്പോള്‍ പുന്നത്തൂര്‍ കോട്ടയുടെ കാരണവരായ ഗജരത്‌നം ഗുരുവായൂര്‍ പത്മനാഭനും ശേഷം പുന്നത്തൂര്‍ കോട്ടയുടെ കിരീടം വെയ്ക്കാത്ത രാജാവാകുന്ന ആദ്യ ഉത്തരേന്ത്യയ്ക്കാരനാണ് വലിയ കേശവന്‍. ഗജതമ്പുരാക്കന്‍മാരായ ഗുരുവായൂര്‍ കേശവന്റേയും ഗുരുവായൂര്‍ പത്മനാഭന്റേയുമൊക്കെ പ്രൗഢിയും അന്തസ്സും കാത്തുസൂക്ഷിക്കുന്ന കൊമ്പനാണ് വലിയ കേശവന്‍.

ഹീറോ പ്രസാദ് എന്ന ബീഹാര്‍ ആനയെ കൊടുവട്ടൂര്‍ സ്വാമി എന്ന നാരായണയ്യരാണ് കേരളത്തിലേക്ക് കൊണ്ട് വരുന്നത്.അവിടെ നിന്നും മനിശ്ശേരി ഹരിയിലെത്തി ആന. നല്ല ഭാവിയുള്ള ആനയാണ് ഹരിയുടെ കൈവശം ഉള്ളത് എന്ന് തിരച്ചറിഞ്ഞു ധാരാളം ആവശ്യക്കാര്‍ ആനയെ തേടി എത്തി. ക്രാങ്ങാട് നമ്പൂതിരിയും തിരുവമ്പാടി ദേശക്കാരുമെല്ലാം അവരില്‍ ചിലരാണ്. തിരുവമ്പാടി തട്ടകത്തിന്റെ സ്വന്തമായി തൃശൂര്‍ പൂരത്തിന് തിരുവമ്പാടിയുടെ നെടുനായകത്വം വഹിക്കാന്‍ വരെ ഒരിക്കല്‍ അവന്‍ പരിഗണിക്കപ്പെട്ടു. എന്നാല്‍ വിധി മറ്റൊന്നായിരുന്നു.ഇതേ കാലയളവില്‍ തന്നെയാണ് നല്ലൊരാനയെ തേടി ഗുരുവായൂര്‍ കീഴ്ശാന്തിയും ആന ഉടമയും ആയ നാകേരിമന വാസുദേവന്‍ നമ്പൂതിരി അന്വേഷണങ്ങള്‍ നടത്തുന്നത് .

മനിശ്ശേരി ഹരിയുടെ കൈവശമുള്ള കൊമ്പനെ നന്നേ ബോധിച്ച അദ്ദേഹം ഹരി പറഞ്ഞ മോഹവില നല്‍കി ആ കൊമ്പനെ സ്വന്തമാക്കി. തന്റെ ആനകളുടെ കൂട്ടത്തിലേക്ക് നല്ലൊരു ആനച്ചന്തം കൂടി എത്തിയതില്‍ സന്തുഷ്ടനായിരുന്നു നമ്പൂതിരി. അങ്ങനെ നമ്മുടെ കഥാനായകന്‍ ഹീറോ പ്രസാദ് നാകേരിമന അയ്യപ്പന്‍കുട്ടിയായി മാറി. നാകേരി അയ്യപ്പന്‍ കുട്ടിയെ ഇന്നത്തെ ഗുരുവായൂര്‍ വലിയ കേശവനാക്കി മാറ്റിയതില്‍ പ്രശസ്ത ആനക്കാരനായിരുന്ന പെരാമംഗലം ശങ്കരന്‍ നായര്‍ക്ക്‌ വലിയ പങ്കുണ്ട്. ഗുരുവായൂര്‍ ദേവസ്വത്തില്‍ നിന്ന് റിട്ടയര്‍ ചെയ്ത അദ്ദേഹത്തെ നാകേരി തിരുമേനി സ്വന്തം ആനകളെ പരിപാലിക്കാനായി ക്ഷണിക്കുകയായിരുന്നു. ആനയുടെ ഇന്നത്തെ പല ശീലങ്ങളും ഉണ്ടാക്കിയെടുത്തത് ശങ്കരന്‍ നായരാണു. അങ്ങനെയിരിക്കെ ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ഒരാനയെ നടയിരുത്താനായി തീരുമാനിച്ച നാകേരി തിരുമേനി അതിനായി തന്റെ ആനകളില്‍ ഒന്നിനെ നിശ്ചയിക്കുകയും ചെയ്തു. എന്നാല്‍ നടയിരുത്താന്‍ നിശ്ചയിച്ചുറപ്പിച്ച ദിവസം നേരത്തേ നടയിരുത്താനായി പരിഗണിച്ചിരുന്ന കൊമ്പനെ നടയിരുത്താന്‍ കഴിയാതെ വരുകയും. ഒരു നറുക്കെടുപ്പിലൂടെ നാകേരി തിരുമേനിയുടെ ആനകളില്‍ നിന്ന് അയ്യപ്പപ്പന്‍കുട്ടിയെ നടയിരുത്താന്‍ തീരുമാനമാവുകയും ചെയ്തു. അങ്ങനെ 2000 മെയ് 9ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടയിരുത്തുകയും ചെയ്തു. നടയിരുത്തുന്ന അവസരത്തില്‍ നാകേരിമന അയ്യപ്പന്‍കുട്ടി എന്ന പേര് മാറ്റുകയും പകരം ‘കേശവന്‍’ എന്ന് പുനര്‍ നാമകരണം നടത്തുകയും ചെയ്തു. അങ്ങനെ ഗുരുവായൂര്‍ ദേവസ്വം ഗജസമ്പത്തിലേയ്ക്ക് അന്‍പതാമനായി കേശവന്‍ കടന്നു വന്നു. നടയിരുത്തുമ്പോള്‍ തന്നെ വലിയ ആന എന്ന പ്രൗഢി കേശവനോടൊപ്പമുണ്ടായിരുന്നു. നടയിരുത്തുമ്പോള്‍ ഇവനോടൊപ്പമുണ്ടായിരുന്ന മണി എന്ന ചട്ടക്കാരനും കേശവന്റെ ജീവിതത്തതില്‍ നിര്‍ണായക സ്വാധീനം ചെലുത്തി.

10 അടിയ്ക്ക് മുകളിലുള്ള ഉയരവും, 18 വെളുത്ത നഖങ്ങളും, നല്ല അയഞ്ഞ തുമ്പിയും, നീളമുള്ള വാലും, കരീവീട്ടിയുടെ നിറവും, കീറലില്ലാത്ത മനോഹരമായ ചെവികളും, നല്ല നടയമരങ്ങളും, ഇളം മഞ്ഞക്കണ്ണുകളും വലിയ കേശവന്റെ സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്നു. വലിയ കേശവന്റെ സ്വഭാവ സവിശേഷതകളെ പറ്റിയുള്ള കഥകള്‍ അനവധിയാണ്. അതിലൊന്ന് ഇവിടെ ചേര്‍ക്കാം. നാകേരിമന അയ്യപ്പന്‍കുട്ടിയായിരുന്ന കാലഘട്ടം. മണിയായിരുന്നു വലിയ കേശവന്റെ ചട്ടം. ഒരിക്കല്‍ വലിയ കേശവനെ വീട്ടില്‍ നിര്‍ത്തി അദ്ദേഹവും ഭാര്യയും കൂടി പുറത്തെവിടെയോ പോയി. അദ്ദേഹത്തിന്റെ കുട്ടികളും വീട്ടിലുണ്ടായിരുന്നു. തിരിച്ചുവരുമ്പോള്‍ അദ്ദേഹം കാണുന്നത് കുട്ടികളുമായി കളിക്കുന്ന അയ്യപ്പന്‍ കുട്ടിയെയാണ്. തന്നോടൊപ്പം കളിക്കാനും തന്റെ പുറത്തു കയറാന്‍ കുട്ടികള്‍ക്ക് കഴിയും വിധം സഹായങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്യുന്ന അയ്യപ്പന്‍കുട്ടിയാനയെ അതായത് നമ്മുടെ ഗുരുവായൂര്‍ വലിയ കേശവനെ. അങ്ങനെയാണ് ഈ ആനപ്പിറവി സ്‌നേഹത്തോടെ പെരുമാറേണ്ട സ്ഥലത്തു അനഗ്‌നെ ചെയ്യാനും, ഗൗരവം കാത്ത് സൂഷിക്കേണ്ട സമയത്ത് അങ്ങനെ ആവാനുമുള്ള ഔന്നിത്യബോധമുള്ള ആനപ്പിറവി. അഴകും ആരോഗ്യവും ഔന്നത്യവും സത്സ്വഭാവവും ഒത്തുചേരുന്നുവെന്നതാണ് വലിയ കേശവന്റെ ഏറ്റുവും വലിയ പ്രത്യേകത

ഗുരുവായൂര്‍ ക്ഷേത്രച്ചടങ്ങുകളില്‍ ചിട്ടയോടെ ഭംഗിയായി പങ്കെടുക്കുന്ന കൊമ്പനാണ് വലിയ കേശവന്‍. ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണക്കോലം ഏറ്റുവാന്‍ കഴിയുന്ന ആനപ്പിറവി എന്നത് കൊണ്ട് തന്നെ ആ കരുതലും സ്‌നേഹവും ഇവന് എല്ലായിടത്തും നിന്നും ലഭിക്കുന്നു. 2018 ചെമ്പൂച്ചിറ മഹാദേവക്ഷേത്രത്തിലെ പൂരത്തിന് കിഴക്കുമുറി സമുദായ കമ്മിറ്റി 2,26,001 രൂപ എന്ന റെക്കോര്‍ഡ് ഏക്കത്തുകയാണ് (എഴുന്നള്ളിപ്പ് തുക)വലിയ കേശവന് നല്‍കുവാന്‍ തയ്യാറായത്. വലിയ കേശവനെ തേടിയെത്തിയിട്ടുള്ള അംഗീകാരങ്ങളും അനവധിയാണ് ഗജകുലഛത്രാധിപതി, സാമജസാമ്രാട്ട്, ഗജരത്‌നം, ഗജസാമ്രാട്ട്, ഗജരാജ ചക്രവര്‍ത്തി, ഗജകേസരി, മലയാള മാതംഗം അങ്ങനെ അംഗീകാരങ്ങള്‍ ഏറെയുണ്ടെങ്കിലും പുന്നത്തൂര്‍ കോട്ടയുടെ മണ്മറഞ്ഞ കാരണവര്‍ ‘ഗജരാജന്‍’ ഗുരുവായൂര്‍ കേശവന്‍ അനുസ്മരണ ചടങ്ങില്‍ വെച്ച് 2017 ല്‍ ഗുരുവായൂര്‍ വലിയ കേശവന് സമ്മാനിച്ച ‘ഗജരാജന്‍’ പട്ടം വേറിട്ട് നില്‍ക്കുന്നു. തന്റെ പ്രൗഢി എപ്പോഴും കാത്തുസൂക്ഷിക്കാന്‍ ശ്രദ്ധിക്കുന്ന കൊമ്പനാണ് ഗുരുവായൂര്‍ വലിയ കേശവന്‍. പുന്നത്തൂര്‍ കോട്ടയിലെ ആനക്കാരില്‍ പുതിയ തലമുറയിലെ നല്ലൊരു ചട്ടക്കാരനായ സുനീഷ് ആണ് ഇവന്റെ ഒന്നാം പാപ്പാന്‍. വേണുവും ഹരിക്കുട്ടനുമാണ് രണ്ടും മൂന്നും പാപ്പാന്മാര്‍.