മഹസ്സർ (കവിത -സുഭാഷ് പോണോളി)

ആലയിലെ തീയിൽ നമ്മൾ തുന്നിയ
മുറിവുണക്കുകയാണ് കാലം.

അടർന്നുവീണ
മാംസബാക്കിയുടെ യരികിലൊരു
ചുവന്നപ്പൂവ്
ഉണങ്ങി കിടക്കുന്നു.

ഭൂമിയിൽ പിറക്കാതെ പോയ കോടാനുകോടി കുഞ്ഞുങ്ങളുടെ
ദീനരോദനം മാതൃത്വത്തെ
ചുഴലിതിന്ന
കടലാക്കുന്നു.

വിശപ്പിന്റെ
മൃഗീയത
പങ്കുവെയ്ക്കുന്നുണ്ട് വയറ്റിനന്തരാളങ്ങൾ.

കോടി പുതയ്ക്കാതെ വിടപറഞ്ഞവന്റെ
ചിത കനൽ തിന്നു തീർക്കുന്നു.

അടഞ്ഞുപോയ മിഴിയുടെ വാതിലിൽ
കാക്ക
ബലി ബാക്കി തേടി പറക്കുന്നു.

നിഴൽകൂത്തുപാവകൾ നിർത്താതെ ചിരിക്കുന്നു.

അന്യം നിന്ന പ്രണയ ചിതൽ നോക്കി മുറിഞ്ഞുപോയോ
രാത്മഹത്യാ കയർ
മനസ്സിന്റെ മഹസ്സറിൽ ചേർത്തെഴുതുന്നു ബാക്കി ജീവിതം.

വഴി വിളക്കിനു മുന്നിൽ
ഇരുട്ടു ചിറകൊടിഞ്ഞു മൗനിയാകുന്നു.

വരയ്ക്കാതെ പോയ ക്യാൻവാസുകളിൽ
വിളറിയ വേനൽ ശൈത്യ ചിത്രങ്ങൾ
കോറുന്നു.

പെരുമഴക്കാലത്തിലെ ചിറകടിയ്ക്കായ് കാത്തിരിക്കുന്നുണ്ട് രാത്രികൾ.

പതഞ്ഞു പൊന്തുന്ന വീഞ്ഞുപാത്രത്തിൽ
ലഹരിയുടെ പക്ഷികൾ പറന്നു വീഴുന്നു.

പ്രകാശത്തിന്റെ
വേരിലെ ചിന്തയുടെ നൂലിഴകളിൽ,
നക്ഷത്രങ്ങളെ കോർത്തു
കെട്ടുന്നാരോ,

എന്റെ പിളർന്ന
തലയോട്ടി
തുന്നിക്കെട്ടാൻ…

സുഭാഷ് പോണോളി