ഇവിടെ നമ്മൾ മാത്രം (കവിത- ജസിയ ഷാജഹാൻ)

ഇവിടെ നമ്മൾ മാത്രം!
ജനാലച്ചില്ലുകളിളക്കി
കാറ്റ് ഉന്മാദനൃത്തമാടുന്ന
ചില രാത്രികളിൽ
കൈകൾ കോർത്ത് പിടിച്ച് കണ്ണിലെ കൃഷ്ണമണികൾ
പുറത്തേക്ക് തള്ളി
പല്ലുകൾ കൂട്ടിയടിച്ച്
നിലത്തൂന്നാൻ വേദന
തിന്നുന്ന കാലുകളെ
ബലം പിടിച്ചു നമ്മൾ
ഭയം ചുമക്കാറുണ്ട്.

നിശ്ശബ്ദത വിഴുങ്ങു
ന്ന ചില യാമങ്ങളിൽ
അസ്വസ്ഥമായ ശരീര
സ്ഥിതികളെ നെഞ്ചി
ലേറ്റി
ഉറക്കറയുടെ
വാതിൽക്കൽ മരണമണിയുടെ മുഴക്കം കേട്ടു ഞെട്ടിയുണർന്നു
അന്യോന്യം ഉടലുകളെ തപ്പി നമ്മൾ ഇരുട്ടിലേക്ക്
കണ്ണുമിഴിക്കാറുണ്ട്.

സങ്കടങ്ങളെ കൊല്ലാൻ തക്ക വലിപ്പമെത്താത്ത വാക്കുകളെ ഉള്ളകത്ത് കരയാൻ വിട്ട് കണ്ണുകളൊളിപ്പിച്ച്
മുഖങ്ങളെ തമ്മിൽ കൂട്ടിമുട്ടിക്കാതെ
പലപ്പോഴും നമ്മൾ
മുടിഞ്ഞ മൗന മുറിവുകളിൽ നിന്ന്
ചോരയൂറ്റിക്കുടിച്ച്
ആത്മനിന്ദയിൽ
എരിഞ്ഞുകത്തിയിട്ടുണ്ട്

ഒരു വിളിപ്പാടകലെ
ഒറ്റുകാരുടെ മന്ത്രണങ്ങൾ കേട്ട്
നിലവിളികളടക്കി
ഒറ്റ ശവപ്പെട്ടിയിൽ
നമ്മളുണർന്നിരുന്ന്
സ്വപ്നങ്ങൾ കാണുന്നു…
നിശ്ചലമായ ശവപ്പെട്ടി യുടെ അടയാളം
ചിതലുകൾ മായ്ക്കുംവരെ.