വെള്ളേപ്പവും ട്രാൻസിസ്റ്ററും പിന്നെ ചന്ദ്രയാനും (ദീപ സോമൻ)

ദീപാ സോമൻ
വളരെപ്പണ്ട്
ഭാസിച്ചേട്ടൻ്റെ ചായപ്പീടിക
അല്പമിളകിയാടുന്ന നീണ്ട ബെഞ്ച്
തറയിലെത്താത്ത കാൽപാദങ്ങളാട്ടിയിരിപ്പ്
ചരിവൊരൽപം മുഴച്ച നിൽക്കുന്ന
ഡസ്ക്
അരികിലമ്മേടച്ഛൻ

വിരിപ്പിനു പുറത്ത് ഞാലിപ്പൂവൻ്റെ ഇല
ഇലയിൽ ലെയ്സ് ഓരമിട്ട ചേലുള്ളവെള്ളേപ്പം
അതിനു നടുവിലെ നിറവിൽ കുതിർന്ന
പഞ്ചാര മുത്തുമണിത്തിളക്കം

നാവിലെ രസതന്തുക്കളുണർന്നിട്ടും
ഈണമൊഴുകിയെത്തുന്ന പെട്ടിയിലാണ് കണ്ണ്.
ഭാസിയേട്ടൻ്റെ പീടികയിലെ അതിശയപ്പെട്ടി
ഉച്ചിയിലെ നീണ്ട കമ്പി
ചിലപ്പോളത് ചാഞ്ഞുറങ്ങും.
നോട്ടത്തിൻ്റെ തുമ്പത്തെ വിശേഷത്തിൻ്റെ പേര്
അമ്മേടച്ഛൻ കാതിലോതി
ട്രാൻസിസ്റ്റർ
അപ്പം മുറിക്കാൻ മറന്ന വിരലിന്നുടമയ്ക്ക് നൂറ് സംശയം
ആറുവയസ്സുകാരിക്ക് അസ്വസ്ഥത
എല്ലാരൂടെ എങ്ങനാ കൊച്ചു പെട്ടീല്
പാട്ടുണ്ട് പറച്ചിലുണ്ട് ആണുണ്ട് പെണ്ണുണ്ട്
എല്ലാരൂടെ എങ്ങനാ കൊച്ചു പെട്ടീല്.

ഇന്ന് കാലത്ത് അനന്തിരവൻ
അഞ്ചു വയസ്സുകാരൻ്റെ കയ്യിലെൻ്റെ ഫോൺ
അവൻ്റെ കണ്ണുകളിൽ ചിരി
ഫ്ലൈറ്റ് റഡാറിൽ തെളിയുന്ന ആകാശക്കപ്പലിൻ്റെ ആൾട്ടിറ്റ്യൂഡും സ്പീഡും ചെക്ക്ഡ്
ഫോൺ പിടിച്ചു വാങ്ങിയപ്പോ ചന്ദ്രയാൻ ദൗത്യം
ചന്ദ്രൻ്റെ പുത്തൻ ഫോട്ടോ
മനസ്സിൽ വീണ്ടും ഭാസിയേട്ടൻ്റെ കടയിലെ വെള്ളേപ്പം
നിറയെ കുണ്ടും കുഴീമുള്ള വെള്ളേപ്പം
എന്നാലും എല്ലാരൂടെ എങ്ങനാ കൊച്ചു പെട്ടീല്
ആറുവയസ്സുകാരിയുടെ അന്ധാളിപ്പ്
പുഞ്ചിരിയായി ചുണ്ടിൽ വിടർന്നു.