തെരഞ്ഞെടുപ്പിലൂടെ രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക്

ഹൈദരാബാദ്: പാര്‍ട്ടി തെരഞ്ഞെടുപ്പിലൂടെ രാഹുല്‍ ഗാന്ധിഎ.ഐ.സി.സി പ്രസിഡന്റാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് വീരപ്പമൊയ്‌ലി. രാഹുല്‍ ഗാന്ധി പ്രസിഡന്റാവാന്‍ തയ്യാറാണെന്ന് അടുത്തിടെ അറിയിച്ചിരുന്നു.
രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ പുതിയ ദിശയിലേക്ക് നയിക്കാന്‍ കഴിവുള്ള നേതാവാണെന്നും അദ്ദേഹം നേതൃസ്ഥാനത്തേക്ക് എത്രയും വേഗം വരേണ്ടത് പാര്‍ട്ടിക്കും രാജ്യത്തിനും അനിവാര്യമാണെന്നും വീരപ്പമൊയ്‌ലി കൂട്ടിച്ചേര്‍ത്തു.
നേതൃത്വത്തിലേക്കുള്ള രാഹുലിന്റെ കടന്നുവരവ് ഇപ്പോള്‍ തന്നെ വൈകിയിരിക്കുന്നുവെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരം. ഇനി അദ്ദേഹത്തിന് പാര്‍ട്ടി തെരഞ്ഞെടുപ്പിന്റെ ആവശ്യം മാത്രമേയുള്ളു തല്‍സ്ഥാനത്തേക്കെന്നും പാര്‍ട്ടി തെരഞ്ഞെടുപ്പ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മൊയ്‌ലി പറഞ്ഞു.

ഓരോ സംസ്ഥാനത്തെയും പ്രശ്‌നങ്ങളും പരിഹാരങ്ങളും കണ്ടെത്താനും അതിന് വേണ്ട രാഷ്ട്രീയ നീക്കങ്ങള്‍ക്കായും 2019 പാര്‍ലമെന്ററ് തെരഞ്ഞെടുപ്പിനു വേണ്ടിയുമുള്ള നയങ്ങള്‍ രൂപപ്പെടുത്താനും രാഹുല്‍ ഗാന്ധിക്ക് പുതിയ പദ്ധതികളുണ്ട്. പൊതുജനസമ്മതനായ നേതാവെന്ന നിലയിലും പാര്‍ട്ടിയുടെ അവിഭാജ്യഘടകമെന്ന നിലയിലും പ്രവര്‍ത്തിക്കുന്ന രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റായി വരുന്നത് പാര്‍ട്ടിക്കു വളരെയധികം ഊര്‍ജം നല്‍കും.
എന്‍.ഡി.എ സര്‍ക്കാരിന്റെ ജനദ്രോഹപരമായ ഭരണത്തിനെതിരെ ജനങ്ങള്‍ക്കിടയിലുള്ള ശക്തമായ പ്രതിഷേധം അടുത്തുനടക്കുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ പ്രകടമാകും. വ്യക്തമായ ഭൂരിപക്ഷത്തോടെ കോണ്‍ഗ്രസ് അധികാരത്തിലെത്തും.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെല്ലാം മറന്ന് ജനങ്ങളെ ദ്രോഹിച്ചുകൊണ്ട് നടത്തുന്ന മോദിയുടെ ഭരണത്തിന് വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ജനം തിരിച്ചടി കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രത്തിലെ ഏറ്റവും മോശമായ അവസ്ഥയിലൂടെയാണ് ഇന്ത്യ ഇന്ന് കടന്ന് പോകുന്നതെന്നും 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ജനങ്ങള്‍ ബിജെപി സര്‍ക്കാരിനെ തൂത്തെറിയുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.